‘നസ്‌ലൻ ആവശ്യപ്പെട്ട പ്രതിഫലത്തുക കേട്ട് അണിയറപ്രവർത്തകർ ഞെട്ടി’; പ്രേമലു 2 ഉപേക്ഷിക്കാൻ കാരണം വെളിപ്പെടുത്തി ആലപ്പി അഷ്റഫ്
രണ്ടാം ഭാഗത്തിന്റെ തിരക്കഥയിലുള്ള അതൃപ്തി മൂലമാണ് നസ്‌ലൻ ചിത്രത്തിൽ നിന്ന് പിന്മാറിയതെന്ന തരത്തിലുള്ള സോഷ്യൽ മീഡിയ ചർച്ചകളെ ആലപ്പി അഷ്റഫ് തള്ളി

കൊച്ചി: ബോക്സ് ഓഫീസിൽ ചരിത്രവിജയം നേടിയ 'പ്രേമലു'വിന്റെ രണ്ടാം ഭാഗം ഉപേക്ഷിച്ചതിന് പിന്നിലെ യഥാർത്ഥ കാരണം നടൻ നസ്‌ലൻ ആവശ്യപ്പെട്ട ഭീമമായ പ്രതിഫലമാണെന്ന് സംവിധായകനും ചലച്ചിത്ര പ്രവർത്തകനുമായ ആലപ്പി അഷ്റഫ്. ചിത്രത്തിന്റെ നിർമ്മാതാക്കളിലൊരാളായ ദിലീഷ് പോത്തൻ രണ്ടാം ഭാഗം ഉപേക്ഷിച്ചതായി നേരത്തെ വെളിപ്പെടുത്തിയിരുന്നുവെങ്കിലും ഇതിന്റെ കാരണം വ്യക്തമാക്കിയിരുന്നില്ല. ഇതിനിടയിലാണ് നിർമ്മാണ കമ്പനിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ആലപ്പി അഷ്റഫ് തന്റെ യുട്യൂബ് ചാനലിലൂടെ നിർണായക വിവരങ്ങൾ പങ്കുവെച്ചത്.
രണ്ടാം ഭാഗത്തിന്റെ തിരക്കഥയിലുള്ള അതൃപ്തി മൂലമാണ് നസ്‌ലൻ ചിത്രത്തിൽ നിന്ന് പിന്മാറിയതെന്ന തരത്തിലുള്ള സോഷ്യൽ മീഡിയ ചർച്ചകളെ ആലപ്പി അഷ്റഫ് തള്ളി. തിരക്കഥയെ നസ്‌ലൻ കുറ്റപ്പെടുത്തിയിട്ടില്ലെന്നും അഭിനയിക്കാൻ തയ്യാറായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാൽ, നസ്‌ലൻ ആവശ്യപ്പെട്ട പ്രതിഫലത്തുക കേട്ട് അണിയറപ്രവർത്തകർ ഞെട്ടിപ്പോയി എന്നാണ് അറിയാൻ കഴിഞ്ഞതെന്ന് അദ്ദേഹം പറയുന്നു. രണ്ടാം ഭാഗത്തിൽ താൻ അവിഭാജ്യ ഘടകമാണെന്ന ബോധ്യത്തിൽ നിന്നാകാം താരം വലിയ തുക ആവശ്യപ്പെട്ടതെന്നും ഇത് നിർമ്മാതാക്കളെയും സംവിധായകനെയും പ്രതിസന്ധിയിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ സംവിധായകൻ ഗിരീഷ് എ.ഡി ഒരു അഭിമുഖത്തിൽ, ‘ചിലർക്ക് അവരുടെ കാര്യങ്ങളാണ് നടക്കേണ്ടത്. അവരുടെ കാര്യം നടക്കണമെങ്കിൽ അവർ വേറെ പോകട്ടെ’ എന്ന് പ്രതികരിച്ചത് ഈ പ്രതിഫല തർക്കത്തെ തുടർന്നാകാമെന്നും ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടുന്നു.
മുൻപ് 'ഇൻ ഹരിഹർ നഗർ' രണ്ടാം ഭാഗം ഒരുക്കിയപ്പോൾ സംവിധായകരുമായി വ്യക്തിപരമായ അകൽച്ചയുണ്ടായിട്ടും പ്രോജക്റ്റുമായി സഹകരിച്ച മുകേഷിന്റെ സിനിമയോടുള്ള പ്രതിബദ്ധത മാതൃകയാക്കണമെന്നും ആലപ്പി അഷ്റഫ് ഓർമ്മിപ്പിച്ചു. തന്നെ കൈപിടിച്ചുയർത്തിയ സംവിധായകനോടും നിർമ്മാണ കമ്പനിയോടും പ്രതിബദ്ധത കാണിച്ച്, പ്രതിഫലത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചകൾ വരുത്തി ഒരു പുനർചിന്തനത്തിന് നസ്‌ലൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ ഭാവനാ സ്റ്റുഡിയോസ് നിർമ്മിച്ച് 150 കോടിയോളം ആഗോള കളക്ഷൻ നേടിയ ചിത്രമാണ് 'പ്രേമലു'. വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരുന്ന രണ്ടാം ഭാഗമാണ് ഇപ്പോൾ അനിശ്ചിതത്വത്തിലായിരിക്കുന്നത്.
Adjust Story Font
16

