ലജൻഡിൽ നായികയാകാൻ ശരവണൻ ഓഫർ ചെയ്തത് കോടികൾ; വഴങ്ങാതെ നയൻതാര

നയന്‍സിന് പകരം ബോളിവുഡ് താരം ഉർവശി റൗട്ടേലയാണ് ചിത്രത്തിൽ ശരവണന്റെ നായികയായി എത്തിയത്

MediaOne Logo

Web Desk

  • Updated:

    2022-08-04 08:33:50.0

Published:

2 Aug 2022 1:50 PM GMT

ലജൻഡിൽ നായികയാകാൻ ശരവണൻ ഓഫർ ചെയ്തത് കോടികൾ; വഴങ്ങാതെ നയൻതാര
X

ശരവണ സ്‌റ്റോഴ്‌സ് ഉടമ ശരവണൻ അരുളിന്റെ ആദ്യ ചിത്രം ദി ലജൻഡിൽ നായികയാകാൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയ്ക്ക് മുമ്പിൽ വച്ചത് കോടികളുടെ ഓഫറെന്ന് റിപ്പോർട്ട്. എന്നാൽ ചിത്രത്തിൽനിന്ന് നയൻസ് പിന്മാറുകയായിരുന്നു എന്ന് തമിഴ് വിനോദ മാധ്യമങ്ങൾ പറയുന്നു. ബോളിവുഡ് താരം ഉർവശി റൗട്ടേലയാണ് ചിത്രത്തിൽ ശരവണന്റെ നായികയായി എത്തിയത്.

20 കോടി രൂപയാണ് ഉർവശിക്ക് പ്രതിഫലമായി നൽകിയത് എന്നാണ് റിപ്പോർട്ട്. സിനിമയിലേക്ക് കാസ്റ്റ് ചെയ്യുന്നതിന്റെ ഭാഗമായി ലജൻഡ്‌സ് ടീം നയൻസിനെ കാണുകയും വമ്പൻ തുക പ്രതിഫലമായി ഓഫർ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ നയൻതാര അഭിനയിക്കാൻ താത്പര്യം പ്രകടിപ്പിച്ചില്ല. ഇതോടെയാണ് അണിയറ പ്രവർത്തകർ ഉർവശിയെ സമീപിച്ചത്. അതേസമയം, ഉർവശിക്ക് 20 കോടി പ്രതിഫലം ലഭിച്ചെന്ന റിപ്പോർട്ടുകൾ നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നിഷേധിച്ചിട്ടുണ്ട്.

ലോകത്താകെ 2500 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. തമിഴ്‌നാട്ടിലെ 650 അടക്കം ഇന്ത്യയിൽ 1200 തിയേറ്ററുകളിലാണ് ചിത്രമെത്തിയത്. മൂന്നു ദിവസത്തിനുള്ളിൽ 11 കോടി രൂപയാണ് ചിത്രം നേടിയത്. ന്യൂ ശരവണ സ്റ്റോഴ്‌സ് പ്രൊഡക്ഷന്റെ ബാനറിൽ ശരവണൻ തന്നെയാണ് ചിത്രം നിർമിച്ചത്. 40-50 കോടി രൂപയാണ് ബജറ്റ്.

റിലീസിന് മുമ്പ് തന്നെ ചർച്ച ചെയ്യപ്പെട്ട ചിത്രം അഞ്ച് ഭാഷകളിലാണ് ഒരുക്കിയത്. ജെഡി-ജെറി ജോഡി സംവിധാനം ചെയ്ത ചിത്രത്തിൽ സ്വന്തം പേരിൽ തന്നെയുള്ള ഒരു ശാസ്ത്രജ്ഞനെയാണ് 52കാരനായ ശരവണൻ അവതരിപ്പിക്കുന്നത്. 2015 മിസ് യൂനിവേഴ്സ് മത്സരത്തിലെ ഇന്ത്യൻ പ്രതിനിധിയായിരുന്ന ഉർവശി റൗട്ടേലക്ക് പുറമേ, ഗീതിക തിവാരി എന്നിവരാണ് ചിത്രത്തിലെ നായികമാർ.

സുമൻ, ഹരീഷ് പേരടി, വംശി കൃഷ്ണ, നാസർ, റോബോ ശങ്കർ, യോഗി ബാബു, പ്രഭു തുടങ്ങിയവർക്കൊപ്പം അന്തരിച്ച നടൻ വിവേകും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. ഹാരിസ് ജയരാജ് സംഗീതമൊരുക്കിയ ചിത്രത്തിനായി വൈരമുത്തു, കബിലൻ, മദൻ കാർക്കി, പാ വിജയ്, സ്നേഹൻ എന്നിവരാണ് ഗാനങ്ങളെഴുതിയത്. ആർ. വേൽരാജ് ഛായാഗ്രഹണവും റൂബൻ എഡിറ്റിങ്ങും നിർവഹിച്ച സിനിമ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ശരവണൻ കേരളത്തിലെത്തിയിരുന്നു. വൻതുകയാണ് ചിത്രത്തിന്റെ പ്രമോഷനായി അദ്ദേഹം മുടക്കിയത്. കൊച്ചിയിൽ ശരവണൻ വിമാനമിറങ്ങി പുറത്തേക്ക് വന്നത് വലിയ കാഴ്ചയായിരുന്നു. വിമാനത്താവളത്തിൽ അദ്ദേഹത്തെ പൂമാല അണിയിച്ച് വരവേറ്റു കൂടാതെ അദ്ദേഹം സഞ്ചരിച്ച ആഡംബര കാറിന് അകമ്പടി സേവിച്ച് ബുള്ളറ്റിൽ യുവാക്കളുമുണ്ടായിരുന്നു. ലെജൻഡ് ചിത്രത്തിന്റെ പോസ്റ്റർ അണിഞ്ഞ ടീഷർട്ട് ഇവർ ധരിച്ചിരുന്നത്.

TAGS :

Next Story