'ലേഡി സൂപ്പർസ്റ്റാറെന്ന് വിളിക്കരുത്, പേര് വിളിക്കൂ'; അഭ്യർഥനയുമായി നയന്‍താര
നയൻതാര എന്ന പേരാണ് തന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നതെന്നും നടി

ചെന്നൈ: 'ലേഡിസൂപ്പർസ്റ്റാറെന്ന്' വിളിക്കരുതെന്നും പകരം പേര് വിളിക്കണമെന്നും ആരാധകരോട് അഭ്യർഥിച്ച് നടി നയൻതാര. സാമൂഹ്യമാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. നയൻതാര എന്ന പേരാണ് തന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതെന്നും നടി വ്യക്തമാക്കി.
ആരാധകർ സ്‌നേഹത്തോടെ ചാർത്തി തന്ന ഇത്തരം സ്ഥാനങ്ങൾ വിലമതിക്കാത്തതാണ്. എന്നാൽ അത് ചില സമയത്ത് കലയിൽ നിന്നും പ്രേക്ഷകരിൽ നിന്നും വേർതിരിവുണ്ടാക്കുന്നതാണെന്നും നയൻതാര പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
പ്രേക്ഷകരുടെ സ്‌നേഹവും വാത്സല്യവും കൊണ്ട് എപ്പോഴും അലങ്കരിക്കപ്പെട്ട തുറന്ന പുസ്തകമാണ് എന്റെ ജീവിതം.വിജയസമയത്ത് എന്റെ തോളിൽതട്ടിയും വിഷമഘട്ടത്തിൽ കൈ നീട്ടിയും നിങ്ങൾ എല്ലായ്‌പ്പോഴും എനിക്കൊപ്പമുണ്ടായിരുന്നു. 'ലേഡി സൂപ്പർ സ്റ്റാർ' എന്ന് നിങ്ങളിൽ പലരും എന്ന സ്‌നേഹപൂർവം വിളിച്ചിട്ടുണ്ട്. അതിൽ നിങ്ങളോട് കടപ്പാടുണ്ട്. എന്നാൽ ഇനിമുതൽ നിങ്ങളെന്നെ നയൻതാര എന്ന് വിളിച്ചാൽ മതിയെന്ന് വിനീതമായി അഭ്യർഥിക്കുകയാണ്. ആ പേരാണ് എന്റെ ഹൃദയത്തോട് ഏറ്റവും അടുത്തു നിൽക്കുന്നത്. ഒരു നടിയെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ഈ പേരാണ് എന്നെ അടയാളപ്പെടുത്തുന്നത്. പദവികളും അലങ്കാരങ്ങളും ഏറെ വിലമതിക്കാത്തതാണ്. പക്ഷേ ഇതെല്ലാം താരങ്ങളെ സ്‌നേഹിക്കുന്ന ആരാധകരിൽ നിന്നും അവരുടെ തൊഴിലിൽ നിന്നും കലയിൽ നിന്നും അവരെ അകറ്റുന്നതായി എനിക്ക് തോന്നുണ്ടെന്നും നയൻതാര വ്യക്തമാക്കുന്നു.
പരിധികളൊന്നുമില്ലാത്ത സ്‌നേഹത്തിന്റെ ഭാഷകൊണ്ട് നമുക്ക് പരസ്പരം ബന്ധപ്പെടാം. ഭാവിയെക്കുറിച്ച് നമുക്ക് പ്രവചിക്കാനാകില്ല,എന്നിരുന്നാലും നിങ്ങളുടെ സ്‌നഹേവും പിന്തുണയും എന്നും ഉണ്ടാകുമെന്നതിൽ സന്തോഷമുണ്ടെന്നും നയൻതാര പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
Adjust Story Font
16

