Quantcast

'അവള് എന്തും കഴിക്കും, നാളെ ആടു മേക്കാൻ പോകാനുള്ള ടീമാണ്'; നടി നിഖില വിമലിനെതിരെ സൈബർ ആക്രമണം

നിലപാടിന്റെ പേരിൽ നിഖിലയ്ക്ക് പിന്തുണ നൽകുന്നവരും ഏറെ

MediaOne Logo

Web Desk

  • Published:

    15 May 2022 7:02 AM GMT

അവള് എന്തും കഴിക്കും, നാളെ ആടു മേക്കാൻ പോകാനുള്ള ടീമാണ്; നടി നിഖില വിമലിനെതിരെ സൈബർ ആക്രമണം
X

ഇന്ത്യയിൽ പശുവിന് മാത്രം പ്രത്യേക പരിഗണനയൊന്നുമില്ലെന്ന പ്രസ്താവനയ്ക്ക് പിന്നാലെ നടി നിഖില വിമലിനെതിരെ സൈബറാക്രമണം. ഫേസ്ബുക്ക് അക്കൗണ്ടിലാണ് വ്യാജ ഐഡിയിൽനിന്നടക്കം നടിക്കെതിരെ സംഘടിതമായ ആക്രമണം നടക്കുന്നത്. കഴിഞ്ഞ ദിവസം സിനിമാ പ്രൊമോഷനുമായി ബന്ധപ്പെട്ട യൂട്യൂബ് അഭിമുഖത്തിലാണ് നടി പശുവിനെ കുറിച്ചുള്ള പ്രതികരണം നടത്തിയിരുന്നത്.

'അവള് എന്തും കഴിക്കും, നാളെ ആടു മേക്കാൻ പോകാനുള്ള ടീമാണ്', 'ഇത്രയും പടത്തിൽ അഭിനയിച്ചിട്ടും കൂടുതൽ ആർക്കും അറിയില്ലായിരുന്നു, ഈ പശു പ്രയോഗം കൊണ്ട് ചുളുവിൽ അറിയപ്പെട്ടു തുടങ്ങി', 'ഒന്നു ഫീൽഡിൽ പിടിച്ചു നിൽക്കാൻ ആരെയൊക്കെ ഇമ്മാതിരി വിഡ്ഢിത്തം വിളമ്പി സുഖിപ്പിക്കണം', 'ആരും അറിയാതിരുന്ന കൂതറ കോഴിയുടെ പശുവിന്റെ പേരിൽ അറിയാൻ ഉള്ള സൈക്കോളജിക്കൽ മൂവ്', 'ഇപ്പോൾ ഈ വിഷയം എടുത്ത് ഇട്ടത് തന്നെ സമസ്താ പെൺകുട്ടി വിഷയത്തിൽ നിന്നും വഴി തിരിക്കാൻ അല്ലെ അതിനു ഇതൊന്നും മതിയാവില്ലല്ലോ ചെമ്പൂവേ', 'മോൾ കോഴി കഴിക്കുമെങ്കിൽ പശുവിനെയും കഴിക്കുന്ന ഒരു ഫോട്ടോ ഷെയർ ചെയ്യാൻ ഉള്ള ചങ്കൂറ്റം ഉണ്ടോ?' - എന്നിങ്ങനെ പോകുന്നു കമന്റുകൾ.

നിലപാടിന്റെ പേരിൽ നിഖിലയ്ക്ക് പിന്തുണ നൽകുന്നവരും ഏറെ. നടിയുടേത് ഉറച്ച രാഷ്ട്രീയ ബോധവും തന്റേടവുമാണെന്ന് പലരും പ്രതികരിച്ചു.

നിഖിലയുടെ ഫേസ്ബുക്ക് വാളില്‍ വന്ന കമന്‍റുകള്‍‌


നിഖില പറഞ്ഞത്

'നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാം. ആരാ പറഞ്ഞത് പശുവിനെ വെട്ടാൻ പറ്റില്ലെന്ന്. നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാൻ പാടില്ലെന്നുള്ള ഒരു സിസ്റ്റമേ ഇല്ല. മൃഗങ്ങളെ സംരക്ഷിക്കണമെങ്കിൽ എല്ലാ മൃഗങ്ങളെയും സംരക്ഷിക്കണം. പശുവിന് മാത്രം അങ്ങനെ പ്രത്യേകിച്ച് പരിഗണനയൊന്നും ഈ നാട്ടിലില്ല. വെട്ടുന്നില്ലെങ്കിൽ ഒന്നിനെയും വെട്ടരുത്. വെട്ടുകയാണെങ്കിൽ എല്ലാറ്റിനെയും വെട്ടാം. വന്യജീവികളെ വെട്ടരുത് എന്ന് പറയുന്നത് വംശനാശം വരുന്നത് കൊണ്ടാണ്. ഞാനെന്തും കഴിക്കും. നിർത്തുകയാണ് എങ്കിൽ എല്ലാം നിർത്തണം. അങ്ങനെ ഒന്ന് കഴിക്കില്ല എന്നത് എനിക്ക് പറ്റില്ല.'



ചെസ് കളിയിൽ വിജയിക്കാൻ എന്ത് ചെയ്യണം എന്ന ചോദ്യത്തിന് കുതിരയെ മാറ്റി പശുവിനെ വച്ചാൽ മതി അപ്പോൾ വെട്ടാൻ പറ്റില്ലല്ലോ എന്ന അവതാരകന്റെ ഉത്തരത്തിനാണ് നിഖില രാഷ്ട്രീയം പറഞ്ഞുള്ള മറുപടി നൽകിയത്. കുതിരയെ മാറ്റി പശുവിനെ വച്ചാലും താൻ വെട്ടുമെന്നും ഇന്ത്യയിലും പശുവിനെ വെട്ടാൻ പറ്റില്ല എന്ന് പറയുന്ന ഒരു സിസ്റ്റമില്ലായിരുന്നു അത് കൊണ്ടുവന്നത് അല്ലേ എന്നും നിഖില ചോദിച്ചു.

TAGS :

Next Story