രാവണന് വീരപരിവേഷം, രാമന്റെ കഥയിൽ മാറ്റം; 'രാമായണ'ത്തിനെതിരെ വിഎച്ച്പി, പ്രദർശനം തടയണമെന്ന് ആവശ്യം
രാവണനെ ചൂഷണം ചെയ്യപ്പെടുന്നവരുടെ വിമോചകനായി അവതരിപ്പിക്കുന്നതിലൂടെ രാഷ്ട്രീയ ആഖ്യാനം സൃഷ്ടിക്കാനാണ് സിനിമയുടെ ശ്രമമെന്നും വിഎച്ച്പി

- Updated:
2026-11-21 11:20:22

ന്യൂഡല്‍ഹി: നിതേഷ് തിവാരിയുടെ സംവിധാനത്തിലെത്തിയ രാമായണം സിനിമക്കെതിരെ വിമര്‍ശനവുമായി വിശ്വഹിന്ദു പരിഷത്ത്. ചിത്രത്തില്‍ രാവണനെ മഹത്വവല്‍ക്കരിക്കുകയും വാത്മീകി രാമായണത്തിന്റെ യഥാർത്ഥ ഉള്ളടക്കം വികലമാക്കുകയും ചെയ്യുന്നുവെന്നാണ് സംഘടനയുടെ വിമർശനം. സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി റദ്ദാക്കണമെന്നും, ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
വാത്മീകിയുടെ രാമായണത്തിൽനിന്ന് വ്യത്യസ്തമായ ആഖ്യാനമാണ് സിനിമയിലുള്ളതെന്ന് വിഎച്ച്പി ജനറൽ സെക്രട്ടറി ബജ്റംഗ് ലാൽ ബാഗ്ര ചൂണ്ടിക്കാട്ടി. അനാവശ്യവും കെട്ടിച്ചമച്ചതുമായ രംഗങ്ങൾ കൂട്ടിച്ചേർത്തപ്പോൾ പ്രധാന കഥാപാത്രങ്ങളെയും സംഭവങ്ങളെയും ഒഴിവാക്കിയതായും അദ്ദേഹം വ്യക്തമാക്കി. ഹിന്ദു വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് സിനിമയിലൂടെ നടന്നതെന്നും സംഘടനയുടെ പ്രസ്താവനയിൽ പറയുന്നു.
അഹല്യയുടെ മോചനം, നിഷാദരാജ് ഗുഹയുമായുള്ള രാമന്റെ സൗഹൃദം, കേവടന്റെ ഭക്തി തുടങ്ങിയ സംഭവങ്ങൾ സിനിമയിൽനിന്ന് ഒഴിവാക്കിയതാണ് ബാഗ്രയുടെ പ്രധാന വിമർശനങ്ങളിലൊന്ന്. രാമന്റെ വിശാലമായ വ്യക്തിത്വം വ്യക്തമാക്കുന്ന ഇത്തരം സന്ദർഭങ്ങൾക്ക് ചിത്രത്തിൽ ഇടം നൽകിയില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. അസുരന്മാരെ നിഗ്രഹിക്കാനുള്ള രാമന്റെ ദൗത്യത്തെ സീതയെ തട്ടിക്കൊണ്ടുപോയതിനെ തുടർന്നുള്ള വ്യക്തിപരമായ പ്രതികാരമായി സിനിമ ചുരുക്കിക്കാണിക്കുന്നുവെന്നും ബാഗ്ര പറഞ്ഞു.
രാവണനെ ചൂഷണം ചെയ്യപ്പെടുന്നവരുടെ വിമോചകനായി അവതരിപ്പിക്കുന്നതിലൂടെ രാഷ്ട്രീയ ആഖ്യാനം സൃഷ്ടിക്കാനാണ് സിനിമയുടെ ശ്രമമെന്നും വിഎച്ച്പി വിലയിരുത്തി. അറിവും ഭക്തിയും ശക്തിയും ഉണ്ടായിരുന്നിട്ടും അഹങ്കാരം കാരണം മറ്റുള്ളവരെ ഭയപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്ത അധാർമിക വ്യക്തിയായിരുന്നു രാവണനെന്ന് ബാഗ്ര കൂട്ടിച്ചേർത്തു.
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രം നമിത് മൽഹോത്രയും യാഷും ചേർന്നാണ് നിർമിക്കുന്നത്. രൺബീർ കപൂർ രാമനായും സായ് പല്ലവി സീതയായും യാഷ് രാവണനായുമാണ് ചിത്രത്തിലെത്തുന്നത്. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന സിനിമയുടെ ആദ്യഭാഗം നവംബർ അഞ്ചിന് ആഗോളതലത്തിൽ റിലീസ് ചെയ്തിരുന്നു.
Adjust Story Font
16
