പേജ് രാജ്യാന്തര തിരക്കഥാ പുരസ്‌കാരം 2025: മലയാളി തിരക്കഥാകൃത്ത് അഭിലാഷ് മോഹൻ വിജയി
അഭിലാഷ് മോഹന്റെ "ദി നൈറ്റിംഗെൽ ഇൻ ബുർഖ" (The Nightingale in Burka) എന്ന തിരക്കഥയാണ് ഹൃസ്വചിത്ര വിഭാഗത്തിൽ രണ്ടാം സ്ഥാനത്തിന് അർഹമായത്

Photo: Special arrangement
ഹോളിവുഡിലെ പ്രശസ്തമായ ഇൻ്റർനാഷണൽ തിരക്കഥാ മത്സരങ്ങളിലൊന്നായ പേജ് (PAGE) തിരക്കഥാ പുരസ്‌കാരത്തിൽ വിജയിയായി തിരഞ്ഞെടുക്കപ്പെട്ട് മലയാളി തിരക്കഥാകൃത്ത് അഭിലാഷ് മോഹൻ. അഭിലാഷ് മോഹന്റെ "ദി നൈറ്റിംഗെൽ ഇൻ ബുർഖ" (The Nightingale in Burka) എന്ന തിരക്കഥയാണ് ഹൃസ്വചിത്ര വിഭാഗത്തിൽ രണ്ടാം സ്ഥാനത്തിന് അർഹമായത്. പുതിയ എഴുത്തുകാരെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും വേണ്ടി സ്ഥാപിക്കപ്പെട്ട പുരസ്കാര വേദിയാണ് പേജ് അവാർഡ്‌സ്.
ശക്തമായ അടിച്ചമർത്തലുകളിലും, സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശവുമായി ജീവിക്കുന്ന സുബൈദ എന്ന പത്തു വയസ്സുകാരിയായ അഫ്ഗാൻ പെൺകുട്ടിയുടെ കഥയാണ് "ദി നൈറ്റിംഗൽ ഇൻ ബുർഖ". 80ലധികം രാജ്യങ്ങളിൽ നിന്നുള്ള 9100 എൻട്രികളിൽ നിന്നാണ് ഈ തിരക്കഥ തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യൻ വംശജർക്ക് ഇതിന് മുമ്പ് അവാർഡ് ലഭിച്ചിട്ടുണ്ടെങ്കിലും ഒരു മലയാളിക്ക് ഇതാദ്യമായാണ് പുരസ്കാരത്തിളക്കം.
"സമീപ വർഷങ്ങളിൽ ഏറ്റവും മികച്ച പുതിയ എഴുത്തുകാരെ ആദരിച്ച വേദിയാണ് പേജ് അവാർഡ്‌സ്. ആ പൈതൃകത്തിന്റെ ഭാഗമാവുക എന്നത് അവിശ്വസനീയമായ ഒരനുഭവമാണ്, നിശ്ശബ്ദതയും ആവിഷ്കാരവും തമ്മിലുള്ള സംഘർഷത്തിൽ നിന്നാണ് ദി നൈറ്റിംഗെൽ ഇൻ ബുർഖ' പിറന്നത്. ഇത്രയും വിശിഷ്ടമായ ഒരു ജൂറിയുമായി സംവദിക്കാൻ എന്റെ കഥയ്ക്ക് കഴിഞ്ഞതിൽ സന്തോഷമുണ്ട്"അഭിലാഷ് മോഹൻ പറഞ്ഞു.
2003-ൽ ആരംഭിച്ചതു മുതൽ, പ്രധാന സ്റ്റുഡിയോകൾ, നെറ്റ്‌വർക്കുകൾ, പ്രൊഡക്ഷൻ കമ്പനികൾ എന്നിവയുമായി സഹകരിച്ച് പ്രവർത്തിച്ച നിരവധി പ്രതിഭകെള കണ്ടെത്താനും പിന്തുണയ്ക്കാനും പേജ് രാജ്യാന്തര തിരക്കഥാ പുരസ്‌കാരങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
കേരളത്തിൽ നിന്നുള്ള അഭിലാഷ് മോഹൻ നിലവിൽ തന്റെ ആദ്യ ബോളിവുഡ് ഫീച്ചർ തിരക്കഥയുടെ പ്രീ പ്രൊഡക്ഷൻ ജോലികളിലാണ്.
തിരുവനന്തപുരം സ്വദേശിയായ മോഹനചന്ദ്രൻ നായർ, വി.ശശികല എന്നിവരാണ് മാതാപിതാക്കൾ. എസിഇ എഞ്ചിനീയറിംഗ് അസിസ്റ്റന്റ് പ്രൊഫസറായ വാണി വിജിയാണ് ഭാര്യ. മകൻ അഭിനന്ദ്.
Adjust Story Font
16

