Quantcast

സെഞ്ച്വറി ഫിലിംസുമായി കൈകോർത്ത് പനോരമ സ്റ്റുഡിയോസ്

ആസിഫ് അലിയുടെ ടിക്കി ടാക്കാ, കുഞ്ചാക്കോ ബോബൻ- ലിജോമോൾ ജോസ് എന്നിവരുടെ പ്രൊഡക്ഷൻ നമ്പർ 3 തുടങ്ങി പനോരമ സ്റ്റുഡിയോസിന്റെ നിരവധി നിർമാണ ചിത്രങ്ങൾ സെഞ്ച്വറി ഫിലിംസ് കേരളത്തിലെത്തിക്കും

MediaOne Logo

Web Desk

  • Published:

    17 Jan 2026 1:21 PM IST

Panorama Studios joins hands with Century Films
X

കൊച്ചി: പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി സെഞ്ച്വറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ കൂട്ടുകെട്ടിന്റെ ആദ്യ റിലീസായി റഹ്മാനും ഭാവനയും പ്രധാന വേഷങ്ങളിലെത്തുന്ന ‘അനോമി‘ ജനുവരി 30ന് സെഞ്ചുറി ഫിലിംസ് പ്രദർശനത്തിനെത്തിക്കും. തുടർന്ന് ആസിഫ് അലി അഭിനയിക്കുന്ന ടിക്കി ടാക്കാ, കുഞ്ചാക്കോ ബോബൻ- ലിജോമോൾ ജോസ് എന്നിവർ അഭിനയിക്കുന്ന പ്രൊഡക്ഷൻ നമ്പർ 3 ഉൾപ്പെടെ പനോരമ സ്റ്റുഡിയോസിന്റെ നിരവധി നിർമാണ ചിത്രങ്ങൾ സെഞ്ച്വറി ഫിലിംസ് കേരളത്തിലെ തിയറ്ററുകളിലെത്തിക്കും.

സെഞ്ച്വറി ഫിലിംസിന്റെ നേതൃത്വം വഹിക്കുന്നത് മുതിർന്ന നിർമാതാവ് സെഞ്ച്വറി കൊച്ചുമോനാണ്. അഞ്ചു ദശാബ്ദത്തോളം നീളുന്ന കരിയറിലൂടെ, 1970കളുടെ മധ്യത്തിൽ അദ്ദേഹം സ്ഥാപിച്ച സെഞ്ച്വറി ഫിലിംസ്, ദക്ഷിണേന്ത്യൻ സിനിമയിൽ ഏറ്റവുംസ്വാധീനമുള്ള ബാനറുകളിലൊന്നായി ഇതിനോടകം മാറിയിട്ടുണ്ട്. ദക്ഷിണേന്ത്യയിലുടനീളം സെഞ്ച്വറി ഫിലിംസിനുള്ള ശക്തമായ സാന്നിധ്യവും, കേരളത്തിലുടനീളമുള്ള തിയറ്ററുകളുമായും എക്സിബിറ്റർമാരുമായും ഉള്ള ദീർഘകാല ബന്ധങ്ങളും തന്നെയാണ് പനോരമ സ്റ്റുഡിയോസിനെ സെഞ്ച്വറി ഫിലിംസുമായുള്ള ഈ പങ്കാളിത്തത്തിലേക്ക് നയിച്ചത്.

“സെഞ്ച്വറി ഫിലിംസ് ഒരു വിതരണ കമ്പനി മാത്രമല്ല; അത് മലയാള സിനിമാ പാരമ്പര്യത്തിനൊപ്പം ചേർന്ന് നിൽക്കുന്നു. സെഞ്ച്വറി കൊച്ചുമോന്റെ പാരമ്പര്യവും വിശ്വാസ്യതയും ഡിസ്ട്രിബൂഷൻ വ്യവസായത്തോടുള്ള ആഴത്തിലുള്ള ബന്ധവും ഞങ്ങളുടെ മലയാള ചിത്രങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പങ്കാളിയായി സെഞ്ച്വറി ഫിലിംസിനെ മാറ്റുന്നു. ഈ സഹകരണം വഴി കേരളത്തിലെ പ്രേക്ഷകരിലേക്ക് ഞങ്ങളുടെ സിനിമകൾ ഏറ്റവും ഫലപ്രദമായും ആത്മാർഥമായും എത്തുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.”- കൂട്ടുകെട്ടിനെക്കുറിച്ച് സംസാരിച്ചുകൊണ്ട്, പനോരമ സ്റ്റുഡിയോസ് ചെയർമാൻ കുമാർ മംഗത് പാഥക് പറഞ്ഞു.

“സിനിമ എപ്പോഴും ശക്തമായ ബന്ധങ്ങളുടെയും ഒരേ ദൃഷ്ടികോണത്തിന്റെയും ഫലമാണ്. പനോരമ സ്റ്റുഡിയോസ് ആധുനികവും ഉള്ളടക്ക കേന്ദ്രീകൃതവുമായ സമീപനവും കഥപറച്ചിലോടുള്ള ബഹുമാനവും കൊണ്ടുവരുന്നു. ഈ പങ്കാളിത്തം സെഞ്ച്വറി ഫിലിംസിന് ഒരു സ്വാഭാവിക മുന്നേറ്റമായി തോന്നുന്നു, പുതുമയും വ്യാപ്തിയും കൊണ്ട് അർത്ഥവത്തായ മലയാള സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു.” - സെഞ്ചുറി കൊച്ചുമോൻ പറഞ്ഞു.

പ്രൊഡക്ഷൻ, വിതരണം, മ്യൂസിക്, സിനഡിക്കേഷൻ, എക്വിപ്പ്മെന്റ് റെന്റൽ, പബ്ലിസിറ്റി ഡിസൈൻ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു ആഗോള സിനിമാ സ്റ്റുഡിയോയാണ് പനോരമ സ്റ്റുഡിയോസ് ഇന്റർനാഷണൽ. ഹിന്ദി സിനിമയിൽ ശ്രദ്ധേയമായ സാന്നിധ്യമുള്ള ഈ സ്റ്റുഡിയോ, മലയാളം, മറാഠി, ഗുജറാത്തി, പഞ്ചാബി സിനിമകളിലേക്കും വ്യാപിച്ചുകഴിഞ്ഞു. ഓംകാരയിലൂടെ ശ്രദ്ധേയമായ അരങ്ങേറ്റം നടത്തിയ പനോരമ സ്റ്റുഡിയോസ്, സ്പെഷ്യൽ 26, പ്യാർ കാ പഞ്ച്നാമ 1 & 2, ദൃശ്യം 1 & 2, റെയ്ഡ് 1 & 2, സെക്ഷൻ 375, ഖുദാ ഹാഫിസ്, ഷൈത്താൻ എന്നിവ ഉൾപ്പെടെ നിരവധി ചിത്രങ്ങളും സമ്മാനിച്ചിട്ടുണ്ട്. 2026 ഒക്ടോബർ 2ന് റിലീസിന് തയ്യാറെടുക്കുന്ന ദൃശ്യം 3യുടെ ഹിന്ദി വേർഷൻ ഉൾപ്പെടെ നിരവധി പ്രൊജക്ടുകൾ പനോരമയുടെ കീഴിലുണ്ട്.

TAGS :

Next Story