Quantcast

'ഹോട്ടൽ വോൾഗയിലെ ബീഫും പൊറോട്ടയും കിട്ടോ'; അഞ്ജലി മേനോന്‍റെ സിനിമയിൽ നിന്നും ബീഫ് പരാമര്‍ശം ‘വെട്ടി’ പ്രസാര്‍ഭാരതി ?

പത്മപ്രിയയും റിമ കല്ലിങ്കലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ പ്രസാര്‍ഭാരതിയുടെ ഒടിടി പ്ലാറ്റ്ഫോമായ 'വേവ്സ്' ലാണ് റിലീസ് ചെയ്തിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2025-04-22 14:44:39.0

Published:

22 April 2025 6:31 PM IST

ഹോട്ടൽ വോൾഗയിലെ ബീഫും പൊറോട്ടയും കിട്ടോ; അഞ്ജലി മേനോന്‍റെ സിനിമയിൽ നിന്നും ബീഫ് പരാമര്‍ശം ‘വെട്ടി’ പ്രസാര്‍ഭാരതി ?
X

കൊച്ചി: വണ്ടര്‍ വുമണ് ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്ത ചിത്രമാണ് 'ബാക്ക് സ്റ്റേജ്'. പത്മപ്രിയയും റിമ കല്ലിങ്കലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ഹ്രസ്വ സിനിമ പ്രസാര്‍ഭാരതിയുടെ ഒടിടി പ്ലാറ്റ്ഫോമായ 'വേവ്സ്' ലാണ് റിലീസ് ചെയ്തിരിക്കുന്നത്. മികച്ച അഭിപ്രായമാണ് സിനിമക്ക് ലഭിക്കുന്നത്. എന്നാൽ ഇതിനിടെ ചിത്രത്തിലെ ബീഫുമായി ബന്ധപ്പെട്ട സംഭാഷണം മ്യൂട്ട് ചെയ്തത് ചര്‍ച്ചയായിരിക്കുകയാണ്. പ്രസാർഭാരതിയാണ് വെട്ടിയതെന്നാണ് സോഷ്യൽ മീഡിയയിലെ ആരോപണങ്ങൾ. സംവിധായിക അഞ്ജലി മേനോൻ ഇതുസംബന്ധിച്ച് പ്രതികരിക്കാനില്ലെന്ന് മീഡിയവൺ ഓ​ൺലൈനിനോട് പറഞ്ഞു.

''പണ്ടത്തെ ഹോട്ടൽ വോൾഗയില്ലേ? അതിപ്പോഴുമുണ്ടോ. അവിടുത്തെ ബീഫും പൊറോട്ടയും ഇപ്പോഴും കിട്ടോ.. ഞങ്ങൾക്കെല്ലാവര്‍ക്കും അവിടുത്തെ ബീഫും പൊറോട്ടയും എത്തിച്ചുതരാൻ പറ്റുമോ? എന്നാൽ ഒരു പ്ലേറ്റ് ആ ഗൗരിദേവിക്ക് കൂടി മേടിച്ചോ'' എന്ന റിമ കല്ലിങ്കൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ സംഭാഷണത്തിൽ നിന്നാണ് ബീഫിനെ മ്യൂട്ട് ചെയ്തിരിക്കുന്നത്.

'യുവ സപ്നോ കാ സഫര്‍' എന്ന ആന്തോളജി സിനിമയിലെ നാലാമത് സിനിമയാണ് ബാക്ക്സ്റ്റേജ്. ഒരു കാലത്ത് ഉറ്റ സുഹൃത്തുക്കളായിരുന്നവര്‍ പിന്നീട് എന്തോ കാരണത്താൽ പിരിയുകയും വര്‍ഷങ്ങൾക്കിപ്പുറം ഒരു പ്രത്യേക സാഹചര്യത്തിൽ കണ്ടുമുട്ടുന്നതുമാണ് സിനിമയുടെ പ്രമേയം. ആറ് ദിവസം കൊണ്ടാണ് ചിത്രത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. "ഗൗരിയും കന്യയും സുഹൃത്തുക്കളാണ്. ബാക്ക് സ്റ്റേജിൽ അവരോടൊപ്പം ചിരിക്കുക, കരയുക, നിങ്ങളുടെ ഫ്രണ്ട്‌സോൺ ഓർമകൾ പുനരുജ്ജീവിപ്പിക്കുക,"എന്നാണ് ബാക്ക് സ്റ്റേജിനെക്കുറിച്ച് അഞ്ജലി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഒടിടിയിൽ മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്. പത്മപ്രിയയും റിമയും പക്വതയാര്‍ന്ന പ്രകടനം കൊണ്ട് ഞെട്ടിക്കുകയാണെന്നാണ് സിനിമാപ്രേമികളുടെ അഭിപ്രായം.

മലയാള സിനിമയിലെ ബീഫ് പരാമര്‍ശങ്ങൾ ഇതാദ്യമായിട്ടല്ല ചര്‍ച്ചയാകുന്നത്. 2017ൽ പുറത്തിറങ്ങിയ ബേസിൽ ജോസഫ്-ടൊവിനോ തോമസ് ചിത്രം ഗോദയും ചിലരെ ചൊടിപ്പിച്ചിരുന്നു. ബീഫും മലയാളിയും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് ടൊവിനോയുടെ കഥാപാത്രം വിവരിക്കുന്നത് ഹിറ്റായിരുന്നു. എന്നാൽ ചിത്രം ഹിന്ദിയിലേക്ക് മൊഴി മാറ്റിയപ്പോൾ ബീഫ് റോസ്റ്റിന് പകരം മട്ടൺ റോസ്റ്റെന്നാണ് പറയുന്നത്. ഇതിനിടെയായിരുന്നു കന്നുകാലികളെ കൊല്ലുന്നത് നിരോധിച്ചുകൊണ്ടും വിൽപന നിയന്ത്രിച്ചുകൊണ്ടും കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.അതോടെ വീണ്ടും ഗോദയിലെ ബീഫ്-പൊറോട്ട രംഗം വൈറലാവുകയും ചെയ്തു. ബീഫ് നിരോധനത്തിനെതിരെ സിനിമയിലെ താരങ്ങൾ രംഗത്തെത്തുകയും ചെയ്തിരുന്നു.

2022ൽ പുറത്തിറങ്ങിയ 'ഹൃദയം' എന്ന ചിത്രത്തിലെ ബീഫ് രംഗത്തിന്‍റെ പേരിൽ നടൻ മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണമുയര്‍ന്നിരുന്നു. ലാലിന്‍റെ മകന്‍ കൂടിയായ പ്രണവ് മോഹൻലാലും കല്യാണി പ്രിയദര്‍ശനും ബീഫ് കഴിക്കുന്ന ചിത്രത്തിലെ രംഗമാണ് പ്രശ്നമായത്. ഹൃദയത്തിലെ 'നഗുമോ' എന്ന ഗാനരംഗത്താണ് ഇരുവരും ബീഫ് കഴിക്കുന്നത്. ബീഫ് കഴിക്കുന്നത് കാണിക്കുന്നതിന് പവിത്രമായ തെലുങ്ക് രാമ സങ്കീർത്തനം പശ്ചാത്തലമായി ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകത എന്താണെന്നായിരുന്നു വിമര്‍ശകരുടെ ചോദ്യം. ഇതിന് പിന്നാലെയാണ് മോഹൻലാലിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്.

അതേസമയം, കഴിഞ്ഞ നവംബറിലാണ് പ്രസാര്‍ഭാരതി വേവ്സ് അവതരിപ്പിക്കുന്നത്. ഹിന്ദി, ഇംഗ്ലീഷ്, മലയാളം, തമിഴ് എന്നിവയുള്‍പ്പെടെ 12 ഇന്ത്യന്‍ ഭാഷകളിലുള്ള കണ്ടന്‍റുകൾ വേവ്‌സ് ഒടിടി പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്. ഒരു കാലത്ത് ദൂരദര്‍ശനിൽ ഹിറ്റായിരുന്ന രാമായണം, മഹാഭാരതം, ശക്തിമാന്‍, ഹം ലോദ് തുടങ്ങിയ ഹിറ്റ് സീരിയലുകളും സിനിമകളും 'വേവ്‌സി'ലുണ്ടാകും. ഇതിനുപുറമേ വാര്‍ത്ത, ഡോക്യുമെന്‍ററി, വീഡിയോ ഓണ്‍ ഡിമാന്‍ഡ്, ഗെയിമിങ്, റേഡിയോ സ്ട്രീമിങ്, ലൈവ് ടി.വി, ഓണ്‍ലൈന്‍ ഷോപ്പിങ് തുടങ്ങിയവയും പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്.

TAGS :

Next Story