Quantcast

പൃഥ്വിരാജും ബേസിലും ഒരുമിച്ച്; 'ഗുരുവായൂര്‍ അമ്പലനടയില്‍' വരുന്നു

‘ഒരു വർഷം മുൻപ് കേട്ടപ്പോൾ മുതൽ ചിരിപടർത്തുന്ന കഥ’ എന്നാണ് പുതിയ ചിത്രത്തെ പൃഥ്വി വിശേഷിപ്പിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-01-01 10:42:06.0

Published:

1 Jan 2023 10:30 AM GMT

പൃഥ്വിരാജും ബേസിലും ഒരുമിച്ച്;  ഗുരുവായൂര്‍ അമ്പലനടയില്‍ വരുന്നു
X

പുതുവത്സര ദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് നടന്‍ പൃഥ്വിരാജ്. 'ഗുരുവായൂര്‍ അമ്പലനടയില്‍' എന്ന് പേരിട്ട ചിത്രം 'ജയ ജയ ജയ ജയ ഹേ' എന്ന ചിത്രത്തിന് ശേഷം വിപിന്‍ ദിസ് സംവിധാനം ചെയ്യും. ബേസില്‍ ജോസഫും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. 'ഒരു വർഷം മുൻപ് കേട്ടപ്പോൾ മുതൽ ചിരിപടർത്തുന്ന കഥ' എന്നാണ് പുതിയ ചിത്രത്തെ പൃഥ്വി വിശേഷിപ്പിക്കുന്നത്. 'കുഞ്ഞിരാമായണം' സിനിമയ്ക്ക് ശേഷം ദീപു പ്രദീപ് രചന നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണിത്. മലയാളത്തിലെ മുന്‍നിര നിര്‍മാണ കമ്പനിയായ ഇ ഫോര്‍ എന്‍റര്‍ടെയിന്‍മെന്‍റ്സാണ് ചിത്രം നിര്‍മിക്കുന്നത്.

കാപ്പയാണ് പൃഥ്വിരാജിന്‍റെതായി പുറത്തിറങ്ങിയ അവസാന ചിത്രം. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ കൊട്ട മധു എന്ന ഗുണ്ടാ നേതാവായാണ് താരം എത്തിയത്. ആസിഫ് അലി, അന്ന ബെന്‍, അപര്‍ണ ബാലമുരളി എന്നിവരും ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ബ്ലെസി സംവിധാനം ചെയ്ത 'ആടുജീവിതം' ആണ് പൃഥ്വിരാജിന്‍റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ആടുജീവിതം റിലീസ് ചെയ്യുന്നതിന് മുമ്പ് ഈ വര്‍ഷത്തെ കാൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിന്‍റെ പ്രീമിയർ നടത്താൻ ആഗ്രഹമുണ്ടെന്നാണ് പൃഥ്വിരാജ് വെളിപ്പെടുത്തിയത്. എ.ആര്‍ റഹ്‍മാനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം.

'ജയ ജയ ജയ ജയ ഹേ' ആണ് ബേസില്‍ നായകനായി പുറത്തിറങ്ങിയ അവസാന ചിത്രം. ദര്‍ശന രാജേന്ദ്രന്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രമായിരുന്നു. ഒക്ടോബര്‍ 28ന് റിലീസ് ചെയ്ത ചിത്രം തിയറ്ററുകളില്‍ വലിയ വിജയമായിരുന്നു. മുഹാഷിന്‍ സംവിധാനം ചെയ്ത 'കഠിന കഠോരമീ അണ്ഡകടാഹം' ആണ് ബേസിലിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഉണ്ട, പുഴു എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദ് ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദ്രൻസ്, ജോണി ആൻ്റണി, ജാഫർ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിർമ്മൽ പാലാഴി, സ്വതി ദാസ് പ്രഭു, അശ്വിൻ, പാർവതി കൃഷ്ണ, ഫറ ഷിബ്‌ല, ശ്രീജ രവി തുടങ്ങിയ താരങ്ങളും ചിത്രത്തിന്‍റെ ഭാഗമാകുന്നു.

TAGS :

Next Story