'ആദ്യ ഷോട്ടിന് ശേഷം പൃഥ്വിയോട് പറഞ്ഞു, ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച നടന്മാരിലൊരാളാണ് നിങ്ങള്‍'; രാജമൗലി
ഇനിയും പേരിടാത്ത ചിത്രത്തിന്‍റെ ടീസര്‍ ലോഞ്ചിങ് ഈ മാസം 15 ന് ഹൈദരാബാദില്‍ നടക്കും

ഹൈദരാബാദ്:എസ്.എസ് രാജമൗലിയുടെ ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രത്തിലെ പൃഥ്വിരാജ് സുകുമാരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിൽ 'കുംഭ' എന്ന വില്ലൻ വേഷത്തിലാണ് പൃഥ്വി എത്തുന്നത്. എസ്എസ്എംബി29 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ റോബോർട്ടിക് വീൽ ചെയറിലിരിക്കുന്ന പൃഥ്വിരാജിന്റെ ചിത്രം സംവിധായകൻ രാജമൗലി തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. ചിത്രത്തിൽ മഹേഷ് ബാബുവാണ് നായകനായി എത്തുന്നത്.പ്രിയങ്കാ ചോപ്ര നായികയായി എത്തുന്നു.
'പൃഥ്വിയുമൊത്തുള്ള ആദ്യ ഷോട്ട് എടുത്ത ശേഷം, ഞാൻ അവന്റെ അടുത്തേക്ക് നടന്നു, ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് നിങ്ങളെന്ന് പറഞ്ഞു. ഈ ദുഷ്ടനും ക്രൂരനും ശക്തനുമായ എതിരാളിയായ കുംഭയ്ക്ക് ജീവൻ നൽകിയത് വളരെ സംതൃപ്തി നൽകി. എന്റെ കസേരയിൽ കയറിയതിന് അക്ഷരാർത്ഥത്തിൽ നന്ദി'. എന്നായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് രാജമൗലി കുറിച്ചത്.
ഞാൻ ഇതുവരെ അഭിനയിച്ചതിൽവെച്ച് ഏറ്റവും സങ്കീർണമായ കഥാപാത്രം എന്നായിരുന്നു പൃഥ്വിരാജ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. എന്റെ പരിമിതികളെ നിരന്തരം പരീക്ഷിക്കുന്ന ഒരു ലോകം സൃഷ്ടിച്ചതിന് രൗജമൗലി സാറിന് നന്ദി--പൃഥ്വി കുറിച്ചു.
മഹേഷ് ബാബുവും പ്രിയങ്കാ ചോപ്രയും പൃഥ്വിരാജിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.ചിത്രത്തിന്റെ പേര് ഉടൻ തന്നെ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ചിത്രത്തിന്റെ ടീസർ ഈ മാസം 15 ന് ഹൈദരാബാദിലാണ് പ്രദർശിപ്പിക്കുന്നത്. ടീസർ ലോഞ്ച് ജിയോ ഹോട്ട്‌സ്റ്റാറിൽ ലൈവ് സ്ട്രീം ചെയ്യുമെന്നും നിർമാതാക്കൾ പ്രഖ്യാപിച്ചു.
ഇന്ത്യയിലെയും വിദേശത്തുമുള്ള പ്രേക്ഷകർക്ക് ഇവന്റ് തത്സമയം കാണാൻ സാധിക്കും.ഈ വർഷത്തെ ഏറ്റവും വലിയ പ്രമോഷൻ കാമ്പയിനാണ് അണിയറ പ്രവർത്തകർ ഒരുക്കുന്നതെന്നാണ് വിവരം.ബാഹുബലിക്കും ആർആർആറിനും ശേഷം രാജമൗലി എന്ത് വിസ്മയമാണ് ഒളിപ്പിച്ചുവെച്ചിരിക്കുന്നതിന്റെ ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ.
Adjust Story Font
16

