ഓസ്കര്‍ വേദിയിൽ തിളങ്ങാൻ പ്രിയങ്ക ചോപ്ര; റോബർട്ട് ഡൗണി ജൂനിയർക്കൊപ്പം അവതാരകയായി താരവും
പ്രിയങ്ക തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചു

- Updated:
2026-03-06 03:44:41.0

ലോസ് ഏഞ്ചൽസ്: ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരദാനച്ചടങ്ങിൽ അവതാരകയായി ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും. മാര്‍ച്ച് 15ന് ലോസ് ഏഞ്ചൽസിലെ പ്രശസ്തമായ ഡോൾബി തിയറ്ററിൽ നടക്കുന്ന 98-ാമത് അക്കാദമി അവാർഡ് ദാന ചടങ്ങിൽ അവതാരകരുടെ ലിസ്റ്റിൽ റോബര്‍ട്ട് ഡൗണി ജൂനിയറിനും ആനി ഹാത്ത്‍വേയ്ക്കുമൊപ്പം പ്രിയങ്കയും നേടി.
പ്രിയങ്ക തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചു. "ദി 2026 അക്കാദമി അവാർഡ്‌സ്" എന്നാണ് താരം ഇതിന് അടിക്കുറിപ്പ് നൽകിയത്. ഇതിനുമുമ്പ് 2016-ലെ ഓസ്‌കർ ചടങ്ങിലും പ്രിയങ്ക അവതാരകയായിട്ടുണ്ട്. പ്രിയങ്കയെ കൂടാതെ, ബോളിവുഡ് താരം ദീപിക പദുക്കോണും 2023-ലെ സ്‌കാർ ചടങ്ങിൽ അവതാരകയുടെ റോളിലെത്തിയിരുന്നു. 'ആർആർആർ' (RRR) എന്ന ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഗാനം മികച്ച ഒറിജിനൽ സോങ്ങിനുള്ള പുരസ്കാരം നേടിയതും അതേ വർഷമായിരുന്നു. കൂടാതെ, ലോകപ്രശസ്തമായ ഗോൾഡൻ ഗ്ലോബ് അവാർഡുകളിലും പ്രൈംടൈം എംമി അവാർഡുകളിലും പ്രിയങ്ക മുമ്പ് അവതാരകയായി എത്തിയിട്ടുണ്ട്.
ഞായറാഴ്ചയാണ് പുരസ്കാര ദാന ചടങ്ങെങ്കിലും സമയവ്യത്യാസം കാരണം ഇന്ത്യയിലെ പ്രേക്ഷകര്‍ക്ക് തിങ്കളാഴ്ച പുലര്‍ച്ചെയാണ് ചടങ്ങ് കാണാൻ കഴിയുക. ഇന്ത്യയിലെ തത്സമയ സംപ്രേക്ഷണം ഇന്ത്യൻ സമയം പുലർച്ചെ 4:30 ന് ആരംഭിക്കും. ജിയോഹോട്ട്സ്റ്റാർ, സ്റ്റാർ മൂവീസ് എന്നീ പ്ലാറ്റ്ഫോമുകളിലൂടെ ഇന്ത്യൻ പ്രേക്ഷകര്‍ക്ക് കാണാം. രണ്ട് പ്ലാറ്റ്‌ഫോമുകളും റെഡ് കാർപെറ്റ് കവറേജും പ്രധാന അവാർഡ് ദാന ചടങ്ങും സംപ്രേഷണം ചെയ്യും.
Adjust Story Font
16
