'ബ്രൗൺ നിറമുള്ള പ്രിയങ്ക ചോപ്രയെ ഹോളിവുഡിന് പരിചയപ്പെടുത്തിയതിന് പരിഹാസമേറ്റു, വിഡ്ഢിയെന്ന് വിളിച്ചു'
പ്രിയങ്കയെ പരിയപ്പെടുത്തിയപ്പോൾ എല്ലാവരും എന്നെ മണ്ടിയെന്ന് വിളിച്ചു

മുംബൈ: ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ചതോടെ ആഗോളതലത്തിൽ ശ്രദ്ധ നേടിയ നടിയാണ് പ്രിയങ്ക ചോപ്ര. 2000ത്തിലെ ലോകസുന്ദരിപ്പട്ടം നേടിയതൊഴിച്ചാല്‍ സിനിമാപാരമ്പര്യമൊന്നുമില്ലാതെ വെള്ളിത്തിരയിലെത്തിയ താരമാണ് പ്രിയങ്ക ചോപ്ര. അതുകൊണ്ട് തന്നെ പ്രിയങ്കയുടെ വളര്‍ച്ചക്ക് തിളക്കം കൂടും. എന്നാൽ അമേരിക്കയിൽ ബ്രൗൺ നിറത്തിലുള്ള പ്രിയങ്കയെ അവതരിപ്പിച്ചതിന് പരിഹാസങ്ങളേറ്റു വാങ്ങേണ്ടി വന്നിട്ടുണ്ടെന്ന് നടിയുടെ മാനേജര്‍ അജ്ഞുല ആചാര്യ വെളിപ്പെടുത്തുന്നു.
ക്വാണ്ടിക്കോ( 2015 സെപ്റ്റംബർ 27 മുതൽ 2018 ആഗസ്ത് 3 വരെ എബിസിയിൽ സംപ്രേഷണം ചെയ്ത ഒരു അമേരിക്കൻ ത്രില്ലർ ടെലിവിഷൻ പരമ്പര)ക്ക് മുന്നോടിയായി തവിട്ട് നിറത്തിലുള്ള ഒരു ബോളിവുഡ് താരത്തെ ഹോളിവുഡിലേക്ക് എടുക്കുമ്പോൾ താൻ നേരിട്ട ചോദ്യങ്ങളെക്കുറിച്ച് ദി ഓകെ സ്വീറ്റി ഷോയിൽ പങ്കെടുത്തപ്പോഴാണ് തുറന്നുപറഞ്ഞത്. വിനോദ മേഖലയിൽ ഏറ്റവും വലിയ ക്രോസ്-കൾച്ചറൽ നീക്കങ്ങൾക്ക് പിന്നിൽ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഇടപാടുകാരിയാണ് അഞ്ജുല. ദക്ഷിണേഷ്യൻ പ്രതിഭകളെ യുഎസിന് പരിചയപ്പെടുത്തുകയും അമേരിക്കൻ ബ്രാൻഡുകളെയും പ്രതിഭകളെയും ഇന്ത്യയിലേക്ക് കൊണ്ടുവരികയും ചെയ്യുന്ന ഗ്ലോബൽ ഡീലര്‍. പ്രിയങ്കയുടെ ഹോളിവുഡ് എൻട്രിക്ക് പിന്നിൽ പ്രവര്‍ത്തിച്ചതും അഞ്ജുലയാണ്.
''പ്രിയങ്കയെ പരിയപ്പെടുത്തിയപ്പോൾ എല്ലാവരും എന്നെ മണ്ടിയെന്ന് വിളിച്ചു. അമേരിക്കയിൽ തവിട്ടു നിറത്തിലുള്ള ഒരു താരത്തിന് ബ്രേക്ക് ചെയ്യാൻ കഴിയില്ല. ഞാൻ ജിമ്മിയുടെ അടുത്തേക്ക് പോയി (ജിമ്മി അയോവിൻ: ഇന്റർസ്കോപ്പ് റെക്കോർഡ്സിന്റെ സഹസ്ഥാപകൻ). ഏറ്റവും വലിയ അരക്ഷിതാവസ്ഥയിലൂടെയാണ് ആ സമയം ഞാൻ കടന്നുപോയത്. എനിക്ക് ഭ്രാന്താണെന്ന് ആളുകൾ പറഞ്ഞു. എമിനെം എന്ന വെളുത്ത റാപ്പറെ അവതരിപ്പിക്കാൻ ആഗ്രഹിച്ചപ്പോൾ ഞാനൊരു ഭ്രാന്തിയാണെന്ന് എല്ലാവരും കരുതി'' അഞ്ജുല പറയുന്നു.
ക്വാണ്ടിക്കോ പരമ്പരയിൽ പ്രധാന വേഷത്തെ അവതരിപ്പിച്ച പ്രിയങ്ക വളരെ പെട്ടെന്ന് തന്നെ പാശ്ചാത്യ പ്രേക്ഷകരുടെ ശ്രദ്ധ നേടി. പിന്നീട് അവര്‍ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഡ്വെയ്ൻ ജോൺസൺ, സാക് എഫ്രോൺ എന്നിവര്‍ അഭിനയിച്ച ബേവാച്ച് എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് മാട്രിക്സ്: റെവല്യൂഷൻസ്, സിറ്റാഡൽ, ലവ് എഗെയ്ൻ, ഈസന്റ് ഇറ്റ് റൊമാന്റിക് തുടങ്ങിയ പ്രോജക്ടുകളിലും താരം അഭിനയിച്ചു. നിലവിൽ, ഭർത്താവ് നിക്ക് ജോനാസിനൊപ്പം പ്രിയങ്ക യുഎസിലാണ് താമസിക്കുന്നത് . അവർക്ക് മാൾട്ടി മേരി എന്നൊരു മകളുണ്ട്.
രാജമൗലിയുടെ പുതിയ ചിത്രം വാരണാസിയാണ് പ്രിയങ്കയുടെ ഉടൻ പുറത്തിറങ്ങാൻ പോകുന്ന സിനിമ. മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരൻ എന്നിവരാണ് പ്രധാന താരങ്ങൾ. അടുത്ത വര്‍ഷം ചിത്രം തിയറ്ററുകളിലെത്തും. വെബ് സീരീസായ സിറ്റാഡലിന്റെ രണ്ടാം സീസണും അണിയറയിൽ ഒരുങ്ങുകയാണ്.
Adjust Story Font
16

