Quantcast

'എ.ആര്‍ റഹ്മാന്‍ ഏറ്റവും നല്ല മനുഷ്യന്‍, ഒരാളുടെയും ക്രെഡിറ്റ് സ്വന്തമാക്കില്ല'; പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് രാംഗോപാല്‍ വര്‍മ

'ജയ് ഹോ' പാട്ട് കംപോസ് ചെയ്തത് എ.ആര്‍ റഹ്മാനല്ലെന്ന പഴയ അഭിമുഖത്തിലെ പരാമര്‍ശം വിവാദമായതോടെയാണ് വിശദീകരണം

MediaOne Logo
എ.ആര്‍ റഹ്മാന്‍ ഏറ്റവും നല്ല മനുഷ്യന്‍, ഒരാളുടെയും ക്രെഡിറ്റ് സ്വന്തമാക്കില്ല; പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് രാംഗോപാല്‍ വര്‍മ
X

എ.ആര്‍ റഹ്മാന്‍, രാംഗോപാല്‍ വര്‍മ

മുംബൈ: 'ജയ് ഹോ' പാട്ട് കംപോസ് ചെയ്തത് എ.ആര്‍ റഹ്മാനല്ലെന്ന പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ. എ.ആര്‍.റഹ്മാന്‍ ഏറ്റവും നല്ല മനുഷ്യനാണെന്നും തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നുമാണ് സമൂഹമാധ്യമങ്ങളിലൂടെ രാംഗോപാല്‍ വര്‍മയുടെ അഭ്യര്‍ഥന.

'ജയ് ഹോ പാട്ടിനെ കുറിച്ചുള്ള എന്റെ അഭിപ്രായം സാഹചര്യത്തില്‍ നിന്ന് അടര്‍ത്തി മാറ്റി, തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് പ്രചരിപ്പിച്ചത്. എന്റെ അഭിപ്രായത്തില്‍ എ.ആര്‍ റഹ്മാന്‍ മഹാനായ മ്യൂസിക് കംപോസറും, ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നല്ല മനുഷ്യനുമാണ്. മറ്റാരുടെയെങ്കിലും ക്രെഡിറ്റ് സ്വന്തം പേരിലാക്കുകയെന്ന കടുംകൈ അദ്ദേഹം ചെയ്യില്ല. വിവാദത്തിന് ഇതോടെ അവസാനമാകുമെന്ന് ഞാന്‍ കരുതുന്നു' - രാംഗോപാല്‍ വര്‍മ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

2008ല്‍ പുറത്തിറങ്ങിയ സ്ലം ഡോഗ് മില്ല്യണയര്‍ എന്ന ചിത്രത്തിലെ 'ജയ് ഹോ' എന്ന പാട്ടിനാണ് എ.ആര്‍ റഹ്മാന് ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചത്. എന്നാല്‍, ഈ പാട്ട് സുഖ്‌വിന്ദർ സിങ് കംപോസ് ചെയ്തതാണെന്നായിരുന്നു പഴയ ഒരു അഭിമുഖത്തില്‍ രാംഗോപാല്‍ വര്‍മ പറഞ്ഞത്. സുഭാഷ് ഘായ് സംവിധാനം ചെയ്ത 'യുവ്രാജ്' എന്ന സിനിമയ്ക്ക് വേണ്ടി സുഖ്‌വിന്ദർ സിങ് ഈ ഗാനത്തിന് ഈണം നല്‍കിയതെന്നും പിന്നീട് ഇത് 'സ്ലംഡോഗ് മില്യണയറി'ല്‍ ഉപയോഗിക്കുകയായിരുന്നു എന്നുമാണ് വര്‍മ പറഞ്ഞത്. അതിന് സുഖ്വിന്ദറിന് അഞ്ച് ലക്ഷം രൂപ നല്‍കിയെന്നും വര്‍മ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അധികാര മാറ്റവും വര്‍ഗീയ കാരണങ്ങള്‍ കൊണ്ടും ബോളിവുഡില്‍ അവസരങ്ങള്‍ കുറയുന്നുവെന്ന് എ.ആര്‍ റഹ്മാന്‍ ഈയിടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് റഹ്മാനെ ഇകഴ്ത്തിക്കാട്ടാനായി ചിലര്‍ രാംഗോപാല്‍ വര്‍മയുടെ വാക്കുകള്‍ പ്രചരിപ്പിച്ചത്.

അടുത്തിടെ, ബിബിസി ഏഷ്യന്‍ നെറ്റ്വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലാണ് കഴിഞ്ഞ എട്ട് വര്‍ഷമായി ബോളിവുഡില്‍ തനിക്ക് അവസരങ്ങള്‍ ലഭിക്കുന്നിലെന്ന തരത്തിലുള്ള പ്രസ്താവന എ.ആര്‍ റഹ്മാന്‍ നടത്തിയത്. 'കഴിഞ്ഞ എട്ട് വര്‍ഷമായി അധികാര മാറ്റം കൊണ്ടും സര്‍ഗാത്മകതയില്ലാത്ത ആളുകള്‍ക്ക് പ്രാധാന്യം ലഭിക്കുന്നതു കൊണ്ടോ, അല്ലെങ്കില്‍ വര്‍ഗീയമായ കാരണങ്ങള്‍ കൊണ്ടോ അവസരങ്ങള്‍ കുറവായിരിക്കാം. പക്ഷേ എന്റെ കുടുംബത്തോടൊപ്പം വിശ്രമിക്കാന്‍ എനിക്ക് കൂടുതല്‍ സമയമുണ്ട്. ഞാന്‍ ജോലി അന്വേഷിക്കുന്നില്ല. ജോലി തേടി പോകാന്‍ ആഗ്രഹിക്കുന്നില്ല. ജോലി എന്നിലേക്ക് വരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് അര്‍ഹമായത് എനിക്ക് ലഭിക്കും' -റഹ്മാന്‍ അഭിമുഖത്തില്‍ പറഞ്ഞു.

TAGS :

Next Story