'എട്ടുവർഷമായി സഹിക്കുന്നു, ഇനിയും മിണ്ടാതിരിക്കാനാവില്ല'; ഓഡിയോ ക്ലിപ് ലീക്കായതിന് പിന്നാലെ പൊട്ടിത്തെറിച്ച് രശ്മിക മന്ദാന
'ഗീത ഗോവിന്ദം' എന്ന സിനിമയുടെ റിലീസ് സമയത്തുണ്ടായ ചില അസ്വാരസ്യങ്ങളെക്കുറിച്ചും ഓഡിയോ ക്ലിപ്പില്‍ പറയുന്നുണ്ട്

- Published:
13 March 2026 9:52 AM IST

ഹൈദരാബാദ്:ഫെബ്രുവരി 26നായിരുന്നു തെലുങ്ക് താരങ്ങളായ വിജയ് ദേവരക്കൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹം. ഇരുവരുടെയും വിവാഹവും അതിനോടനുബന്ധിച്ച് നടന്ന ചടങ്ങുകളെല്ലാം വലിയ രീതിയില്‍ വാര്‍ത്തയായിരുന്നു. എന്നാലിപ്പോള്‍ രശ്മിക മന്ദാനയുടെ അമ്മ സുമൻ മന്ദാനയുടേതെന്ന് പറയപ്പെടുന്ന ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെ പിന്നാലെ രൂക്ഷ പ്രതികരണവുമായി നടി രംഗത്തെത്തി.വിവാഹം കഴിഞ്ഞതിന് ആഴ്ചകൾക്ക് ശേഷമാണ് ഓഡിയോ പുറത്തുവന്നത്.
നടൻ രക്ഷിത് ഷെട്ടിയുമായുള്ള രശ്മികയുടെ മുൻ വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട സംഭവങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങളാണ് ഓഡിയോ ക്ലിപ്പിലുള്ളത്. എട്ട് വർഷം മുമ്പ് സുമൻ മന്ദാന ഒരു കന്നഡ വാർത്താ ചാനലിന് നൽകിയ പഴയ അഭിമുഖത്തിൽ നിന്നുള്ളതാണ് ഈ ഓഡിയോ ക്ലിപ്പ് എന്നാണ് പറയപ്പെടുന്നത്.
2016-ൽ പുറത്തിറങ്ങിയ 'കിരിക് പാർട്ടി' എന്ന ചിത്രത്തിന് ശേഷമാണ് രശ്മികയും കന്നഡ നടൻ രക്ഷിത് ഷെട്ടിയും തമ്മിൽ പ്രണയത്തിലാവുകയും 2017-ൽ വിവാഹനിശ്ചയം നടത്തുകയും ചെയ്തത്. എന്നാൽ 2018-ൽ ഇരുവരും വേർപിരിഞ്ഞു. അന്ന് ഇരു കുടുംബങ്ങൾക്കുമിടയിൽ ഉണ്ടായ പ്രശ്നങ്ങളെക്കുറിച്ചാണ് ഓഡിയോയിൽ പറയുന്നത്.
രശ്മികയുടെ സിനിമാ കരിയർ നിയന്ത്രിക്കാൻ രക്ഷിത് ശ്രമിച്ചിരുന്നുവെന്നും, വിവാഹശേഷം അഭിനയം നിർത്തുമെന്ന് പരസ്യമായി പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും അമ്മ ഓഡിയോയിൽ ആരോപിക്കുന്നുണ്ട്. കൂടാതെ 'ഗീത ഗോവിന്ദം' എന്ന സിനിമയുടെ റിലീസ് സമയത്തുണ്ടായ ചില അസ്വാരസ്യങ്ങളെക്കുറിച്ചും അവർ ഇതിൽ പറയുന്നുണ്ട്.
എന്നാൽ, തന്റെ വ്യക്തിജീവിതത്തിലെ പുതിയ സന്തോഷങ്ങൾക്കിടയിൽ ഇത്തരം പഴയ കാര്യങ്ങൾ കുത്തിപ്പൊക്കുന്നത് മനഃപൂർവമാണെന്ന് രശ്മിക സോഷ്യല്‍ മീഡിയായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. എട്ട് വർഷമായി തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളുടെയും അപവാദ പ്രചാരണങ്ങളുടെയും തുടർച്ചയാണിതെന്നും താരം വ്യക്തമാക്കി. തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെടുന്നത് വേദനയോടെ നോക്കിനിൽക്കുകയായിരുന്നെന്നും, ഇത്രയും കാലം താൻ മിണ്ടാതിരുന്നത് ക്ഷമയുള്ളതുകൊണ്ടാണെന്നും രശ്മിക പറഞ്ഞു. എന്നാൽ ഇപ്പോൾ പരിധികൾ ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും, ഇതിൽ താനുമായി ബന്ധമുള്ള കുടുംബാംഗങ്ങളെയും മറ്റും വലിച്ചിഴയ്ക്കുന്നത് അനുവദിക്കാനാവില്ലെന്നും രശ്മിക കൂട്ടിച്ചേർത്തു.
''ഏകദേശം എട്ട് വർഷങ്ങൾക്ക് മുമ്പുള്ളതെന്ന് കരുതപ്പെടുന്ന ഒരു പഴയ സ്വകാര്യ സംഭാഷണം, അതില്‍ ഉൾപ്പെട്ടവരുടെ അറിവോ സമ്മതമോ ഇല്ലാതെ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചതായി തോന്നുന്നു. ആ സംഭാഷണത്തിന്റെ ഒരു ചെറിയ ഭാഗം ഇപ്പോൾ മനഃപൂർവ്വം സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി വ്യാപകമായി പ്രചരിപ്പിച്ചിരിക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്ന മറ്റൊരു വിവാദം സൃഷ്ടിക്കാനാണ് - എന്റെ വ്യക്തിജീവിതത്തിലെ സമീപകാല സംഭവവികാസങ്ങളുമായി ഇത് ബന്ധപ്പെട്ട് കിടക്കുന്നുണ്ട്.
ആളുകൾക്ക് എത്രത്തോളം പോകാൻ കഴിയും? അങ്ങനെ ചെയ്യുന്നതിലൂടെ, എന്റെ കുടുംബത്തെയും ഞാൻ നല്ല ബന്ധം പങ്കിടുന്ന, ഈ വിഷയത്തിൽ യാതൊരു ബന്ധവുമില്ലാത്ത ആളുകളെയും അവർ അസ്വസ്ഥതയിലേക്ക് വലിച്ചിഴച്ചു. ഇത് സ്വകാര്യതയിലേക്കുള്ള ഗുരുതരമായ കടന്നുകയറ്റവും തെറ്റിദ്ധരിപ്പിക്കുന്നതും അപകീർത്തികരവുമായ വസ്തുതകളുടെ പ്രചാരണവുമാണ്," രശ്മിക പറഞ്ഞു.
"നമ്മൾ ജീവിതത്തിൽ മുന്നേറുമ്പോഴും, വളരുമ്പോഴും, അർത്ഥവത്തായ പ്രവർത്തനങ്ങൾ സൃഷ്ടിക്കുമ്പോഴും, പോസിറ്റീവിറ്റി പ്രചരിപ്പിക്കുമ്പോഴും, ചിലർ മറ്റൊരാളുടെ അന്തസ്സും സമാധാനവും പണയപ്പെടുത്തി വെറുപ്പും വിവാദവും സൃഷ്ടിക്കുന്നത് തുടരുന്നത് നിർഭാഗ്യകരമാണ്. എട്ട് വർഷമായി, ആക്രമണങ്ങൾ എനിക്ക് നേരെ മാത്രമായിരുന്നു.എന്നിട്ടും ഞാൻ നിശബ്ദത തെരഞ്ഞെടുത്തു. ഇന്ന്, മറ്റുള്ളവരെ ഇതിലേക്ക് വലിച്ചിഴക്കുമ്പോൾ, എനിക്ക് ഇനി നിശബ്ദത പാലിക്കാൻ കഴിയില്ല. ഇത്തരം കാര്യങ്ങള്‍ക്ക് ഒരു അതിര് ഉണ്ടാക്കുകയാണ് ഞാന്‍.
ഈ ഉള്ളടക്കമോ അനുബന്ധ വിവരണങ്ങളോ പ്രചരിപ്പിക്കുന്ന എല്ലാ മാധ്യമ പ്ലാറ്റ്‌ഫോമുകളും വ്യക്തികളും അവ ഉടൻ നീക്കം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. നിങ്ങൾക്ക് 24 മണിക്കൂർ സമയമുണ്ട്. അത് കഴിഞ്ഞാല്‍ ഉചിതമായ നിയമനടപടി ആരംഭിക്കും '- ജനങ്ങളോടും മാധ്യമങ്ങളോടും സ്വകാര്യതയെ മാനിക്കണമെന്നും ക്ലിപ്പ് കൂടുതൽ പങ്കിടുന്നത് ഒഴിവാക്കണമെന്നും താരം അഭ്യർഥിച്ചു.
Adjust Story Font
16
