പിതാവ് ജെമിനി ഗണേശന്‍റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാതിരുന്ന രേഖ; വെള്ളിത്തിരയെ വെല്ലുന്ന നടിയുടെ വ്യക്തിജീവിതം
കുട്ടിക്കാലത്ത് അച്ഛനെ കണ്ടിട്ടില്ലാത്തതുകൊണ്ട് തന്നെ പിതാവിന്‍റെ അഭാവം താനറിഞ്ഞിട്ടില്ലെന്ന് രേഖ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്

- Published:
3 Jan 2026 1:57 PM IST

മുംബൈ: കുടുംബ കലഹവും പ്രണയവും വിരഹവും പ്രണയത്തകര്‍ച്ചയും നിറഞ്ഞ ഒരു കുടുംബ ചിത്രം പോലെയായിരുന്നു ബോളിവുഡ് നടി രേഖയുടെ ജീവിതവും. പ്രശസ്തരായ താരദമ്പതികൾക്ക് പിറന്ന മകളായിരുന്നെങ്കിലും അനാഥത്വം നിറഞ്ഞതായിരുന്നു രേഖയുടെ ബാല്യം. തെന്നിന്ത്യൻ സൂപ്പര്‍താരമായിരുന്ന ജെമിനി ഗണേശന്‍റെയും നടി പുഷ്പവല്ലിയുടെയും മകളായിരുന്നു രേഖ. പിതാവിന്‍റെ രഹസ്യ ബന്ധത്തിൽ പിറന്ന മകളായതുകൊണ്ട് തന്നെ രേഖയുടെ ജനനവും വാര്‍ത്തകളിൽ ഇടംനേടിയിരുന്നു. എന്നാൽ രേഖയെ ഗണേശൻ മകളായി അംഗീകരിച്ചിരുന്നില്ല. പിന്നീട് പിതാവ് മകളെ പരസ്യമായി അംഗീകരിച്ചെങ്കിലും അദ്ദേഹത്തിന്‍റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ രേഖ എത്തിയിരുന്നില്ല എന്നതും പിന്നീട് ചര്‍ച്ചയായിരുന്നു.
രേഖയുടെ അമ്മ പുഷ്പവല്ലിയുമായി പ്രണയത്തിലായിരുന്ന കാലത്ത് ജെമിനി ഗണേശൻ വിവാഹിതനായിരുന്നു. അലമേലുവായിരുന്നു ആദ്യഭാര്യ. പിന്നീട് നടി സാവിത്രി, ജൂലിയാന എന്നിവരും ജെമിനിയുടെ ജീവിതത്തിൽ പല കാലങ്ങളിലായി ഭാഗമായി. കുട്ടിക്കാലത്ത് അച്ഛനെ കണ്ടിട്ടില്ലാത്തതുകൊണ്ട് തന്നെ പിതാവിന്‍റെ അഭാവം താനറിഞ്ഞിട്ടില്ലെന്ന് രേഖ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. പിതാവിന്‍റെ സ്നേഹം എന്താണെന്ന് അറിയാത്തതുകൊണ്ട് തന്നെ എന്താണ് നഷ്ടപ്പെട്ടതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും രേഖ പറയുന്നു. “തിരിഞ്ഞു നോക്കുമ്പോൾ, ഒരുപക്ഷേ ഞാൻ അദ്ദേഹത്തെ മിസ് ചെയ്തിട്ടുണ്ടാകാം. പക്ഷേ നിങ്ങൾ രുചിച്ചിട്ടില്ലാത്ത ഒന്ന് എങ്ങനെ നിങ്ങൾക്ക് മിസ് ചെയ്യും. അച്ഛൻ എന്ന വാക്കിന്‍റെ അർഥമെന്താണെന്ന് എനിക്കറിയില്ലായിരുന്നു.” എന്നാണ് രേഖ ഒരിക്കൽ പറഞ്ഞത്. പിന്നീട് ഭാനുരേഖ എന്ന രേഖ ബോളിവുഡിലെ താരറാണിയായപ്പോൾ നടിയുടെ പിതാവ് എന്ന പേരിലാണ് ജെമിനി ഗണേശൻ അറിയപ്പെട്ടത്.
സാമ്പത്തിക ബാധ്യതകൾ മൂലം 14-ാം വയസിൽ രേഖക്ക് പഠനം നിര്‍ത്തേണ്ടിവന്നു. പിന്നീട് സിനിമയിലേക്ക് ഇറങ്ങിയ രേഖയെ അച്ഛന്‍റെയും അമ്മയുടെയും സിനിമാപാരമ്പര്യമൊന്നും തുണച്ചില്ല. ഒടുവിൽ ബോളിവുഡിലേക്ക് ചേക്കേറുകയും ഹിന്ദി സിനിമയിലെ താരമൂല്യമുള്ള നടിയായി മാറുകയുമായിരുന്നു.
വര്‍ഷങ്ങൾക്ക് ശേഷമാണ് ജെമിനി ഗണേശൻ രേഖയെ മകളായി അംഗീകരിക്കുന്നത്. 1990-ൽ മുകേഷ് അഗർവാളുമായുള്ള രേഖയുടെ വിവാഹ ചടങ്ങിൽ ജെമിനി ഗണേശൻ പങ്കെടുത്ത് മകളെ അനുഗ്രഹിച്ചു. 1994-ൽ ചെന്നൈയിൽ വെച്ച് നടന്ന ഒരു ഫിലിംഫെയർ അവാർഡ് വേദിയിൽ വെച്ചാണ് ഗണേശൻ ആദ്യമായി രേഖയെ മകളാണെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നത്. ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ് സ്വീകരിച്ചുകൊണ്ട് അദ്ദേഹം രേഖയെ "ബോംബെയിൽ നിന്നുള്ള എന്‍റെ പ്രിയപ്പെട്ട കുട്ടി" എന്ന് വിശേഷിപ്പിച്ചു. അന്ന് ആ വേദിയിൽ വെച്ച് അച്ഛന് പുരസ്കാരം സമ്മാനിച്ച രേഖ പറഞ്ഞത്, "എന്‍റെ അച്ഛനോടൊപ്പം ഈ വേദി പങ്കിടാൻ കഴിയുന്നത് ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമാണ്," എന്നാണ് രേഖ നിറകണ്ണുകളോടെ പറഞ്ഞത്.
2005ലാണ് ജെമിനി ഗണേശൻ അന്തരിച്ചത്. അന്ന് അദ്ദേഹത്തെ കാണാൻ രേഖ എത്തിയിരുന്നില്ല. ''ഞാൻ എന്തിന് സങ്കടപ്പെടണം. എന്‍റെ ജീനുകളിലൂടെയും ചിന്തകളിലൂടെയും എന്നും അദ്ദേഹം എന്നോടൊപ്പം തന്നെയുണ്ട്. അദ്ദേഹത്തോടൊപ്പം മോശം നിമിഷങ്ങൾ പങ്കിടേണ്ടി വന്നില്ല എന്നതിൽ ഞാൻ സന്തോഷിക്കുന്നു. എന്‍റെ സങ്കൽപ്പങ്ങളിൽ അദ്ദേഹം എന്നും മനോഹരമായി ജീവിക്കുന്നു" എന്നായിരുന്നു രേഖയുടെ നിലപാട്.
Adjust Story Font
16
