Quantcast

'കാന്താര' കാണുന്നവർ മാംസവും മദ്യവും കഴിക്കരുത്'; പോസ്റ്റിന്‍റെ സത്യാവസ്ഥയെന്ത്? പ്രതികരിച്ച് ഋഷഭ് ഷെട്ടി

പോസ്റ്റര്‍ വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്

MediaOne Logo

Web Desk

  • Published:

    23 Sept 2025 7:42 PM IST

കാന്താര കാണുന്നവർ മാംസവും മദ്യവും കഴിക്കരുത്;  പോസ്റ്റിന്‍റെ സത്യാവസ്ഥയെന്ത്? പ്രതികരിച്ച് ഋഷഭ് ഷെട്ടി
X

ബംഗളൂരു: ആരാധകരുടെ കാത്തിരിപ്പുകൾക്ക് ശേഷം 'കാന്താര ചാപ്റ്റര്‍ 1' റിലീസിനൊരുങ്ങുകയാണ്. കന്നഡയും മലയാളവുമടക്കം വിവിധ ഭാഷകളിലായി ഒക്ടോബര്‍ 2ന് ചിത്രം തിയറ്ററുകളിലെത്തും. ഇതിനിടെ ചിത്രം കാണാനെത്തുന്നവർ മാംസം കഴിക്കരുത്, മദ്യപിക്കരുത് തുടങ്ങിയ നിർദ്ദേശങ്ങൾ അടങ്ങിയ ഒരു പോസ്റ്റർ വൈറലായിരുന്നു. പോസ്റ്റര്‍ വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. എന്നാൽ ഈ പോസ്റ്റും കാന്താര എന്ന പ്രൊഡക്ഷൻ ഹൗസും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി പ്രതികരിച്ചു.

ബെംഗളൂരുവിൽ നടന്ന പത്രസമ്മേളനത്തിൽ ഈ വിഷയത്തിൽ ഋഷഭ് വ്യക്തത വരുത്തിയത്. "ആരുടെയും ഭക്ഷണശീലങ്ങളെയോ വ്യക്തിപരമായ ശീലങ്ങളെയോ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. ഇതെല്ലാം അവരുടെ സ്വന്തം മാനസികാവസ്ഥയെയും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ആരോ ഒരു വ്യാജ പോസ്റ്റ് അപ്‌ലോഡ് ചെയ്തു, അത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. സോഷ്യൽ മീഡിയയിൽ ഉടനടി പ്രതികരിക്കാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടാണ്. പക്ഷേ അവർ പോസ്റ്റ് നീക്കം ചെയ്യുകയും ക്ഷമാപണം നടത്തുകയും ചെയ്തു." ഋഷഭ് ഷെട്ടി പറഞ്ഞു.

"ഇതറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഞാൻ ഉടൻ തന്നെ അത് പ്രൊഡക്ഷൻ ടീമിന് അയച്ചു, ആരാണ് ഇത് ചെയ്യുന്നതെന്നും ആളുകൾ എന്ത് വിചാരിക്കുമെന്നും ചോദിച്ചു. ഓരോരുത്തരും അവരവരുടെ ജീവിതശൈലിയും ശീലങ്ങളും തെരഞ്ഞെടുക്കണം. ഇതിനെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. ഒരു സിനിമ ട്രെൻഡാകുമ്പോഴോ ഒരു ആഖ്യാനം ഉള്ളപ്പോഴോ, ചിലർ സ്വന്തം പോയിന്റുകൾ ഉയർത്തിക്കാട്ടി അതിൽ നിന്ന് മുതലെടുക്കാൻ ശ്രമിക്കുന്നു. നമ്മൾ ഇതൊന്നും ശ്രദ്ധിക്കാറില്ല, സോഷ്യൽ മീഡിയയിൽ പലരും ഈ വ്യാജ പോസ്റ്റ് തുറന്നുകാട്ടിയതും ഞാൻ കണ്ടു. പോസ്റ്റുമായി യാതൊരു ബന്ധവുമില്ല." താരം കൂട്ടിച്ചേര്‍ത്തു. പ്രൊഡക്ഷൻ ടീമിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയ ശേഷം പോസ്റ്റ് നീക്കം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

'ഒക്ടോബര്‍ രണ്ടിന് കാന്താര ചാപ്റ്റര്‍ വണ്‍' കാണുന്നതിനായി മൂന്ന് ദിവ്യവ്രതങ്ങള്‍ പാലിക്കാന്‍ പ്രേക്ഷകര്‍ സ്വമേധയാ എടുക്കുന്ന തീരുമാനമാണ് 'കാന്താര' സങ്കല്‍പം. എന്താണ് ഈ ദിവ്യവ്രതങ്ങള്‍?. ഒന്ന്, മദ്യപിക്കാതിരിക്കുക. രണ്ട്, പുകവലിക്കാതിരിക്കുക. മൂന്ന്, മാംസാഹാരം കഴിക്കാതിരിക്കുക. തീയേറ്ററുകളില്‍ 'കാന്താര: ചാപ്റ്റര്‍ വണ്‍' കാണുന്നതുവരെ ഈ മൂന്നുവ്രതങ്ങളും പാലിക്കേണ്ടതാണ്. ഗൂഗിള്‍ ഫോം പൂരിപ്പിച്ച് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കുക', എന്നായിരുന്നു പോസ്റ്ററിൽ ഉണ്ടായിരുന്നത്.

TAGS :

Next Story