Quantcast

ഇന്ത്യയുടെ ഓസ്കാർ എൻട്രി ഷോർട്ട്‌ലിസ്റ്റിൽ ഇടം പിടിച്ച് ആർആർആറും,ചെല്ലോ ഷോയും

ഡോക്യുമെന്‍ററി വിഭാഗത്തിൽ ഷോനക് സെന്നിന്‍റെ ഓൾ ദറ്റ് ബ്രീത്ത്സും, ദ എലിഫന്‍റ് വിസ്‌പേഴ്സും ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-12-22 07:45:41.0

Published:

22 Dec 2022 7:40 AM GMT

ഇന്ത്യയുടെ ഓസ്കാർ എൻട്രി ഷോർട്ട്‌ലിസ്റ്റിൽ  ഇടം പിടിച്ച് ആർആർആറും,ചെല്ലോ ഷോയും
X

വരാനിരിക്കുന്ന ഓസ്കാർ അവാർഡിന്‍റെ ഷോർട്ട്‌ലിസ്റ്റിൽ ഇടം നേടിയിരിക്കുകയാണ് ഇന്ത്യൻ ചിത്രങ്ങളായ ആർ.ആർ.ആറും, ചെല്ലോ ഷോയും. എസ്എസ് രാജമൗലിയുടെ സംവിധാനത്തിലൊരുങ്ങിയ ആർ.ആർ.ആർ മികച്ച ഒറിജിനൽ ഗാന വിഭാഗത്തിലാണ് ഇടം നേടിയിരിക്കുന്നത്. മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ പട്ടികയിലാണ് ചെല്ലോ ഷോയെ തെരെഞ്ഞെടുത്തിരിക്കുന്നത്. 2023 ലെ ഓസ്കാറിലേക്ക് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട സിനിമകളുടെ പട്ടിക വ്യാഴാഴ്ചയാണ് പുറത്ത് വിട്ടത്. ഡോക്യുമെന്‍റി ഫീച്ചർ ഫിലിം, ഷോർട്ട് ഡോക്യുമെന്‍ററി ഫിലിം, ഇന്‍റർനാഷണൽ ഫീച്ചർ ഫിലിം,ആനിമേറ്റഡ് ഷോർട്ട് ഫിലിം എന്നിങ്ങനെ 10 വിഭാഗങ്ങളിലെ ഷോർട്ട്‌ലിസ്റ്റാണ് പ്രഖ്യാപിച്ചത്.

ഡോക്യുമെന്‍ററി വിഭാഗത്തിൽ ഷോനക് സെന്നിന്‍റെ ഓൾ ദറ്റ് ബ്രീത്ത്സും, ദ എലിഫന്‍റ് വിസ്‌പേഴ്സും ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തെരഞ്ഞെടുത്ത 'ചെല്ലോ ഷോ'ക്കെതിരെ ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനു ശേഷം ഫോര്‍ യുവര്‍ കണ്‍സിഡറേഷന്‍ ക്യാംപെയ്നിലൂടെയാണ് ചിത്രം ഓസ്കാറിലേക്ക് മത്സരിക്കുന്നത്. സിനിമയിൽ ആകൃഷ്ടനായ ഗുജറാത്തി ബാലൻറെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിച്ച രാഹുൽ കോലി അർബുദബാധിതനായി മരിച്ചിരുന്നു. പാൻ നളിനാണ് ചിത്രത്തിൻറെ സംവിധായകൻ. പാൻ നളിൻറെ ആത്മകഥാംശമുള്ള ചിത്രമാണിത്. സമയ് എന്ന ഒൻപത് വയസ്സുകാരനും സിനിമ പ്രൊജക്ട് ടെക്‌നീഷ്യൻ ഫസലും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് സിനിമ പറയുന്നത്. സമയുടെ സിനിമാ സ്വപ്നങ്ങളും സെല്ലുലോയിഡിൽ നിന്ന് ഡിജിറ്റലിലേക്കുള്ള ഇന്ത്യൻ സിനിമയുടെ പരിവർത്തനവുമെല്ലാം ചിത്രത്തിന്റെ പ്രമേയമാകുന്നു. 2021ൽ ട്രിബെക്ക ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ നടന്ന വല്ലഡോലിഡ് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഛെല്ലോ ഷോ ഗോൾഡൻ സ്‌പൈക്ക് പുരസ്‌കാരം നേടിയിരുന്നു. ഭവിൻ റബാരി, ഭവേഷ് ശ്രീമാലി, റിച്ച മീന, ദിപെൻ റാവൽ, പരേഷ് മേത്ത എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രമായിരുന്നു ആര്‍.ആര്‍.ആര്‍(രുധിരം, രൗദ്രം, രണം). മികച്ച സിനിമ, സംവിധായകന്‍, നടന്‍, നടി, സഹ നടന്‍ എന്നിങ്ങനെ 14 വിഭാഗങ്ങളിലായിരുന്നു ചിത്രം മത്സരിച്ചിരുന്നത്. എന്നാൽ അവസാന ഘട്ടത്തിൽ ഒരു വിഭാഗത്തിൽ മാത്രമാണ് ചിത്രം ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത്. 450 കോടിയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുന്നേ തന്നെ 325 കോടി രൂപ സ്വന്തമാക്കി ഞെട്ടിച്ചിരുന്നു. രാം ചരണും എന്‍.ടി.ആറുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ നിര്‍ണായക വേഷങ്ങളില്‍ എത്തുകയും ചെയ്തു. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 1920കളിലെ സ്വാതന്ത്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സമര നേതാക്കളാണ് ഇവർ. ജൂനിയര്‍ എന്‍.ടി.ആര്‍ കൊമരം ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തിയത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിച്ചത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കിയത്.

TAGS :

Next Story