Quantcast

'പിന്നിലൂടെയും വശങ്ങളിലൂടെയും കൈകൾ നീണ്ടുനീണ്ട് വരുന്നു, ദേഹത്താകെ പരതുന്നു'-'കാറ്റത്തെ കിളിക്കൂടി'ന്റെ തിയറ്റർ അനുഭവം

''പുറത്തിറങ്ങിയാൽ മതിയെന്ന് തമ്മിൽത്തമ്മിൽ വിറയ്ക്കുന്ന കൈകൾ കൂട്ടിപ്പിടിച്ചു ഞങ്ങൾ തീരുമാനിച്ചു. തിയറ്ററിൽനിന്ന് വേഗമിറങ്ങി തിരക്കിലൂടെ ഓടുകയാണ്. പരസ്പരം ചേർത്തുപിടിച്ചിട്ടുണ്ട്. ആരോ പിന്നാലെ വരുന്നതുപോലെ ഒരുൾഭയം.''

MediaOne Logo

Web Desk

  • Updated:

    2023-04-10 14:04:55.0

Published:

10 April 2023 1:51 PM GMT

SSaradakuttyaboutbadmovietheaterexperience, SaradakuttyKattatheKilikkoodumovieexperience, SaradakuttyKattatheKilikkoodutheaterexperience
X

കോഴിക്കോട്: 'കാറ്റത്തെ കിളിക്കൂട്' ചിത്രത്തിന്റെ 40-ാം വാർഷികത്തിൽ പഴയ തിയറ്റർ അനുഭവത്തിന്റെ നടുക്കുന്ന ഓർമകൾ പങ്കുവച്ച് എഴുത്തുകാരി എസ്. ശാരദക്കുട്ടി. ഭരതന്റെ സംവിധാനത്തിൽ ഭരത് ഗോപിയും മോഹൻലാലും ശ്രീവിദ്യയും രേവതിയും പ്രധാന വേഷത്തിലെത്തിയ ചിത്രം നാല് പതിറ്റാണ്ടുമുൻപ് ഒന്നിച്ച് തിയറ്ററിൽ പോയി കണ്ട അഞ്ചു പെൺകുട്ടികളുടെ ദുരനുഭവമാണ് അവർ വെളിപ്പെടുത്തിയത്.

കോട്ടയത്തെ ആനന്ദ് തിയറ്ററിലായിരുന്നു നാലു കൂട്ടുകാരികൾക്കൊപ്പം സിനിമ കാണാൻ പോയത്. സിനിമ തുടങ്ങി കുറച്ചുകഴിഞ്ഞതോടെ പിന്നിൽനിന്ന് കുത്തലും തോണ്ടലും തുടങ്ങി. സേഫ്റ്റി പിന്നും ബ്ലേഡുകളുമെല്ലാം ഉപയോഗിച്ച് പ്രതിരോധിച്ചെങ്കിലും സംഘം അടങ്ങിയില്ല. നാലുപേരുടെയും പിന്നിൽനിന്നും വശങ്ങളിൽനിന്നും കൈകൾ നീണ്ടുനീണ്ടുന്ന്, അഞ്ചുപേരുടെയും ദേഹത്താകെ പരതുകയായിരുന്നുവെന്ന് ശാരദക്കുട്ടി ഫേസ്ബുക്ക് കുറിപ്പിൽ വെളിപ്പെടുത്തി.

തിയറ്റർ മാനേജറുടെ ഓഫിസിൽ ചെന്ന് പരാതി നൽകിയെങ്കിലും ശല്യക്കാരെ താക്കീത് ചെയ്ത് ഒഴിവാക്കുകയാണ് ചെയ്തത്. ഇവരെ ഇറക്കിവിടാൻ തിയറ്റർ ഉടമകൾ തയാറായില്ല. ഇന്നും 'കാറ്റത്തെ കിളിക്കൂട്' ടി.വിയിൽ കാണുമ്പോൾ തങ്ങൾ പരസ്പരം ഫോണിൽ ബന്ധപ്പെടുമെന്ന് ശാരദക്കുട്ടി പറയുന്നു. ഇന്നും ടി.വിയിൽ ആ ചിത്രം കാണാനിരുന്നാൽ, പിന്നിൽനിന്നു നീളുന്ന അറപ്പുള്ള കൈകൾ ഓർമ്മയിലെത്തുകയും സകല നിലയും തെറ്റുകയും ചെയ്യുമെന്നും ശാരദക്കുട്ടി കൂട്ടിച്ചേർത്തു.

എസ്. ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

'കാറ്റത്തെ കിളിക്കൂട്' സിനിമയുടെ 40-ാം വർഷത്തിൽ ഇന്നും മറക്കാൻ കഴിയാത്ത എന്റെ ഒരു തിയറ്ററനുഭവം പങ്കുവയ്ക്കട്ടെ.

സിനിമാതിയറ്ററുകളിൽ സി.സി.ടി.വി ഇല്ലാത്ത കാലം. ഞങ്ങൾ അഞ്ചു പെൺകുട്ടികൾ കോളജിൽനിന്ന് 'കാറ്റത്തെ കിളിക്കൂട്' കാണാൻ കോട്ടയത്തെ ആനന്ദ് തിയറ്ററിൽ മാറ്റിനിക്കു കയറി. അന്ന് ഏത് സിനിമയും റിലീസ് ചെയ്താലുടൻ കാണുക പതിവായിരുന്നു.

ഭരതന്റെ സിനിമയല്ലേ? നല്ല തിരക്കാണ്. അഞ്ച് സീറ്റ് അടുപ്പിച്ചുകിട്ടിയത് ഭാഗ്യമായി. സിനിമ തുടങ്ങി കുറച്ചുകഴിഞ്ഞപ്പോൾ ഞങ്ങൾക്ക് ചെറിയ തോണ്ടലുകൾ, കുത്തലുകൾ ഒക്കെ പിന്നിൽനിന്ന് കിട്ടാൻ തുടങ്ങി. അന്നൊക്കെ സിനിമയ്ക്കു പോകുമ്പോൾ തത്കാലാശ്വാസത്തിനായി സേഫ്റ്റി പിൻ, ബ്ലേഡ് ഇതൊക്കെ മിക്ക പെൺകുട്ടികളും കൈയിൽ കരുതും. തിരിച്ച് ചെറിയ തോതിലുള്ള പ്രതിരോധ ശ്രമങ്ങൾ നടത്തിയെങ്കിലും പിന്നിൽ ഒറ്റ ടീമായി വന്നിരിക്കുന്ന അവന്മാർക്ക് യാതൊരു അടക്കവുമില്ല.

സിനിമയിൽ രേവതി മോഹൻലാലിനോടും ശ്രീവിദ്യയോടുമുള്ള വാശിതീർക്കാൻ ഗോപിയെ പ്രലോഭിപ്പിക്കുന്ന രംഗമായി. സിനിമയിലേതിനെക്കാൾ സംഘർഷം ഞങ്ങൾക്ക്. സിനിമ ശ്രദ്ധിക്കാനേ കഴിയുന്നില്ല. ഞങ്ങളുടെ പിന്നിലൂടെയും വശങ്ങളിലൂടെയും കൈകൾ നീണ്ടുനീണ്ട് വരുന്നു. ദേഹത്താകെ പരതുന്നു. ഉടൻതന്നെ മാനേജറുടെ ഓഫിസിൽ ചെന്ന് പ്രശ്‌നം അവതരിപ്പിച്ചു. അവർ വന്ന് ശല്യകാരികളെ ഒന്നു താക്കീതു ചെയ്തു. ഇറക്കിവിട്ടൊന്നുമില്ല.

ഞങ്ങൾ സിനിമ കാണാൻ ശ്രമിച്ചെങ്കിലും ശ്രദ്ധ കിട്ടുന്നില്ല. ഒരു മനസ്സമാധാനവുമില്ല. തിയറ്റർ വിട്ട് ഇറങ്ങിപ്പോയതുമില്ല. തിരിഞ്ഞു രണ്ടടി കൊടുക്കാമായിരുന്നു എന്നൊക്കെ ഇന്ന് തോന്നുന്നുണ്ട്. അന്നൊന്നും ചെയ്തില്ല.

അതെന്താന്നു ചോദിച്ചാൽ അറിയില്ല. അന്നത്തെ കാലത്ത് ചില ഭയങ്ങൾ അങ്ങനെയാണ് പ്രവർത്തിച്ചത് എന്നേ ഉത്തരമുള്ളൂ. ആൾക്കൂട്ടത്തിന്റെ കൂടെ ഒരുമിച്ച് പുറത്തിറങ്ങിയാൽ മതിയെന്ന് തമ്മിൽത്തമ്മിൽ വിറയ്ക്കുന്ന കൈകൾ കൂട്ടിപ്പിടിച്ചു ഞങ്ങൾ തീരുമാനിച്ചു. ഞങ്ങളാണ് തെറ്റുകാരികളെന്ന് സ്വയം കുറ്റപ്പെടുത്തി. എങ്ങനെയോ രണ്ടര മണിക്കൂർ തള്ളിനീക്കി. സിനിമ തീർന്നപ്പോഴും ഭയം കുറ്റവാളികൾക്കല്ല, ഞങ്ങൾക്കാണ്. അവന്മാരെ വെളിച്ചത്ത് തിരിച്ചറിയാമല്ലോ എന്നല്ല, അവന്മാർ ഇരുട്ടത്ത് ഞങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നാണ് വേവലാതി. ഞങ്ങളുടെ ഭയം അങ്ങനെയാണ് പഠിപ്പിച്ചിരുന്നത്.

തിയറ്ററിൽനിന്ന് വേഗമിറങ്ങി തിരക്കിലൂടെ ഓടുകയാണ്. പരസ്പരം ചേർത്തുപിടിച്ചിട്ടുണ്ട്. ആരോ പിന്നാലെ വരുന്നതുപോലെ ഒരുൾഭയം. ആളൊഴിഞ്ഞ ഇടവഴിയിൽ ചെന്ന് ശ്വാസം നേരെവിട്ട് ശ്രദ്ധിച്ചപ്പോഴാണ്, ഞങ്ങളിൽ ഒരാളുടെ നീളമുള്ള തലമുടി ബ്ലേഡ് കൊണ്ട് പലയിടത്തും മുറിച്ചുകളഞ്ഞിരിക്കുന്നു. ഒരാളുടെ വെളുത്ത പാവാടയിൽ നിറയെ മുറുക്കിത്തുപ്പിയിരിക്കുന്നു.

ഇന്നും 'കാറ്റത്തെ കിളിക്കൂട്' ടി.വിയിൽ കാണുമ്പോൾ ഞങ്ങൾ പരസ്പരം ഫോണിൽ ബന്ധപ്പെടും. ബലവാന്മാരെയും തെമ്മാടികളെയും ഭയന്ന് നിശ്ശബ്ദരായിപ്പോയ പെൺകുട്ടിക്കാലത്തിന്റെ പേടിപ്പെടുത്തുന്ന ഓർമ്മയാണ് ഇന്നും ആ ചിത്രം. ശരീരത്തിന്മേലുള്ള കടന്നുകയറ്റത്തിന്റെ ഭയങ്ങൾ ജീവിതാവസാനം വരെ പിന്തുടരും. 'കാറ്റത്തെ കിളിക്കൂട്' എന്ന പേരുപോലെ തന്നെയാണ് ആ അനുഭവവും.

കണ്ട സിനിമകളിലെ ഡയലോഗും രംഗങ്ങളുമെല്ലാം മനഃപാഠമാക്കാറുള്ള എനിക്ക് ഈ ചിത്രത്തെ കുറിച്ച് ഒന്നും പറയാനറിയില്ല. ഇന്നും ടി.വിയിൽ ആ ചിത്രം കാണാനിരുന്നാൽ, പിന്നിൽനിന്നു നീളുന്ന അറപ്പുള്ള കൈകൾ ഓർമ്മയിലെത്തും. സകല നിലയും തെറ്റും.

അതെ, ഭയന്നുവിറച്ച ആ 'കാറ്റത്തെ കിളിക്കൂടി'ന് 40 വർഷം.

Summary: Malayalam writer S Saradakutty recounts her 40 year old theatre experience of Mohanlal and Revathi starrer 'Kattathe Kilikkoodu' movie

TAGS :

Next Story