Quantcast

'മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കൊപ്പം നിറഞ്ഞു നിന്ന സസ്യ ശാസ്ത്ര ലോകത്തെ സൂപ്പര്‍സ്റ്റാര്‍'; അറിയാമോ 'സക്കാറം സ്പോണ്ടേനിയ'ത്തെക്കുറിച്ച്

ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ ഇന്ത്യൻ കരിമ്പുപാടങ്ങൾ കണ്ണീർപ്പാടങ്ങളായിരുന്നു

MediaOne Logo

Web Desk

  • Updated:

    2025-08-13 09:16:43.0

Published:

13 Aug 2025 2:31 PM IST

മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കൊപ്പം നിറഞ്ഞു നിന്ന സസ്യ ശാസ്ത്ര ലോകത്തെ സൂപ്പര്‍സ്റ്റാര്‍; അറിയാമോ സക്കാറം സ്പോണ്ടേനിയത്തെക്കുറിച്ച്
X

ഇന്ത്യൻ സിനിമയെ സംബന്ധിച്ചിടത്തോളം ഗാനരംഗങ്ങൾ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ഒരു പാട്ട് സീൻ ചിത്രീകരിക്കാനായി കോടികൾ പോലും മുടക്കുന്നവരാണ് ഇവിടുത്തെ നിര്‍മാതാക്കൾ. അതോടൊപ്പം ഗാനരംഗങ്ങളിലെ ഒരു സീൻ പോലും വിടാതെ ഓര്‍ത്തിരിക്കുന്ന പ്രേക്ഷകരുമുണ്ടാകും. അത്തരക്കാര്‍ ഒരു പക്ഷേ ശ്രദ്ധിച്ചിട്ടുണ്ടാകും ഈ സൂപ്പര്‍സ്റ്റാറിനെ. പ്രത്യേകിച്ചും 80 -90 കാലഘട്ടത്തിൽ ഇറങ്ങിയ മലയാള സിനിമകളിൽ ഈ താരമുണ്ട്. സക്കാറം സ്പോണ്ടേനിയം എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന കാട്ടുകരിമ്പ് എന്ന പുല്ല്.

ഗാനരംഗങ്ങളില്‍ താരങ്ങള്‍ക്കൊപ്പം, ഒരുപക്ഷേ അവരെക്കാൾ തലയെടുപ്പോടെ, കാറ്റിലാടി നിൽക്കുന്ന ആ പുൽച്ചെടി, അത് വെറുമൊരു പുല്ലല്ലെന്നും ഒരു രാജ്യത്തിൻ്റെയാകെ മധുരം കാത്ത, യഥാർഥ സ്റ്റാർ ആ സസ്യമാണെന്നും അധ്യാപകനും ശാസ്ത്ര ലേഖകനുമായ സുരേഷ് കുട്ടി ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

സൂപ്പർ സ്റ്റാർ സസ്യങ്ങൾ: കാട്ടുകരിമ്പ് (Saccharum spontaneum)

ഹോളിവുഡിലെ പ്രശസ്തമായ 'ദി ബിഗ് ബാംഗ് തിയറി' എന്ന സിറ്റ്കോം സീരീസ് കണ്ടിട്ടുള്ളവര്‍ക്ക് അറിയാം… അതിൽ ഷെൽഡനും കൂട്ടുകാരും മാത്രമല്ല താരങ്ങൾ. സ്റ്റീഫൻ ഹോക്കിംഗ്, നീൽ ഡിഗ്രാസ് ടൈസൺ, ബിൽ നൈ, ബഹിരാകാശ സഞ്ചാരിയായ ബസ്സ് ആൽഡ്രിൻ തുടങ്ങിയ ശാസ്ത്രലോകത്തെ ഇതിഹാസങ്ങൾ തന്നെ അതിഥികളായി (Cameo) സ്ക്രീനിലെത്തിയിട്ടുണ്ട്.

യഥാർഥ ജീവിതത്തിലെ സൂപ്പർസ്റ്റാറുകൾ വെള്ളിത്തിരയിൽ ഒരു നിമിഷം മിന്നിമറയുന്നത് പ്രേക്ഷകർക്ക് എന്നും ആവേശമാണ്. എന്നാൽ ചിലപ്പോൾ, ഒരു യഥാർത്ഥ ശാസ്ത്രീയ സൂപ്പർസ്റ്റാർ ആരുമറിയാതെ നമ്മുടെ സിനിമകളിൽ അഭിനയിച്ചുപോകാറുണ്ട്. സസ്യ ശാസ്ത്ര ലോകത്തെ ഒരു സൂപ്പര്‍ സ്റ്റാര്‍ ഇങ്ങനെ അധികം ശ്രദ്ധിക്കപെടാതെ ചില മലയാള സിനിമകളില്‍ പൂ മുഖം കാണിച്ചിട്ടുണ്ട്.

1996-ൽ സല്ലാപത്തിലെ "പഞ്ചവർണ്ണ പൈങ്കിളി പെണ്ണേ..." എന്ന ഗാനരംഗത്ത് മഞ്ജു വാര്യർക്കൊപ്പം, ലേഡി സൂപ്പര്‍ സ്റ്റാറിന്‍റെ കയ്യില്‍ പിടിച്ച് ആ സ്റ്റാര്‍ ആടി ഉലഞ്ഞു. അതിനും ഒരു വർഷം മുൻപ്, മഴയെത്തും മുൻപേ യിലെ "എന്തിനു വേറൊരു സൂര്യോദയം" എന്ന ഗാനത്തിൽ, ചില ഷോട്ടുകളിൽ മെഗാസ്റ്റാർ മമ്മൂട്ടിക്കും ശോഭനക്കും ഒപ്പം ആ താരം സ്ക്രീനിൽ നിറഞ്ഞുനിന്നു. അതെ, ആരും ശ്രദ്ധിക്കാതെ പോയ ആ അതിഥി താരം, ഇന്ത്യൻ കാർഷിക ചരിത്രത്തിലെ ഒരു നിശ്ശബ്ദ വിപ്ലവത്തിന്‍റെ നായക/നായിക നക്ഷത്രം ആയിരുന്നു. സക്കാറം സ്പോണ്ടേനിയം (Saccharum spontaneum) അഥവാ നമ്മുടെ കാട്ടുകരിമ്പ് എന്ന പുല്ല്…

ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ ഇന്ത്യൻ കരിമ്പുപാടങ്ങൾ കണ്ണീർപ്പാടങ്ങളായിരുന്നു. നമ്മുടെ കർഷകർ വിളയിച്ചിരുന്ന തദ്ദേശീയ കരിമ്പിനങ്ങൾക്ക് (Saccharum barberi) മധുരം കുറവായിരുന്നു, ഉത്പാദനക്ഷമത ഹെക്ടറിന് വെറും 10 ടണ്ണിൽ താഴെയും. തൽഫലമായി, മധുരമേറിയ 'പ്രഭുക്കന്മാരായ' കരിമ്പിനങ്ങൾ (Saccharum officinarum) കൃഷി ചെയ്തിരുന്ന ജാവ പോലുള്ള ദൂരദേശങ്ങളിൽ നിന്ന് പഞ്ചസാര ഇറക്കുമതി ചെയ്യേണ്ട ഗതികേടിലായിരുന്നു ഇന്ത്യ.

ഈ ഇനങ്ങൾക്ക് ഇന്ത്യൻ മണ്ണിലെ രോഗങ്ങളെ അതിജീവിക്കാൻ കരുത്തില്ലായിരുന്നു. ഇതിൽ ഏറ്റവും വിനാശകാരിയായ 'ചുവന്ന അഴുകൽ' (Red Rot) രോഗം ലക്ഷക്കണക്കിന് കർഷകരുടെ സ്വപ്നങ്ങളെ ചുവപ്പിച്ചു കൊന്നു. വിളവ് തുച്ഛം, രാജ്യം പഞ്ചസാരയ്ക്കായി വിദേശത്തെ ആശ്രയിക്കുന്നു. ഈ കയ്പേറിയ യാഥാർത്ഥ്യമാണ് ഒരു വലിയ ശാസ്ത്രീയ മുന്നേറ്റത്തിന് കളമൊരുക്കിയത്.

ഈ പ്രതിസന്ധിക്ക് പരിഹാരം കാണാനായി 1912-ൽ ബ്രിട്ടീഷ് സർക്കാർ കോയമ്പത്തൂരിൽ കരിമ്പ് പ്രജനന കേന്ദ്രം (Sugarcane Breeding Institute) സ്ഥാപിച്ചു. അതിന്റെ അമരക്കാരായിരുന്നത് ഡോ. ചാൾസ് ആൽഫ്രഡ് ബാർബർ എന്ന സസ്യശാസ്ത്രജ്ഞനും അദ്ദേഹത്തിന്റെ സഹായിയായ ടി.എസ്. വെങ്കടരാമനുമായിരുന്നു. ഇന്ത്യൻ ഗ്രാമങ്ങളിലെ പാതയോരങ്ങളിൽ വളർന്നിരുന്ന, രോഗങ്ങളെ അതിജീവിക്കാൻ കരുത്തുള്ള കാട്ടുപുല്ലായ നമ്മുടെ താരം Saccharum spontaneum ത്തെ, മധുരമുള്ള S. officinarum മായി സങ്കലനം നടത്തുക എന്ന വിപ്ലവകരമായ ആശയം നടപ്പിലാക്കിയത് ഈ കൂട്ടുകെട്ടാണ്. 'നോബിലൈസേഷൻ' എന്ന് വിളിക്കപ്പെട്ട ഈ പ്രക്രിയയുടെ ആദ്യവിജയമായ Co 205 എന്ന സങ്കരയിനം 1918-ൽ പുറത്തിറങ്ങി. ഇത് പഞ്ചാബിലെ കരിമ്പ് കർഷകർക്ക് 50% അധിക വിളവ് നൽകി. ഇന്ത്യയുടെ പഞ്ചസാര വിപ്ലവത്തിന് തിരികൊളുത്തിയ യഥാർത്ഥ ചരിത്രനിമിഷമായിരുന്നു അത്.

ഈ വിപ്ലവത്തിന്റെ അടുത്ത ഘട്ടത്തിലാണ് തലശ്ശേരിയിൽ നിന്നുള്ള എടവലത്ത് കക്കാട്ട് ജാനകി അമ്മാൾ എന്ന സസ്യശാസ്ത്രജ്ഞയുടെ വരവ്. 1934-ൽ കോയമ്പത്തൂരിലെ കരിമ്പ് പ്രജനന കേന്ദ്രത്തിൽ കോശജനിതകശാസ്ത്രജ്ഞയായി (Cytogeneticist) എത്തുമ്പോൾ, അവർക്ക് തികച്ചും വ്യത്യസ്തമായ ഒരു ദൗത്യമാണുണ്ടായിരുന്നത്. ബാർബറും വെങ്കടരാമനും പ്രായോഗികമായി വിജയിപ്പിച്ച സങ്കലനത്തിന്റെ ശാസ്ത്രീയ രഹസ്യങ്ങൾ അനാവരണം ചെയ്യുക എന്നതായിരുന്നു അത്.

കരിമ്പിന്റെ സങ്കീർണ്ണമായ ക്രോമസോം ഘടനയെക്കുറിച്ച് ആഴത്തിൽ പഠിച്ച അവർ, ഈ സങ്കരയിനങ്ങൾ എന്തുകൊണ്ട് വിജയിച്ചു എന്ന് ശാസ്ത്രീയമായി വിശദീകരിച്ചു. കരിമ്പിനെ ചോളം, മുള എന്നിവയുമായി സങ്കലനം നടത്തുന്ന അസാധ്യമെന്ന് കരുതിയ പരീക്ഷണങ്ങൾക്കും അവർ നേതൃത്വം നൽകി.

എന്നാൽ പുരുഷാധിപത്യം കൊടികുത്തിവാണ ശാസ്ത്രലോകത്ത്, ഒരു സ്ത്രീ എന്ന നിലയിൽ അവർക്ക് കടുത്ത വിവേചനം നേരിടേണ്ടി വന്നു എന്ന് കൂടെ പറയാതെ വയ്യ. സ്വന്തം കണ്ടെത്തലുകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പോലും പുരുഷ സഹപ്രവർത്തകർ അവരെ തടഞ്ഞു. കോയമ്പത്തൂരിലെ "കപട-ശാസ്ത്രീയ" അന്തരീക്ഷത്തിൽ താൻ നേരിട്ട "ക്രൂരമായ പീഡനങ്ങളെക്കുറിച്ച്" അവർ പിന്നീട് പ്രശസ്ത ശാസ്ത്രജ്ഞനായ സി.ഡി. ഡാർലിംഗ്ടനുള്ള കത്തുകളിൽ എഴുതിയിട്ടുണ്ട്. എന്നാൽ, തളരാതെ മുന്നോട്ട് പോയ ആ ധീരവനിത, ഇന്ത്യൻ ശാസ്ത്രത്തിന് നൽകിയത് വിലമതിക്കാനാവാത്ത സംഭാവനകളാണ്.

ഈ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി പിറന്ന 'കോ-കെയ്ൻസ്' (Co-canes) എന്ന പുതിയ കരിമ്പിനങ്ങൾ ഇന്ത്യയിലുടനീളം ഒരു തരംഗം സൃഷ്ടിച്ചു. അവയ്ക്ക് ഉയർന്ന വിളവ് നൽകാനും രോഗങ്ങളെ ചെറുക്കാനും ഇന്ത്യൻ കാലാവസ്ഥയിൽ തഴച്ചുവളരാനും കഴിഞ്ഞു. 1930-ൽ ഹെക്ടറിന് 30.9 ടൺ മാത്രമായിരുന്ന കരിമ്പ് ഉത്പാദനം, ഈ പുതിയ ഇനങ്ങളുടെ വരവോടെ കുതിച്ചുയർന്നു. പഞ്ചസാര ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദകരിൽ ഒന്നായി മാറി.

ബാർബർ, വെങ്കടരാമൻ, ജാനകി അമ്മാൾ തുടങ്ങിയ ഒരു കൂട്ടം ശാസ്ത്രജ്ഞരുടെ ദീർഘവീക്ഷണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായിരുന്നു, ഇന്ത്യൻ കാർഷികരംഗത്ത് കരിമ്പിൻ്റെ എക്കാലത്തെയും വലിയ ഒരു ബ്ലോക്ക്ബസ്റ്റർ ഹിറ്റ് സമ്മാനിച്ചത്. സല്ലാപമോ മഴയെത്തും മുൻപേയോ കാണുമ്പോൾ, ആ ഗാനരംഗങ്ങളില്‍ താരങ്ങള്‍ക്കൊപ്പം, ഒരുപക്ഷേ അവരെക്കാൾ തലയെടുപ്പോടെ, കാറ്റിലാടി നിൽക്കുന്ന ആ പുൽച്ചെടി, അത് വെറുമൊരു പുല്ലല്ല. ഒരു രാജ്യത്തിൻ്റെയാകെ മധുരം കാത്ത, യഥാർത്ഥ സ്റ്റാർ ആ സസ്യമാണ്.

TAGS :

Next Story