Quantcast

'അതൊരു മോശം തമാശ'; ട്വീറ്റില്‍ മാപ്പു ചോദിച്ച് നടന്‍ സിദ്ധാര്‍ത്ഥ്, സെയ്ന നെഹ്‍വാളിന്‍റെ മറുപടി

വിഷയം സ്ത്രീകളുമായി ബന്ധപ്പെട്ടതാണെന്നും വിവാദമായതിന് ശേഷം താരത്തിന്‍റെ നിലപാട് മാറിയതില്‍ അത്ഭുതം തോന്നുന്നതായും സെയ്ന

MediaOne Logo

ijas

  • Updated:

    2022-01-12 12:02:54.0

Published:

12 Jan 2022 11:53 AM GMT

അതൊരു മോശം തമാശ; ട്വീറ്റില്‍ മാപ്പു ചോദിച്ച് നടന്‍ സിദ്ധാര്‍ത്ഥ്, സെയ്ന നെഹ്‍വാളിന്‍റെ മറുപടി
X

ബാഡ്മിന്‍റണ്‍ താരം സെയ്ന നെഹ്‍വാളിനെതിരായ ട്വീറ്റില്‍ നടന്‍ സിദ്ധാര്‍ത്ഥ് മാപ്പു ചോദിച്ചു. പരുഷമായ ആ തമാശയില്‍ മാപ്പു ചോദിക്കുന്നതായും സ്ത്രീയെന്ന നിലയില്‍ ആക്രമിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല ട്വീറ്റെന്നും സിദ്ധാര്‍ത്ഥ് പ്രതികരിച്ചു. ട്വീറ്ററില്‍ പങ്കുവെച്ച വിശദീകരണ കുറിപ്പിലാണ് സിദ്ധാര്‍ത്ഥ് സെയ്ന നെഹ്‍വാളിനോട് മാപ്പു പറഞ്ഞത്. സെയ്ന നെഹ്‍വാളിനെ ടാഗ് ചെയ്തു കൊണ്ടാണ് സിദ്ധാര്‍ത്ഥിന്‍റെ വിശദീകരണ കുറിപ്പ്.

സിദ്ധാര്‍ത്ഥിന്‍റെ വിശദീകരണ കുറിപ്പില്‍ നിന്നും:

കഴിഞ്ഞ ദിവസം നിങ്ങളുടെ ട്വീറ്റിന് താഴെ ഞാൻ പങ്കുവെച്ച പരുഷമായ തമാശയ്ക്ക് ക്ഷമ ചോദിക്കുന്നു. നിങ്ങളുമായി പല കാര്യങ്ങളിലും എനിക്ക് വിയോജിപ്പുകളുണ്ട്. എങ്കിലും നിങ്ങളുടെ ട്വീറ്റ് വായിച്ചപ്പോൾ എനിക്കു തോന്നിയ നിരാശയും ദേഷ്യവും എന്‍റെ വാക്കുകളെയും അതിന്‍റെ അർഥത്തെയും ന്യായീകരിക്കാൻ കാരണമല്ല. ഇനി ആ തമാശയെക്കുറിച്ച്... ഒരു തമാശ മറ്റുള്ളവർക്ക് വിവരിച്ചു കൊടുക്കേണ്ടി വന്നാൽ അത് നല്ല തമാശ അല്ലെന്നാണ് അർത്ഥം.

എന്നിരുന്നാലും, എന്‍റെ തമാശയ്ക്ക് പല കോണുകളിൽ നിന്നും ആരോപിക്കപ്പെടുന്ന ദുരുദ്ദേശ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്ന് ഞാൻ തറപ്പിച്ചു പറയും. ഫെമിനിസം എന്ന ആശയത്തെ പിന്തുണയ്ക്കുന്ന ഒരു വ്യക്തിയാണ് ഞാൻ, അതിനാൽ എന്‍റെ ട്വീറ്റിൽ ലിംഗഭേദമായ് യാതൊരു അർഥവും സൂചിപ്പിച്ചിട്ടില്ലെന്നും ഒരു സ്ത്രീയെന്ന നിലയിൽ നിങ്ങളെ ആക്രമിക്കാനുള്ള ഉദ്ദേശ്യമില്ലായിരുന്നു എന്നും ഞാൻ ഉറപ്പ് നൽകുന്നു. ഈ വിഷയം നമുക്ക് മറന്നുകളയാമെന്നും നിങ്ങൾ എന്‍റെ കത്ത് സ്വീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു.

നിങ്ങൾ എക്കാലവും എന്‍റെ ചാമ്പ്യനായിരിക്കും.

അതെ സമയം സിദ്ധാര്‍ത്ഥിന്‍റെ മാപ്പു ചോദിച്ചുള്ള കത്തിന് സെയ്ന നെഹ്‍വാള്‍ മറുപടി നല്‍കി. വിഷയം സ്ത്രീകളുമായി ബന്ധപ്പെട്ടതാണെന്നും വിവാദമായതിന് ശേഷം താരത്തിന്‍റെ നിലപാട് മാറിയതില്‍ അത്ഭുതം തോന്നുന്നതായും സെയ്ന പ്രതികരിച്ചു.

അദ്ദേഹമാണ് എല്ലാം പറഞ്ഞത്. എന്നിട്ടിപ്പോ അയാള്‍ തന്നെ മാപ്പ് പറഞ്ഞിരിക്കുന്നു. ആ ദിവസം ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി എന്‍റെ പേര് കണ്ടപ്പോള്‍ അത്ഭുതം തോന്നിപോയി. ഞാനദ്ദേഹത്തോട് സംസാരിച്ചിട്ടുപോലുമില്ല, പക്ഷേ അദ്ദേഹം മാപ്പു പറഞ്ഞതില്‍ സന്തോഷിക്കുന്നു. ഇതൊരു സ്ത്രീയെ കുറിച്ചാണ് സംസാരിക്കുന്നത്. ഒരു സ്ത്രീയെയും ഇതുപോലെ ഉന്നമിടരുത്. എന്തുതന്നെയായാലും എന്‍റെതായ ഇടത്തില്‍ ഞാന്‍ സന്തോഷവതിയാണ്. ദൈവം അനുഗ്രഹിക്കട്ടെ- സെയ്ന പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു സിദ്ധാർഥ് സൈനയുടെ പോസ്റ്റ് പങ്കുവെച്ച് വിവാദ പരാമർശം നടത്തിയത്. പ്രധാനമന്ത്രി മോദി പഞ്ചാബ് യാത്ര ഉപേക്ഷിച്ച് തിരിച്ചെത്തിയതിനെ കുറിച്ച് പ്രതികരിച്ചുകൊണ്ട് സൈന നെഹ്‌വാൾ ട്വീറ്റ് ചെയ്തു, "സ്വന്തം പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്താൽ ഒരു രാജ്യത്തിനും സ്വയം സുരക്ഷിതമാണെന്ന് അവകാശപ്പെടാനാവില്ല. പ്രധാനമന്ത്രി മോദിക്കെതിരായ ഭീരുവായ ആക്രമണത്തെ ഞാൻ അപലപിക്കുന്നു. അരാജകവാദികൾ'.

ഈ പോസ്റ്റ് പങ്കുവെച്ച സിദ്ധാര്‍ത്ഥ് 'സബ്ടിൽ കോക്ക് ചാമ്പ്യൻ ഓഫ് ദി വേൾഡ്. ദൈവത്തിന് നന്ദി. ഞങ്ങൾക്ക് ഇന്ത്യയുടെ സംരക്ഷകരുണ്ട്. ലജ്ജിക്കുന്നു റിഹാന'- എന്ന് കുറിച്ച് റീ ട്വീറ്റ് ചെയ്തു. ഇത് വലിയ വിവാദങ്ങളിലേക്കാണ് പിന്നീട് വഴിവെച്ചത്. ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ അടക്കമുള്ളവര്‍ ട്വീറ്റിനെ വിമർശിച്ചു രംഗത്ത് വന്നതോടെയാണ് സിദ്ധാര്‍ത്ഥ് പരസ്യമായി മാപ്പ് അപേക്ഷയുമായി രംഗത്തുവന്നത്.

TAGS :

Next Story