Quantcast

ഷെയിന്‍ എഡിറ്റിംഗ് കാണണമെന്നു പറഞ്ഞതില്‍ എന്താണ് തെറ്റ്? ആക്രമിക്കാന്‍ ഇട്ടുകൊടുക്കരുതായിരുന്നുവെന്ന് സാന്ദ്ര തോമസ്

സംവിധായകരും നിര്‍മാതാക്കളുമെല്ലാം എഡിറ്റ് കാണാന്‍ പറയാറുണ്ട്

MediaOne Logo

Web Desk

  • Published:

    4 May 2023 5:29 AM GMT

sandra thomas/shane nigam
X

സാന്ദ്ര തോമസ്/ ഷെയിന്‍ നിഗം

കൊച്ചി: നടന്‍ ഷെയിന്‍ നിഗത്തിനെതിരെയുള്ള സിനിമ സംഘടനകളുടെ നടപടിയെ വിമര്‍ശിച്ച് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ്. ഷെയിന്‍ വിഷയം ഇങ്ങനെയായിരുന്നില്ല കൈകാര്യം ചെയ്യേണ്ടിയിരുന്നത്. പരാതിയുണ്ടായിരുന്നെങ്കില്‍ അത് അസോസിയേഷനുള്ളില്‍ തീരേണ്ട കാര്യമാണ്. ഷെയിന്‍ എഡിറ്റിങ് കാണണം എന്നു പറഞ്ഞതില്‍ തെറ്റില്ലെന്നും സാന്ദ്ര തോമസ് പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്‍റെ സെലിബ്രിറ്റി ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു സാന്ദ്ര.



'എഡിറ്റ് ചെയ്ത വിഷ്വലുകള്‍ കാണണം എന്ന് അഭിനേതാക്കള്‍ ആവശ്യപ്പെടുന്നതില്‍ തെറ്റൊന്നുമില്ല. നമ്മള്‍ എടുക്കുന്ന അതേ റിസ്‌ക് തന്നെയാണ് അവരും എടുക്കുന്നത്. സിനിമ മോശമായാല്‍ അവരുടെ ജീവിതത്തെ തന്നെയാണ് ബാധിക്കുന്നത്. എല്ലാ സെറ്റിലും എല്ലാവരും എഡിറ്റ് കാണാറുണ്ട്. ഷെയിന്‍ എഡിറ്റ് കാണണം എന്നു പറഞ്ഞതില്‍ എന്താണ് തെറ്റ് എന്ന് എനിക്ക് മനസിലാകുന്നില്ല. താന്‍ പറയുന്ന രീതിയില്‍ മാറ്റണം എന്നു പറഞ്ഞാല്‍ അതില്‍ വിഷയമുണ്ട്. അവരോട് പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി കഥ പോകുന്നു എന്നു തോന്നിയതുകൊണ്ടാകണമല്ലോ എഡിറ്റ് കാണണം എന്നു പറയുന്നത്. സംവിധായകരും നിര്‍മാതാക്കളുമെല്ലാം എഡിറ്റ് കാണാന്‍ പറയാറുണ്ട്. അസോസിയേഷന്‍ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത് മറ്റ് പരാതികള്‍ ഉള്ളതുകൊണ്ടാണെന്നാണ് ഞാന്‍ കേട്ടത്. ചിലപ്പോള്‍ ഈഗോ ഇഷ്യു ആകാം.'- സാന്ദ്ര പറഞ്ഞു.

'26 വയസുള്ള പയ്യനാണ്, പൊതുസമൂഹത്തിന്‍റെ മുന്നിലേക്ക് ഇട്ടുകൊടുത്തിട്ട് അറ്റാക്ക് ചെയ്യേണ്ട കാര്യമില്ലായിരുന്നു എന്ന് തോന്നി. അത് മാനസികമായി ഒരാളെ എത്രക്കോളം തകര്‍ക്കും. ഷെയിനിന് എതിരെയുള്ള പരാതിയായി വന്നിട്ടുണ്ടായിരുന്നെങ്കില്‍ അത് അസോസിയേഷനില്‍ തന്നെ തീരേണ്ട പ്രശ്‌നമായിരുന്നു. ഒരു പരാതിയായിട്ട് അവിടെ ചെന്നിട്ടില്ല എന്നാണ് ഞാന്‍ അറിഞ്ഞത്. അതിനോടാണ് എനിക്ക് അഭിപ്രായവ്യത്യാസം. പിന്നെ എന്തിനാണ് അസോസിയേഷന്‍?. ഷെയിന്‍ അയച്ചു എന്നു പറയുന്ന മെയില്‍ വരെ പുറത്തുവന്നു. സോഫിയ പോളിന്റെ മെയിലും പുറത്തുവന്നു. ഇതൊന്നും രഹസ്യമായി സൂക്ഷിക്കാനാവുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് അസോസിയേഷന്‍?. നമ്മള്‍ വിശ്വസിച്ചു എങ്ങനെ ഒരു പരാതി കൊടുക്കും?. ഞാന്‍ ഇതുപോലെ ഒരു പരാതി കൊടുത്തപ്പോള്‍ എനിക്കും ഇങ്ങനെയാണ് അനുഭവമുണ്ടായത്. കൊടുത്ത് അര മണിക്കൂറിനകം പത്രക്കാരുടെ കോളാണ് വന്നത്. ഞാന്‍ ഞെട്ടിപ്പോയി. ഇതെല്ലാം അസോസിയേഷന്‍ തിരുത്തേണ്ട കാര്യമാണ്.'



ഇത്തരം നടപടികള്‍ ഷെയിനിന്റെ ഭാവി ജീവിതത്തെ ബാധിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു. എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും അവന്‍ മയക്കുമരുന്നാണ് എന്ന് പറഞ്ഞല്ലേ ആളുകള്‍ കാണുകയുള്ളൂ. കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞ് അവന് കുടുംബവും കുട്ടികളായാലും ഇങ്ങനെയല്ലേ കാണൂ. അസോസിയേഷനില്‍ ഉള്ളവര്‍ക്കും ഈ പ്രായത്തില്‍ മക്കള്‍ ഉള്ളതല്ലേയെന്നും സാന്ദ്ര ചോദിച്ചു.

നടപടി നേരിട്ട ഷെയിന്‍ നിഗത്തേയും ശ്രീനാഥ് ഭാസിയേയും നായകരാക്കി സിനിമ ചെയ്യുമോ എന്ന ചോദ്യത്തിന് അതില്‍ തനിക്ക് ഉത്തരം പറയാനാവില്ലെന്ന് സാന്ദ്ര പറഞ്ഞു. 'സിനിമ എന്നു പറയുന്നത് ബിസിനസാണ്. ഇവരുടെ രണ്ടുപേരുടേയും പടങ്ങള്‍ പ്രദര്‍ശിപ്പിക്കില്ല എന്ന് തിയറ്ററുകാരില്‍ നിന്ന് അനുവാദമെടുക്കുകയാണ് ചെയ്തത്. ഒരു നിര്‍മാതാവായ ഞാന്‍ എങ്ങനെയാണ് തിയറ്ററില്‍ ഇറക്കാന്‍ പറ്റാത്ത ചിത്രം ചെയ്യുക. സാറ്റലൈറ്റിലും ഒടിടിയിലുമെല്ലാം സ്വാധീനമുള്ളവരാണല്ലോ ഇവര്‍. ഇവിടെ എല്ലാം ബ്ലോക്ക് വന്നാല്‍ എങ്ങനെ സിനിമ ചെയ്യും?. എന്നെ കൊണ്ടുപോയി കുഴിയില്‍ ചാടിച്ചിട്ട് എനിക്ക് ആരെയും രക്ഷപ്പെടുത്താനാവില്ല.'- സാന്ദ്ര കൂട്ടിച്ചേര്‍ത്തു.



TAGS :

Next Story