Quantcast

ഗോവ രാജ്യാന്തര ചലച്ചിത്രമേള; 'കാതല്‍’ അടക്കം ഏഴ് മലയാള ചിത്രങ്ങള്‍ പനോരമയില്‍, ‘ആട്ടം’ ഉദ്ഘാടനചിത്രം

നവംബര്‍ 20 മുതല്‍ 28വരെയാണ് ഗോവ രാജ്യാന്തര ചലച്ചിത്ര മേള.

MediaOne Logo

Web Desk

  • Published:

    23 Oct 2023 1:31 PM GMT

ഗോവ രാജ്യാന്തര ചലച്ചിത്രമേള; കാതല്‍’ അടക്കം ഏഴ് മലയാള ചിത്രങ്ങള്‍ പനോരമയില്‍, ‘ആട്ടം’ ഉദ്ഘാടനചിത്രം
X

അൻപത്തി നാലാമത് ഗോവ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ മലയാള ചിത്രം 'ആട്ടം' ഇന്ത്യന്‍ പനോരമയില്‍ ഫീച്ചര്‍ വിഭാഗത്തില്‍ ഉദ്ഘാടന ചിത്രമാകും. മണിപ്പൂരി ചിത്രമായ 'ആൻഡ്രോ ഡ്രീംസ്' ആണ് നോണ്‍‌ ഫീച്ചര്‍ വിഭാഗത്തില്‍ ഉദ്ഘാടന ചിത്രം. എട്ട് മലയാള സിനിമകളാണ് ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഫീച്ചർ ഫിലിം വിഭാഗത്തിൽ 25 സിനിമകളാണ് തെരഞ്ഞെടുത്തത്. ഇതിൽ അഞ്ച് ചിത്രങ്ങൾ മുഖ്യധാര ഫീച്ചർ ഫിലിം വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്. ഏഴ് മലയാള ചിത്രങ്ങൾ ഫീച്ചർ ഫിലിം വിഭാഗത്തിലും ഒരു ചിത്രം നോൺ ഫീച്ചർ ഫിലിം വിഭാഗത്തിലും പ്രദർശിപ്പിക്കും.

മാളികപ്പുറം, കാതൽ, ആട്ടം, പൂക്കാലം, ന്നാ താൻ കേസ് കൊട്, ഇരട്ട എന്നീ മലയാള ചിത്രങ്ങളാണ് ഇന്ത്യൻ പനോരമ ഫീച്ചർ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. ശ്രീ രുദ്രം എന്ന ചിത്രം നോൺ ഫീച്ചർ ഇന്ത്യൻ വിഭാഗത്തിലും പ്രദർശിപ്പിക്കും. 2018 എവരിവൺ ഹീറോ എന്ന ചിത്രമാണ് മുഖ്യധാര ഫീച്ചർ ഫിലിം വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കേരള സ്റ്റോറി, ഗുൽമോഹർ , പിഎസ്-2, സിർഫ് ഏക് ബന്ദാ കാഫി ഹേ എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റുചിത്രങ്ങൾ. വിടുതലൈ, കാന്താര, വധ് തുടങ്ങിയ ചിത്രങ്ങളും ഫീച്ചർ വിഭാഗം ഇന്ത്യൻ പനോരമയിൽ ഇടംപിടിച്ചിട്ടുണ്ട്.

ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ചിത്രമാണ് ആട്ടം. വിനയ് ഫോര്‍ട്ട്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവര്‍ അഭിനയിച്ച ആട്ടം ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ലോസാഞ്ചലസില്‍ മികച്ച ചിത്രത്തിനുള്ള ഗ്രാന്‍ഡ് ജൂറി അവാര്‍ഡിന് അര്‍ഹത നേടിയിരുന്നു.

ഡോക്ടർ ടി.എസ് നാഗാഭരണ അധ്യക്ഷനായ 13 അംഗ ജൂറിയാണ് ഫീച്ചർ ഫിലിം വിഭാഗം തെരഞ്ഞെടുത്തത്. അരവിന്ദ് സിൻഹ അധ്യക്ഷനായ ഏഴ് അംഗ ജൂറിയാണ് നോൺ ഫീച്ചർ ഫിലിം വിഭാഗം തെരഞ്ഞെടുത്തത്. 408 ഫീച്ചർ ഫിലിമുകളിൽ നിന്നാണ് ജൂറി 25 ചിത്രങ്ങൾ തെരഞ്ഞെടുത്തത്. 239 എൻട്രികളിൽ നിന്നായി 20 നോൺ ഫീച്ചർ ചിത്രങ്ങളും ജൂറി തെരഞ്ഞെടുത്തു. നവംബര്‍ 20 മുതല്‍ 28വരെയാണ് ഗോവ രാജ്യാന്തര ചലച്ചിത്ര മേള.


TAGS :

Next Story