Quantcast

"ഫലസ്തീനിൽ കുഞ്ഞുങ്ങളെയൊക്കെ മിഠായി കവറിൽ പൊതിയുന്ന പോലെ വെള്ള തുണിയിൽ... വല്ലാതെ വേദനിപ്പിക്കുന്നു": ഷെയ്ൻ നിഗം

"എന്റെ ആരുമല്ല അവരൊന്നും, അവരെന്റെ മതമായത് കൊണ്ടാണോ അങ്ങനെ എന്ന് ചോദിച്ചാൽ അതുമല്ല... അത് മനുഷ്യത്വം മാത്രമാണ്..."

MediaOne Logo

Web Desk

  • Updated:

    2023-11-04 13:39:39.0

Published:

4 Nov 2023 1:22 PM GMT

Shane Nigam on Palestine issue
X

ഫലസ്തീനിൽ കുഞ്ഞുങ്ങളടക്കം അനുഭവിക്കുന്ന വേദന തന്നെ വല്ലാതെ ബാധിക്കുന്നുണ്ടെന്ന് നടൻ ഷെയ്ൻ നിഗം. വേല സിനിമയുടെ പ്രമോഷന്റെ ഭാഗമായി മീഡിവണ്ണിന് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പരാമർശം. കുഞ്ഞുങ്ങളെയൊക്കെ വെള്ള തുണിയിൽ പൊതിഞ്ഞ് കിടത്തിയത് കാണുന്നത് തന്നെ വല്ലാതെ വേദനിപ്പിക്കുന്നുവെന്നും യുദ്ധം കൊണ്ട് ആർക്ക് എന്ത് ഗുണമാണുണ്ടാകുന്നതെന്ന് ചിന്തിക്കേണ്ടതുണ്ടെന്നും ഷെയ്ൻ പറഞ്ഞു.

"ഇൻസ്റ്റഗ്രാം നോക്കാൻ തന്നെ ഇപ്പോൾ വിഷമമാണ്... ഞാൻ ഫോളോ ചെയ്യുന്ന പേജുകൾ കൊണ്ടാണോ എന്നറിയില്ല. ഫലസ്തീനിലെ കുഞ്ഞുങ്ങളുടെ ദൃശ്യങ്ങൾ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. ചിലപ്പോൾ ഞാനൊരു സെൻസിറ്റീവ് മനുഷ്യനായത് കൊണ്ടാവാം... മിഠായി കവറിൽ പൊതിയുന്നത് പോലെ കൊച്ചു കുഞ്ഞുങ്ങളെ വെള്ള തുണിയിൽ പൊതിഞ്ഞു കിടത്തിയിരിക്കുന്നതൊക്കെ കാണുമ്പോൾ അത് വല്ലാതെ ബാധിക്കുന്നു. എന്റെ ആരുമല്ല അവരൊന്നും. ഇനി അവരെന്റെ മതമായത് കൊണ്ടാണോ അങ്ങനെ എന്ന് ചോദിച്ചാൽ അതുമല്ല. അത് മനുഷ്യത്വം മാത്രമാണ്...

ഈ അവസ്ഥ മാറണം. ഈ ലോകത്തിൽ യുദ്ധത്തിന്റെയൊന്നും ആവശ്യമില്ല. നമ്മൾ ജനിക്കുന്നു, കർമം ചെയ്യുന്നു, മരിക്കുന്നു... ഈ ലോകത്ത് നിന്ന് ഒന്നും നമ്മൾ കൊണ്ടു പോകുന്നില്ല. അപ്പോൾ ഈ യുദ്ധം കൊണ്ടൊക്കെ ആർക്കാണ് പ്രയോജനം എന്ന് ചിന്തിക്കണം".

എന്റെ പിതാവ് ആശുപത്രിയിൽ കിടന്നപ്പോൾ രക്തം നൽകിയവരൊന്നും മതം നോക്കിയല്ല അത് ചെയ്തത്. അതൊക്കെ ആ വ്യക്തിയോടുള്ള സ്‌നേഹം കൊണ്ട് ആണ്. എല്ലാ മതത്തിലും നല്ലവരുമുണ്ടാകും മോശക്കാരുമുണ്ടാകും. മതത്തിന്റെ പേരിലോ സമുദായത്തിന്റെ പേരിലോ ആരെയും ഒന്നിനെയും മാറ്റി നിർത്താനോ ഒരു കുറ്റവും ആരോപിക്കാനോ പാടില്ല. ആ രീതിയിൽ ചിന്തിച്ചു തുടങ്ങേണ്ട കാലം എന്നേ കഴിഞ്ഞു പോയി". ഷെയ്ൻ പറഞ്ഞു.

നേരത്തേ കളമശ്ശേരി സ്‌ഫോടനക്കേസിലും പക്വമായ നിലപാട് തുറന്നു പറഞ്ഞ് ഷെയ്ൻ കയ്യടി നേടിയിരുന്നു. സ്‌ഫോടനത്തിന് പിന്നാലെയുണ്ടായ വർഗീയ പ്രചാരണങ്ങളിലാണ് താരത്തിന്റെ പ്രതികരണമുണ്ടായത്. ഏറെ സങ്കീർണത നിറഞ്ഞ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി വേണം പ്രതികരിക്കാൻ എന്നായിരുന്നു ഷെയ്‌നിന്റെ കുറിപ്പുകളുടെ ഉള്ളടക്കം.

TAGS :

Next Story