Quantcast

'നമ്മുടെ പഴയ ശത്രുക്കൾ പുതിയ രൂപങ്ങളിൽ വരാം'; രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ അംബേദ്കറുടെ പ്രസംഗ വാർത്ത പങ്കുവച്ച് ഷെയ്ൻ നിഗം

'നമ്മുടെ രാഷ്ട്രീയപാർട്ടികൾ രാജ്യത്തിന് മുകളിൽ വിശ്വാസത്തെ സ്ഥാപിച്ചാൽ നമ്മുടെ സ്വാതന്ത്ര്യം എന്നെന്നേക്കുമായി നഷ്ടപ്പെടും'- പ്രസം​ഗത്തിൽ അംബേദ്കർ പറഞ്ഞിരുന്നു.

MediaOne Logo

Web Desk

  • Updated:

    2024-01-22 10:13:02.0

Published:

22 Jan 2024 10:06 AM GMT

Shane Nigam shared news of Ambedkars speech on the Ram Temple Consecration day
X

അയോധ്യയിൽ ബാബരി മസ്ജിദ് തകർത്തയിടത്ത് നിർമിക്കുന്ന രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തിൽ, ഭരണഘടനാ ശിൽപി ഡോ. ബി.ആർ അംബേദ്കറുടെ പ്രസംഗത്തിന്റെ പത്ര വാർത്ത പങ്കുവച്ച് നടൻ ഷെയ്ൻ നിഗം. കരട് ഭരണഘടനയുടെ മൂന്നാം വായനയ്ക്കു ശേഷം നടന്ന ചർച്ചകൾ ക്രോഡീകരിച്ച് അംബേദ്കർ നടത്തിയ പ്രസംഗത്തിന്റെ റിപ്പോർട്ടാണ് ലവ് അടയാളം നൽകി നടൻ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

നമ്മുടെ പഴയ ശത്രുക്കൾ പുതിയ രൂപങ്ങളിൽ വരാം എന്ന തലക്കെട്ടിലാണ് പത്രവാർത്ത. 'ചരിത്രം ആവർത്തിക്കുമോ? അതെന്നെ ഉൽക്കണ്ഠാകുലനാക്കുന്നു. നമ്മുടെ പഴയ ശത്രുക്കൾ പുതിയ രൂപങ്ങളിൽ വരാം. ജാതിയുടെയും വിശ്വാസത്തിന്റേയും അടിസ്ഥാനത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ രൂപീകരിച്ചിരിക്കുന്നു. അവർ രാഷ്ട്രീയ വിശ്വാസങ്ങളിൽ ഏറ്റുമുട്ടാൻ പോവുന്നു. അവരുടെ വിശ്വാസത്തിനു മുകളിൽ രാഷ്ട്രത്തെ സ്ഥാപിക്കുമോ അതോ രാഷ്ട്രത്തിനു മുകളിൽ അവരുടെ വിശ്വാത്തെ സ്ഥാപിക്കുമോ? എന്നാൽ ഒരു കാര്യം ഞാൻ വ്യക്തമായി പറയാം. നമ്മുടെ രാഷ്ട്രീയപാർട്ടികൾ രാജ്യത്തിന് മുകളിൽ വിശ്വാസത്തെ സ്ഥാപിച്ചാൽ നമ്മുടെ സ്വാതന്ത്ര്യം എന്നെന്നേക്കുമായി നഷ്ടപ്പെടും. ഇത് നമ്മൾ എപ്പോഴും ഓർക്കണം. അവസാന രക്തത്തുള്ളിയും നൽകി സ്വാതന്ത്ര്യത്തെ നാം കാത്തൂസൂക്ഷിക്കണം'- എന്നാണ് അംബേദ്കറുടെ പ്രസംഗം.

നേരത്തെ, ഭരണഘടനയുടെ ആമുഖം സോഷ്യൽമീഡിയാ അക്കൗണ്ടിലൂടെ പങ്കുവച്ച് സിനിമാ താരങ്ങളും സംവിധായകരും ഗായകരും രംഗത്തെത്തിയിരുന്നു. നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ദിവ്യ പ്രഭ, കനി കുസൃതി, സംവിധായകനും നടനുമായ ആശിഖ് അബു, സംവിധായകൻ കമൽ കെ.എം, സംവിധായകനും നടനുമായ ജിയോ ബേബി, നടൻ മിനൻ, ഗായകരായ സൂരജ് സന്തോഷ്, രശ്മി സതീഷ് തുടങ്ങിയവരാണ് തങ്ങളുടെ സോഷ്യൽമീഡിയകളിലൂടെ ഭരണഘടനയുടെ ആമുഖം പങ്കുവച്ച് വിഷയത്തിൽ നിലപാട് അറിയിച്ചത്.

'നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം' എന്നാണ് റിമ ഭരണഘടനാ ആമുഖം പങ്കുവച്ച് ഫേസ്ബുക്കിൽ കുറിച്ചത്. 'നമ്മുടെ ഇന്ത്യ' എന്നാണ് പാർവതിയുടെ വാക്കുകൾ. നേരത്തെ, രാമക്ഷേത്ര പ്രതിഷ്ഠാദിനം നാമം ജപിച്ചും വിളക്ക് കൊളുത്തിയും ആചരിക്കണമെന്ന ഗായിക കെ.എസ് ചിത്രയുടെ ആഹ്വാനത്തെ സൂരജ് വിമർശിച്ചിരുന്നു. പള്ളി പൊളിച്ചാണ് ക്ഷേത്രം പണിതതെന്ന വസ്തുത മറക്കുന്നുവെന്നും എത്രയെത്ര ചിത്രമാർ തനിസ്വരൂപം കാട്ടാനിരിക്കുന്നു എന്നുമായിരുന്നു സൂരജിന്റെ പ്രസ്താവന.

ഇതിന് പിന്നാലെ സൂരജിനെതിരെ സൈബർ ആക്രമണവുമായി സംഘ്പരിവാർ പ്രൊഫൈലുകൾ രം​ഗത്തെത്തിയിരുന്നു. സംഭവത്തിൽ സൂരജിന്റെ പരാതിയിൽ ഒരാൾ അറസ്റ്റിലാവുകയും ചെയ്തു. എറണാകുളം സ്വദേശിയായ ഉണ്ണികൃഷ്ണൻ ആണ് അറസ്റ്റിലായത്. അപകീർത്തിപ്പെടുത്തൽ അടക്കമുള്ള വകുപ്പുകൾ ചുമത്തി പൂജപ്പുര പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.






TAGS :

Next Story