Quantcast

'ഇതൊക്കെ കണ്ടാല്‍ തോന്നും സമത്വ സുന്ദര ഭൂമി കുറേ ഒരുമ്പെട്ട സ്ത്രീകള്‍ നശിപ്പിച്ചുവെന്ന്; എണ്ണിയാല്‍ ഒടുങ്ങാത്ത അനുഭവങ്ങളിലൂടെയാണ് ഓരോ സ്ത്രീയും കടന്നുപോകുന്നത്'

പൊതുവിടങ്ങളിലെ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടി ശൈലജ പി. അമ്പു

MediaOne Logo

Web Desk

  • Published:

    23 Jan 2026 8:01 AM IST

shylaja p ambu facebook post on deepaks death
X

സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതിനു പിന്നാലെ ദീപക് എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നാലെ പൊതുവിടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ സജീവ ചര്‍ച്ചയായിരിക്കുകയാണ്. ഇതില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടി ശൈലജ പി. അമ്പു. ചെറുപ്പകാലം മുതല്‍ എണ്ണിയാല്‍ ഒടുങ്ങാത്ത അനുഭവങ്ങളിലൂടെയാണ് ഓരോ സ്ത്രീയും കടന്നുപോകുന്നതെന്ന് ശൈലജ പറയുന്നു. ആദ്യമൊക്കെ പകച്ചു പോയിട്ടുണ്ട്. ഒരു പ്രായത്തില്‍ പ്രതികരിച്ചു തുടങ്ങി. ഉറക്കെ അലറുകയും കരണത്തടിക്കുകയും ചെയ്തിട്ടുണ്ട്. സുരക്ഷിതമല്ലാത്ത പൊതു ഇടങ്ങളില്‍ ഒറ്റയ്ക്ക് നടക്കാനുള്ള ധൈര്യം ഉണ്ടായതങ്ങനെയാണ് -സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റില്‍ ശൈലജ പറയുന്നു. ബഹിരാകാശത്തേക്ക് ചെലവില്ലാതെ പോകാം എന്ന നല്ല ധാരണയോടെയാണ് ഇത് എഴുതുന്നതെന്നും ശൈലജ പറയുന്നു.

'ദീപക്കിന്റെ മരണത്തിനുശേഷം ഒരു ട്രെന്‍ഡ് വന്നു. നല്ലവരായ പുരുഷന്മാരെ മുഴുവന്‍ നശിപ്പിക്കുന്നവരാണ് സ്ത്രീകള്‍ എന്ന് തോന്നിപ്പിക്കുന്ന ഒരു ട്രെന്‍ഡ്. കമ്പിവേലി ധരിച്ചും കാര്‍ഡ്‌ബോര്‍ഡ് പെട്ടിക്കകത്ത് ഇറങ്ങിയും ബസ്സില്‍ യാത്ര പോകുന്ന മാന്യന്മാരായ ചേട്ടന്മാരുടെ വീഡിയോകള്‍. പുരുഷ മേധാവിത്വത്തിന് കുടപിടിച്ചു കൊടുക്കുന്ന കുറേ ചേച്ചിമാര്‍. 'ബസ്സില്‍ സ്ത്രീകളുണ്ട് പുരുഷന്മാര്‍ സൂക്ഷിക്കുക' എന്നുള്ള പോസ്റ്ററുകള്‍. ഇതൊക്കെ കണ്ടാല്‍ തോന്നും സമത്വ സുന്ദര സുരഭിലമായിരുന്ന ഈ ഭൂമി കുറേ ഒരുമ്പെട്ട സ്ത്രീകള്‍ ചേര്‍ന്ന് നശിപ്പിച്ചുവെന്ന്.

സമൂഹം സ്ത്രീ സൗഹൃദപരം ഒന്നുമല്ല. തുല്യതയുമില്ല. 18 വയസ്സുള്ള എന്റെ മകള്‍ യാത്ര ചെയ്യുമ്പോള്‍ ഒരു കൈകൊണ്ട് ബസ്സില്‍ പിടിച്ച് നിന്നിട്ട് മറ്റൊരു കൈ കൊണ്ട് നെഞ്ച് സ്വയം മറച്ചുപിടിക്കും. അപ്പോളും പിന്നില്‍ നിന്ന് ആരെങ്കിലും വന്ന് ചേര്‍ന്ന് നില്‍ക്കുമോ എന്ന് ആലോചിക്കും. പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകളും ഇങ്ങനെയാണ്. ആക്രമിക്കപ്പെടുമോ എന്ന് പേടിയില്ലാതെ നടക്കാനും, ചിന്തിക്കാനും, സംസാരിക്കാനും ധൈര്യമുള്ള എത്ര സ്ത്രീകള്‍ ഉണ്ട് നമുക്ക് ചുറ്റും? സന്ധ്യ കഴിഞ്ഞാല്‍ പുറത്തിറങ്ങാന്‍ ധൈര്യമുള്ള എത്ര സ്ത്രീകളുണ്ട് നമ്മളുടെ ഇടയില്‍ ?

ഷിംജിത പോസ്റ്റ് ചെയ്ത ഒരു വീഡിയോ കൊണ്ട് ഒരു യുവാവ് ആത്മഹത്യ ചെയ്തു. സോഷ്യല്‍ മീഡിയ നീതിപീഠമല്ല. ഒരു കാര്യത്തിനും പരിഹാരം കാണാന്‍ സോഷ്യല്‍ മീഡിയയ്ക്ക് കഴിയുകയുമില്ല. ഇടപെടലുകള്‍ നടത്താന്‍ സോഷ്യല്‍ മീഡിയയ്ക്ക് കഴിയും. അവരെ അറസ്റ്റ് ചെയ്തു അന്വേഷണം നടക്കുന്നു. അത് സ്വാഗതാര്‍ഹമാണ്. പക്ഷേ അതിക്രമങ്ങളോട് പ്രതികരിച്ചു കൊണ്ടിരുന്ന ഒരു കുറഞ്ഞ ശതമാനം സ്ത്രീകളുടെ എങ്കിലും ധൈര്യത്തെ ഇല്ലാതാക്കാന്‍ ഇപ്പോള്‍ സംഘടിതമായി രംഗത്തിറങ്ങിയിട്ടുള്ള നല്ലവരായ ചേട്ടന്മാര്‍ ശ്രമിക്കുന്നുണ്ട്. 'ഭൂലോക അംഗവാലന്‍ കോഴികള്‍ ' വരെ ഷിംജിതയ്ക്ക് എതിരെ വാചാലരാവുകയാണ്. ഇതിനേക്കാള്‍ നല്ലൊരു അവസരം ആ ചേട്ടന്‍ മാര്‍ക്ക് വീണു കിട്ടാനില്ലല്ലോ. ആ കലാപരിപാടി തുടര്‍ന്നുകൊണ്ടിരിക്കും' -ശൈലജയുടെ പോസ്റ്റില്‍ പറയുന്നു.

ഏഴ് വയസ്സുള്ളപ്പോള്‍ തനിക്ക് നേരിടേണ്ടിവന്ന ലൈംഗികാതിക്രമവും സ്‌കൂളില്‍ അധ്യാപകരുടെ ലൈംഗികാതിക്രമവും സ്‌കൂളിന് പുറത്ത് നേരിടേണ്ടിവന്ന അതിക്രമങ്ങളും ശൈലജയുടെ പോസ്റ്റില്‍ വിവരിക്കുന്നു. 'ബസ്, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, തീവണ്ടി, ഉത്സവപ്പറമ്പ്, കല്ല്യാണ വീട്... ഏറ്റവും അവസാനത്തേത് കഴിഞ്ഞയാഴ്ച എന്റെ ടൂവീലറില്‍ നിന്നിറങ്ങി ബസ്സിലേക്ക് കയറുന്ന എന്റെ മകളുടെ നെഞ്ചത്തേക്ക് തുറിച്ചു നോക്കുന്ന യുവാവ്. ഇങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത അനുഭവങ്ങളിലൂടെയാണ് ഞാന്‍ ഉള്‍പ്പെടുന്ന ഓരോ സ്ത്രീയും കടന്നുപോകുന്നത്. ആദ്യമൊക്കെ പകച്ചു പോയിട്ടുണ്ട്. ഒരു പ്രായത്തില്‍ പ്രതികരിച്ചു തുടങ്ങി. ഉറക്കെ അലറുകയും ,കരണത്തടിക്കുകയും ചെയ്തിട്ടുണ്ട്. സുരക്ഷിതമല്ലാത്ത പൊതു ഇടങ്ങളില്‍ ഒറ്റയ്ക്ക് നടക്കാനുള്ള ധൈര്യം ഉണ്ടായതങ്ങനെയാണ്.

വീഡിയോ എടുത്ത് പോസ്റ്റ് ചെയ്യാന്‍ തോന്നാത്തത് എന്തെന്നാല്‍, സ്ത്രീയെ അധിക്ഷേപിക്കുന്നവന്റെ വീട്ടിലുള്ള അമ്മയെയും അച്ഛനെയും ഭാര്യയേയും മക്കളേയും സഹോദരങ്ങളെയും ഓര്‍ത്താണ്. ഇവനെ ഓര്‍ത്ത് തലവഴി മുണ്ടിട്ട് നടക്കാനുള്ള ഗതികേട് അവര്‍ക്ക് ഉണ്ടാകരുത് എന്ന് കരുതി മാത്രം. മാറുമറയ്ക്കാനും സ്‌കൂളില്‍ പോകാനും ജോലിക്ക് പോകാനും വണ്ടിയോടിക്കാനും ഒക്കെയുള്ള സ്വാതന്ത്ര്യം സ്ത്രീ ഉണ്ടാക്കിയെടുത്തത് പോരാട്ടങ്ങളിലൂടെ തന്നെയാണ്. അത് ഔദാര്യമല്ല.

തികച്ചും വ്യക്തിപരമായ അഭിപ്രായത്തില്‍ ആ യുവതി ചെയ്യേണ്ടിയിരുന്നത് സോഷ്യല്‍ മീഡിയയില്‍ വീഡിയോ ഇടുകയല്ല. അപ്പോള്‍ തന്നെ പ്രതികരിക്കുക എന്നുള്ളതാണ്. ഒരു പുരുഷന്റെ കൈ സ്വന്തം ശരീരത്തിലേക്ക് വരുന്നത് വരെ നോക്കി നില്‍ക്കേണ്ടതില്ല. മറ്റൊരു പെണ്ണിനോട് അപമര്യാദയായി പെരുമാറുമ്പോഴും പ്രതികരിക്കാം. സമൂഹത്തില്‍ നടക്കുന്ന ഏത് നീതികേടിനോടും നമുക്ക് പ്രതികരിക്കാം. പ്രതികരിക്കുന്ന സ്ത്രീകളെ സൊസൈറ്റി എങ്ങനെ കാണുന്നു എന്നുള്ളത് പ്രധാനമാണ്. ബഹുഭൂരിപക്ഷത്തെയും ഒറ്റപ്പെടുത്തും. സോഷ്യല്‍ മീഡിയയില്‍ ആണെങ്കില്‍ യാതൊരു മര്യാദയും ഇല്ലാതെ വ്യക്തിഹത്യ നടത്തും. പെണ്ണിന്റെ വസ്ത്രധാരണത്തെയും സംസാരത്തെയും നടത്തത്തെയും സൗഹൃദങ്ങളെയും വെച്ചുവരെ അവള്‍ക്ക് മാര്‍ക്കിടും.

സ്ത്രീയുടെ മുഖത്തുനോക്കി സംസാരിക്കാന്‍ തൊട്ട്, മാന്യമായി അവരോട് പെരുമാറാന്‍ വരെ നമ്മുടെ ആണ്‍കുട്ടികളെ മനസ്സിലാക്കി കൊടുക്കേണ്ടിയിരിക്കുന്നു. സ്ത്രീകള്‍ കൂടുതല്‍ ജാഗ്രതയോടെ പ്രതികരിക്കുക തന്നെ വേണം. സ്ത്രീകള്‍ പ്രതികരിക്കും എന്നുള്ള ഒരു ജാഗ്രത പുരുഷനുണ്ടാകുന്നതും വളരെ നല്ലതാണ്. ജീവിതം എല്ലാവര്‍ക്കും ഒരുപോലെ വിലപ്പെട്ടതാണ്. സമത്വത്തോടെയും സൗഹാര്‍ദ്ദത്തോടെയും ജീവിക്കാനുള്ള ഇടം നമുക്കുണ്ടാവണം. അത് നമ്മള്‍ ഒരുമിച്ച് വിചാരിച്ചാലേ ഉണ്ടാവൂ' -ശൈലജ പി. അമ്പു ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.

TAGS :

Next Story