'പ്രശസ്തിക്ക് വേണ്ടിയല്ല, മറ്റുള്ളവര്‍ക്ക് കൂടി പ്രചോദനമാകാൻ'; 23-ാം വയസിൽ മൂന്ന് കുട്ടികളെ ദത്തെടുത്ത നടി ശ്രീലീല
കുഞ്ഞുങ്ങൾ തന്നോടൊപ്പമല്ല താമസിക്കുന്നതെന്നും എന്നാൽ അവരെ നന്നായി പരിപാലിക്കുന്നുണ്ടെന്നും നടി

- Updated:
2026-01-07 08:05:06.0

ഹൈദരാബാദ്: പുഷ്പ 2വിലെ 'കിസ് കിസ്' എന്ന ഗാനരംഗത്തിലൂടെ പാൻ ഇന്ത്യൻ ശ്രദ്ധ നേടിയ താരമാണ് നടി ശ്രീലീല. മാതൃഭാഷ തെലുഗുവാണെങ്കിലും ശ്രീലീല ജനിച്ചതും വളർന്നതുമെല്ലാം അമേരിക്കയിലാണ്. സിനിമയിൽ സജീവമായശേഷമാണ് ഇന്ത്യയിൽ സ്ഥിര താമസം തുടങ്ങിയത്. 2017ൽ ചിത്രാഗദ എന്ന തെലുഗു സിനിമയിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടായിരുന്നു വെള്ളിത്തിരയിലെ അരങ്ങേറ്റം.നിരവധി തെലുഗു, കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുള്ള ശ്രീലീല തമിഴിൽ ആദ്യമായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ശിവകാര്‍ത്തികേയൻ നായകനായ പരാശക്തി.
അഭിനയത്തിലും നൃത്തത്തിലും മാത്രമല്ല, ശ്രീലീല കയ്യടി നേടുന്നത്. വളരെ ചെറുപ്രായത്തിൽ തന്നെ ഭിന്നശേഷിക്കാരായ രണ്ട് കുട്ടികളെ ദത്തെടുത്ത താരം ഇപ്പോൾ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാണ്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ തന്‍റെ കുട്ടികളെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം.
തിരക്കേറിയ കരിയറിനെയും മാതൃത്വത്തെയും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകുന്നു എന്ന ചോദ്യത്തിന്, നല്ല പൊതുപ്രവർത്തകർ ചെയ്യുന്നതെന്തും അതിശയോക്തിപരമാണെന്നും ജീവിതത്തിന്റെ ആ ഭാഗം അവർ സാധാരണയായി സ്വകാര്യമായി സൂക്ഷിക്കാറുണ്ടെന്നുമാണ് ശ്രീലീല പറഞ്ഞത്. കുഞ്ഞുങ്ങൾ തന്നോടൊപ്പമല്ല താമസിക്കുന്നതെന്നും എന്നാൽ അവരെ നന്നായി പരിപാലിക്കുന്നുണ്ടെന്നും അവര്‍ തുറന്നുപറഞ്ഞു. '' അതിനെക്കുറിച്ച് പറയുമ്പോൾ എനിക്ക് വാക്കുകൾ കിട്ടാറില്ല. ഞാൻ അസ്വസ്ഥയാകും. ഞാനൊരു അമ്മയല്ല, കാരണം അതിന് പിന്നിൽ തികച്ചും വ്യത്യസ്തമായൊരു കഥയുണ്ട്'' നടി പറയുന്നു.
കുട്ടികളെ ദത്തെടുത്തതിനെക്കുറിച്ചും അവര്‍ വിശദീകരിച്ചു. ''കരിയറിന്‍റെ തുടക്കത്തിൽ ഞാൻ ചെയ്ത ചിത്രമായിരുന്നു 'കിസ്സ്'. ആ സമയത്ത് സംവിധായകൻ എന്നെ ഒരു ആശ്രമത്തിലേക്ക് കൊണ്ടുപോയി. ഒരുപാട് കുട്ടികൾ അവിടെയുണ്ട്. ഞാൻ അവരുമായി ഫോണിൽ സംസാരിക്കാറുണ്ട്.അവരെ കാണാറുണ്ട്. എല്ലാം രഹസ്യമായിട്ടായിരുന്നു. എന്നാൽ കൂടുതൽ ആളുകൾ കുട്ടികളെ സ്പോൺസര്‍ ചെയ്യാനും ദത്തെടുക്കാനും വരുന്നതിനായി ഇതിനെക്കുറിച്ച് സംസാരിക്കണമെന്ന് ആശ്രമം അധികൃതര്‍ ആഗ്രഹിച്ചു. അങ്ങനെയാണ് കുട്ടികളെ ദത്തെടുത്തതിനെക്കുറിച്ച് തുറന്നുപറയുന്നത്. പ്രശസ്തിക്ക് വേണ്ടിയല്ല അങ്ങനെ ചെയ്തത്'' ശ്രീലീല പറഞ്ഞു.
2022 ഫെബ്രുവരിയിൽ വെറും 22 വയസുള്ളപ്പോഴാണ് ഗുരു, ശോഭിത എന്നീ രണ്ട് ഭിന്നശേഷിക്കാരായ കുട്ടികളെ ശ്രീലീല ദത്തെടുത്തത്. ജൂണിൽ 24-ാം പിറന്നാളിന് മുമ്പ്, 2025 ഏപ്രിലിൽ അവർ ഒരു പെൺകുഞ്ഞിനെയും ദത്തെടുത്തു. കുട്ടികൾക്കൊപ്പമുള്ള ചിത്രങ്ങൾ നടി സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
Adjust Story Font
16
