Quantcast

ഇനി 'നമുക്ക് കോടതിയിൽ കാണാ'മെന്ന് ശ്രീനാഥ് ഭാസി

ശ്രീനാഥ് ഭാസി നായകനായ ചട്ടമ്പി എന്ന സിനിമ പ്രമോഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാല്‍ വിവാദമായിരുന്നു

MediaOne Logo

ijas

  • Updated:

    2022-10-03 09:57:19.0

Published:

3 Oct 2022 9:53 AM GMT

ഇനി നമുക്ക് കോടതിയിൽ കാണാമെന്ന് ശ്രീനാഥ് ഭാസി
X

'ന്നാ താന്‍ കേസ് കൊട്' എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം പേരിലെ കൗതുകം കൊണ്ട് ശ്രദ്ധ നേടിയ ചിത്രമാണ്. സിനിമ തിയറ്ററിലും മികച്ച പ്രേക്ഷകാഭിപ്രായം നേടി വലിയ കലക്ഷന്‍ സ്വന്തമാക്കി. ഇപ്പോഴിതാ പേരിലെ വ്യത്യസ്ത കൊണ്ട് ശ്രദ്ധ നേടുകയാണ് ശ്രീനാഥ് ഭാസി നായകനായ പുതിയ ചിത്രം. സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് 'നമുക്ക് കോടതിയിൽ കാണാം' എന്നാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് പുറത്തിറങ്ങി.

നേരത്തെ ശ്രീനാഥ് ഭാസി നായകനായ ചട്ടമ്പി എന്ന സിനിമ പ്രമോഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാല്‍ വിവാദമായിരുന്നു. അവതാരകയെ അധിക്ഷേപിച്ച താരത്തിനെതിരെ പരാതി നല്‍കുകയും ശ്രീനാഥ് ഭാസിയെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തില്‍ നിര്‍മാതാക്കളുടെ സംഘടന താരത്തിനെതിരെ താല്‍ക്കാലിക വിലക്കുമായി രംഗത്തുവരികയും ചെയ്തു. എന്നാല്‍ നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നതും ചിത്രീകരണം തുടരുന്നതുമായ സിനിമകളില്‍ അഭിനയിക്കാന്‍ താരത്തിന് അനുവാദം നല്‍കിയിട്ടുണ്ട്.

സെപ്റ്റംബര്‍ 25ന് മൂന്ന് ഷെഡ്യൂളുകളിലായിട്ടാണ് 'നമുക്ക് കോടതിയിൽ കാണാം' സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. സണ്ണി വെയ്നും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ത്രയം' ആണ് സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്ത ആദ്യത്തെ സിനിമ. സഞ്ജിത്തിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് 'നമുക്ക് കോടതിയിൽ കാണാം'.

ആഷിഖ് അലി അക്ബര്‍ തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ഹസീബ് ഫിലിംസും എം.ജി.സി പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ്. ജോണ്‍ എബ്രഹാമിന്‍റെ നിര്‍മാണത്തില്‍ എത്തിയ 'മൈക്കിനു' ശേഷം ആഷിക് അലി അക്ബര്‍ ഒരുക്കുന്ന തിരക്കഥയാണ് ഈ ചിത്രത്തിന്‍റേത്. ലാലു അലക്സ്, രഞ്ജി പണിക്കര്‍, ജോണി ആന്‍റണി, ജാഫർ ഇടുക്കി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതുമുഖം മൃണാളിനി ഗാന്ധിയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ത്രയത്തിനും മൈക്കിനും ശേഷം സംവിധായകനും തിരക്കഥാകൃത്തും ഒന്നിക്കുന്ന സിനിമകൂടിയാണ് 'നമുക്ക് കോടതിയിൽ കാണാം'. ചിത്രത്തിന്‍റെ ഛായാഗ്രഹണം മാത്യു പ്രസാദ് നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകരൻ. സംഗീതം-രാഹുല്‍ സുബ്രഹ്മണ്യന്‍. വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യര്‍.

TAGS :

Next Story