'ശ്രീനാഥ് ഭാസിയുടെ രക്ത സാമ്പിളുകള്‍ പരിശോധിക്കണം': സിയാദ് കോക്കര്‍

രക്തസാമ്പിളുകള്‍ പരിശോധിച്ചാല്‍ മാത്രമേ എന്തിന്‍റെ അടിമയാണെന്ന് കണ്ടെത്താന്‍ സാധിക്കൂവെന്ന് സിയാദ് കോക്കര്‍

MediaOne Logo

ijas

  • Updated:

    2022-09-23 16:20:30.0

Published:

23 Sep 2022 4:13 PM GMT

ശ്രീനാഥ് ഭാസിയുടെ രക്ത സാമ്പിളുകള്‍ പരിശോധിക്കണം: സിയാദ് കോക്കര്‍
X

അഭിമുഖത്തിനിടെ മോശമായി പെരുമാറിയെന്ന ഓണ്‍ലൈന്‍ അവതാരകയുടെ പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തതിന് പിന്നാലെ താരത്തിനെതിരെ നിര്‍മാതാവ് സിയാദ് കോക്കര്‍. സംഭവം നടന്നയുടനെ ശ്രീനാഥ് ഭാസിയെ പൊലീസ് അറസ്റ്റു ചെയ്ത് രക്തസാമ്പിളുകള്‍ എടുക്കണമായിരുന്നെന്ന് സിയാദ് കോക്കര്‍ പറഞ്ഞു. രക്തസാമ്പിളുകള്‍ പരിശോധിച്ചാല്‍ മാത്രമേ എന്തിന്‍റെ അടിമയാണെന്ന് കണ്ടെത്താന്‍ സാധിക്കൂവെന്നും സിയാദ് കോക്കര്‍ വ്യക്തമാക്കി. നിര്‍മാതാക്കളുടെ ഭാഗത്ത് നിന്നും നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ആരും തന്നെ പരാതി എഴുതി തരാന്‍ തയ്യാറായിട്ടില്ലെന്നും സിയാദ് കൂട്ടിച്ചേര്‍ത്തു.

അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് ഒരു ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തക ശ്രീനാഥ് ഭാസിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. പുതിയ സിനിമയായ ചട്ടമ്പിയുടെ പ്രമോഷന്‍ അഭിമുഖത്തിനിടെ നടൻ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്. അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങള്‍ നടത്തിയതായും താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയെന്നും മാധ്യമപ്രവര്‍ത്തക പരാതിയില്‍ ആരോപിക്കുന്നു. പരാതി സ്വീകരിച്ച കൊച്ചി മരട് പൊലീസ് ശ്രീനാഥ് ഭാസിക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റം ചുമത്തിയാണ് താരത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സിയാദ് കോക്കറിന്‍റെ വാക്കുകള്‍:

"ശ്രീനാഥ് ഭാസിക്കെതിരെ പുതിയ തലമുറയിലുള്ള നിര്‍മാതാക്കളില്‍ ആരും തന്നെ റിട്ടണ്‍ (written) പരാതികള്‍ ഇതുവരെ നല്‍കിയിട്ടില്ല. ഞങ്ങള്‍ക്കൊക്കെ ശരിക്കും നാണക്കേടാണിത്. ഇത്രയും ഗട്ട്സ് ഇല്ലാത്തവരാണോ സിനിമയെടുക്കുന്നതെന്ന് തോന്നി പോവും. നമ്മള്‍ക്ക് പരാതി നല്‍കിയാല്‍ ഇനി പടം നിന്നുപോവുമോ ഇവന്‍ സഹകരിക്കാതിരിക്കുമോ എന്നതൊക്കെ ശരിക്കും പരിശോധിക്കണം. എഴുതി തന്ന പരാതിയില്ലെങ്കില്‍ ഒന്നും പറയാന്‍ പറ്റില്ല.

രണ്ടാമത്തെ കാര്യം, ഇതൊക്കെ ഒരു അബ്നോര്‍മാലിറ്റിയാണ്. എന്‍റെ അഭിപ്രായം പറയുകയാണെങ്കില്‍ ഈ സംഭവം നടന്നയുടനെ ഇയാളെ പൊലീസ് അറസ്റ്റു ചെയ്ത് രക്തസാമ്പിളുകള്‍ എടുക്കണം. എന്നാലേ എന്തിന്‍റെ അടിമയാണെന്ന് കണ്ടെത്താന്‍ പറ്റു. എന്നാലേ പലരും ഇതില്‍ മര്യാദ പഠിക്കൂ. തീര്‍ച്ചയായിട്ടും അത് പ്രൂവ് ചെയ്യാനുള്ള മെറ്റീരിയല്‍ വേണ്ടേ. ആ മെറ്റീരിയല്‍ പൊലീസിന്‍റെ ഭാഗത്ത് നിന്നാണുണ്ടാവേണ്ടത്. അവന്‍റെ ബ്ലഡ് ചെക്ക് ചെയ്താല്‍ അറിയാന്‍ പറ്റും. രണ്ട് ദിവസം ഉപയോഗിക്കാതിരുന്നാല്‍, എങ്ങനെയാണ് അതിന്‍റെ ടെക്നിക്ക് എന്ന് അറിയില്ല. ഇങ്ങനെ പെരുമാറുന്നവര്‍ക്കെതിരെ നടപടിയെടുക്കേണ്ട ഒരു നിയമമുണ്ടാവണം."

TAGS :

Next Story