Quantcast

കഥ മറയുമ്പോൾ...; മലയാളത്തിന്റെ 'ശ്രീ'ക്ക് വിട നൽകി നാട്‌

സംസ്കാര ചടങ്ങുകൾ ഉദയംപേരൂർ കണ്ടനാടുള്ള വീട്ടുവളപ്പില്‍ നടന്നു

MediaOne Logo

Web Desk

  • Updated:

    2025-12-21 07:33:16.0

Published:

21 Dec 2025 11:50 AM IST

കഥ മറയുമ്പോൾ...; മലയാളത്തിന്റെ ശ്രീക്ക് വിട നൽകി നാട്‌
X

കൊച്ചി: നാലര പതിറ്റാണ്ടിലധികം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ തൊട്ടതെല്ലാം പൊന്നാക്കിയ അതുല്യ കലാകാരൻ ഇനി ഓർമ. മലയാളത്തിന്‍റെ പ്രിയപ്പെട്ട ശ്രീനിവാസന് വിട നല്‍കി നാട്. നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ (69) സംസ്കാര ചടങ്ങുകൾ ഉദയംപേരൂർ കണ്ടനാടുള്ള വീട്ടുവളപ്പില്‍ നടന്നു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.അസുഖബാധിതനായി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയായിരുന്നു ശ്രീനിവാസന്‍റെ അന്ത്യം.

ആളുകൾ ഒഴുകിയെത്തിയതോടെ പ്രതീക്ഷിച്ചതിലും ഏറെ വൈകിയാണ് സംസ്കാര ചടങ്ങുകൾ ആരംഭിച്ചത്. മകൻ വിനീത് ശ്രീനിവാസനാണ് കർമ്മങ്ങൾ നടത്തിയത്. ധ്യാൻ ശ്രീനിവാസനും വിനീത് ശ്രീനിവാസനും ചേർന്ന് ചിതയ്ക്ക് തീ കൊളുത്തി. ഗാർഡ് ഓഫ് ഓണർ നൽകി സർക്കാരിന്റെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോെ സംസ്കാര ചടങ്ങുകൾ നടത്തിയത്.സംസ്കാരത്തിനുശേഷം സിനിമാ പ്രവർത്തകരുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടന്നു.

1956 ഏപ്രിൽ ആറിന് കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള പാട്യത്തായിരുന്നു ശ്രീനിവാസന്റെ ജനനം. കൂത്തുപറമ്പ് മിഡിൽ സ്കൂൾ, തലശ്ശേരി ഗവ. ഹൈസ്കൂൾ, മട്ടന്നൂർ പഴശ്ശിരാജ, എൻഎസ്എസ് കോളജ് എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രീനിവാസൻ ശേഷം ചെന്നൈയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയത്തിൽ ഡിപ്ലോമ നേടി.

1977ൽ പി.എ ബക്കർ സംവിധാനം ചെയ്ത 'മണിമുഴക്കം' എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമയിലേക്കുള്ള രം​ഗപ്രവേശം. പിന്നീട് കെ.ജി ജോർജ് സംവിധാനം ചെയ്ത 'മേള'യിൽ അഭിനയിച്ചു. തുടർന്ന് പല സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്ത അദ്ദേഹം 1984ൽ 'ഓടരുതമ്മാവാ ആളറിയാം' എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയാണ് തിരക്കഥാ രചനയ്‌ക്ക് തുടക്കമിടുന്നത്.

ശ്രീനിവാസനെ അനുസ്മരിച്ച് രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖരെത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നുമുതൽ മൂന്നുവരെ മൃതദേഹം എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ , നടൻമാരായ മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള ചലച്ചിത്ര - സാംസ്‌കാരിക ലോകത്തെ പ്രമുഖർശ്രീനിവാസന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

ഇന്ന് തമിഴ് നടന്‍ സൂര്യ, നടന്മാരായ ജഗദീഷ്,ഗോകുൽ സുരേഷ്,ഇന്ദ്രന്‍സ്,പൃഥ്വിരാജ് സുകുമാരന്‍,നിവിന്‍ പോളി നടിമാരായ പാര്‍വതി,നമിത പ്രമോദ്, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ,പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍,രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ശ്രീനിവാസന്‍റെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. ശ്രീനിവാസനെ അവസാനമായി കാണാന്‍ നിരവധി സാധാരണക്കാരായ ആരാധാകരും എത്തിയിരുന്നു.


TAGS :

Next Story