പ്രിയ ശ്രീനിക്ക് വിട നൽകാൻ നാട്; സംസ്കാരം രാവിലെ പത്തിന് കണ്ടനാട്ടെ വീട്ടുവളപ്പിൽ
പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം

കൊച്ചി: മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ (69) സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ 10 മണിക്ക് നടക്കും. ഉദയംപേരൂർ കണ്ടനാടുള്ള വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. പ്രിയ ശ്രീനിവാസനെ കാണാൻ നിരവധി ആളുകളാണ് ഒഴുകിയെത്തുന്നത്.
ശ്രീനിവാസനെ അനുസ്മരിച്ച് രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖരെത്തി. ഇന്നലെ ഉച്ചയ്ക്ക് ഒന്നുമുതൽ മൂന്നുവരെ മൃതദേഹം എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ , നടൻമാരായ മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള ചലച്ചിത്ര - സാംസ്‌കാരിക ലോകത്തെ പ്രമുഖർശ്രീനിവാസന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. അസുഖബാധിതനായി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയായിരുന്നു ശ്രീനിവാസന്‍റെ അന്ത്യം. കണ്ണൂർ സ്വദേശിയായ ശ്രീനിവാസൻ കൊച്ചി ഉദയംപേരൂരിലാണ് താമസം.
1956 ഏപ്രിൽ ആറിന് കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള പാട്യത്തായിരുന്നു ശ്രീനിവാസന്റെ ജനനം. കൂത്തുപറമ്പ് മിഡിൽ സ്കൂൾ, തലശ്ശേരി ഗവ. ഹൈസ്കൂൾ, മട്ടന്നൂർ പഴശ്ശിരാജ, എൻഎസ്എസ് കോളജ് എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രീനിവാസൻ ശേഷം ചെന്നൈയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയത്തിൽ ഡിപ്ലോമ നേടി.
1977ൽ പി.എ ബക്കർ സംവിധാനം ചെയ്ത 'മണിമുഴക്കം' എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമയിലേക്കുള്ള രംഗപ്രവേശം. പിന്നീട് കെ.ജി ജോർജ് സംവിധാനം ചെയ്ത 'മേള'യിൽ അഭിനയിച്ചു. തുടർന്ന് പല സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്ത അദ്ദേഹം 1984ൽ 'ഓടരുതമ്മാവാ ആളറിയാം' എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയാണ് തിരക്കഥാ രചനയ്‌ക്ക് തുടക്കമിടുന്നത്.
1989 ൽ 'വടക്കുനോക്കിയന്ത്രം', 1998ൽ 'ചിന്താവിഷ്ടയായ ശ്യാമള' എന്നീ സിനിമകൾ സംവിധാനം ചെയ്ത് പ്രേക്ഷക പ്രശംസ നേടി. ആദ്യകാലത്ത് ശ്രീനിവാസൻ ഡബ്ബിങ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്. സിനിമാനിർമാണ മേഖലയിലും തന്റെ കഴിവുതെളിയിച്ച ശ്രീനിവാസൻ നിർമിച്ച ചിത്രങ്ങൾ സാമ്പത്തികവിജയം നേടിയവയായിരുന്നു. മികച്ച കഥ, തിരക്കഥ, സിനിമ എന്നിങ്ങനെ അഞ്ച് തവണ സംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയ പ്രതിഭ കൂടിയാണ് ശ്രീനിവാസൻ.
Adjust Story Font
16

