Quantcast

'രാമസേതു ചരിത്രത്തെ വളച്ചൊടിച്ചു'; അക്ഷയ് കുമാറിന് വക്കീൽ നോട്ടിസ് അയച്ച് സുബ്രമണ്യൻ സ്വാമി

അടുത്തിടെ ഇറങ്ങിയ അക്ഷയ് കുമാർ ചിത്രങ്ങളെല്ലാം തിയറ്ററിൽ അമ്പേ പരാജയമായിരുന്നു. തുടർപരാജയങ്ങളിൽനിന്ന് ആശ്വാസമാകുമെന്നു കരുതപ്പെടുന്ന ചിത്രമാണ് 'രാം സേതു'

MediaOne Logo

Web Desk

  • Published:

    28 Aug 2022 11:38 AM GMT

രാമസേതു ചരിത്രത്തെ വളച്ചൊടിച്ചു; അക്ഷയ് കുമാറിന് വക്കീൽ നോട്ടിസ് അയച്ച് സുബ്രമണ്യൻ സ്വാമി
X

മുംബൈ: ദീപാവലിക്ക് തിയറ്ററുകളിലെത്തുന്ന അക്ഷയ് കുമാർ ചിത്രം 'രാം സേതു'വിനെതിരെ മുതിർന്ന ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി. ചിത്രത്തിൽ രാമസേതു ചരിത്രം വളച്ചൊടുക്കുന്നുവെന്ന് ആരോപിച്ച് അക്ഷയ് കുമാർ അടക്കമുള്ള അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കുമെതിരെ നിയമനടപടിയിലേക്ക് നീങ്ങുകയാണ് അദ്ദേഹം. എല്ലാവർക്കും സുബ്രമണ്യൻ സ്വാമി വക്കീൽ നോട്ടിസ് അയച്ചിട്ടുണ്ട്.

സുബ്രമണ്യൻ സ്വാമി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. 'മുംബൈ സിനിമക്കാർക്ക് (വസ്തുതകളെ) വളച്ചൊടിക്കുകയും തെറ്റായി അവതരിപ്പിക്കുകയും ചെയ്യുന്ന മോശം സ്വഭാവമുണ്ട്. അവരെ ബൗദ്ധിക സ്വത്തവകാശത്തെക്കുറിച്ച് പഠിപ്പിക്കാൻ അഭിഭാഷകനായ സത്യ സബർവാൾ മുഖേനെ രാമസേതു ഇതിഹാസം വളച്ചൊടിച്ച ചലച്ചിത്ര നടൻ അക്ഷയ് കുമാറിനും മറ്റ് എട്ടുപേർക്കും വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്.''-ട്വീറ്റിൽ അദ്ദേഹം അറിയിച്ചു.

ഇതിനുമുൻപും അക്ഷയ് കുമാറിനെതിരെ സുബ്രമണ്യൻ സ്വാമി രംഗത്തെത്തിയിരുന്നു. രാമസേതു വിഷയത്തിൽ തന്നെയാണ് കഴിഞ്ഞ ജൂലൈയിൽ താരത്തിനെതിരെ ബി.ജെ.പി നേതാവ് ഭീഷണിയുയർത്തിയത്. അക്ഷയ് കുമാറിനെ കാനഡയിലേക്ക് നാടുകടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.

അടുത്തിടെ ഇറങ്ങിയ അക്ഷയ് കുമാർ ചിത്രങ്ങളെല്ലാം തിയറ്ററിൽ അമ്പേ പരാജയമായിരുന്നു. ഏറെ ആഘോഷിക്കപ്പെട്ട സമ്രാട്ട് പൃഥ്വിരാജ് ആയിരുന്നു ഏറ്റവും കൂടുതൽ നിരാശപ്പെടുത്തിയത്. ചിത്രത്തിന്റെ പരാജയത്തിനു പിന്നാലെ താരത്തിനെതിരെ വിമർശനവുമായി നിർമാതാക്കൾ രംഗത്തെത്തിയിരുന്നു. രക്ഷബന്ധൻ, ബച്ചൻ പാണ്ഡെ തുടങ്ങി അടുത്തിറങ്ങിയ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസ് പരാജയമാണ്. തുടർപരാജയങ്ങളിൽനിന്ന് അൽപം ആശ്വാസമാകുമെന്നു കരുതപ്പെടുന്ന ചിത്രമാണ് 'രാം സേതു'.

അഭിഷേക് ശർമ സംവിധാനം ചെയ്യുന്ന 'രാം സേതു' ഒക്ടോബർ 24ന് തിയറ്ററുകളിലെത്തുമെന്നാണ് വിവരം. തമിഴ്‌നാട്ടിലെ രാമസേതു പാലത്തിന്റെ ഐതിഹ്യം പ്രമേയമായി വരുന്ന ചിത്രത്തിൽ നുശ്രത്ത് ബറൂച്ച, ജാക്വലിൻ ഫെർണാണ്ടസ്, സത്യദേവ് കാഞ്ചരണ എന്നിവരും വിവിധ വേഷങ്ങളിലെത്തുന്നുണ്ട്. അയോധ്യ അടക്കമുള്ള സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്.

Summary: BJP MP Subramanian Swamy issues legal notice to Akshay Kumar and team of 'Ram Setu' movie

TAGS :

Next Story