Quantcast

തത്ത, കാക്ക, കുഞ്ഞിപ്പുഴു...അടുത്ത പാട്ടിൽ തേരട്ടയോ...?

നിവിൻ പോളി നായകനാകുന്ന 'കനകം കാമിനി കലഹം' എന്ന ചിത്രത്തിലൂടെ മുഴുനീള കഥാപാത്രമായെത്തുമ്പോൾ പാട്ടും പാരഡിയും സിനിമ വിശേഷങ്ങളുമായി ചേരുകയാണ് സുധീർ പറവൂർ

MediaOne Logo

ഹരിഷ്മ വടക്കിനകത്ത്

  • Updated:

    2021-11-11 15:24:35.0

Published:

11 Nov 2021 2:15 PM GMT

തത്ത, കാക്ക, കുഞ്ഞിപ്പുഴു...അടുത്ത പാട്ടിൽ തേരട്ടയോ...?
X

''ചെല്ലപ്പൻ ചേട്ടാ, ചായക്കടേലെന്തുണ്ട് തിന്നാൻ

ഉച്ചക്കത്തെ ചോറും ചാറും ഉരുട്ടി പൊരിച്ചൊരു കിടിലൻ ബോണ്ട താരാം

തങ്കംപോലുള്ളൊരു ബോണ്ട പൊളിച്ചപ്പോൾ തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു,

തുള്ളി കളിക്കുന്ന കുഞ്ഞിപ്പുഴു

ബോണ്ടയ്ക്കകത്തുള്ള പുഴുക്കളങ്ങനെ

കളികളായി ചിരികളായി വിളികളായി ഹോഹോഹോ "

സര്‍വ്വ സങ്കടങ്ങളും മറന്ന് മലയാളി ചിരിച്ച് മണ്ണുകപ്പിയ വരികളാണിത്. ടിക്ടോക്കിലും ഇൻസ്റ്റഗ്രാമിലുമെല്ലാം തരംഗം തീർത്ത വരികള്‍. കുഞ്ഞിപ്പുഴു മാത്രമല്ല, ക്രൂരന്‍ കാക്ക, ക്ലിഞ്ഞോ പ്ലിഞ്ഞോ സൗണ്ടുള്ള തത്ത എന്നിങ്ങനെ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തി വന്‍ തോതില്‍ പ്രചരിച്ച പാരഡി ഗാനങ്ങള്‍ പലതാണ്. ഇതിന്‍റെയൊക്കെ ഉടമസ്ഥാവകാശം എത്തിനില്‍ക്കുന്നത് സുധീര്‍ പറവൂര്‍ എന്ന കോമഡി താരത്തിലും. കാലങ്ങളായി മിമിക്രി വേദികളില്‍ സുധീറിന്‍റെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും നാലുവരി പാരഡി പാട്ടുകളിലൂടെ ഈ അടുത്തകാലത്താണ് സുധീര്‍ ജനഹൃദയം കീഴടക്കിയത്. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സുധീര്‍ വെള്ളിത്തിരയില്‍ ചെറു വേഷങ്ങള്‍ ചെയ്തും ചിരിപടര്‍ത്തിയിട്ടുണ്ട്. നിവിന്‍ പോളി നായകനാകുന്ന "കനകം കാമിനി കലഹം" എന്ന ചിത്രത്തിലൂടെ മുഴുനീള കഥാപാത്രമായെത്തുമ്പോള്‍ പാട്ടും പാരഡിയും സിനിമ വിശേഷങ്ങളുമായി ചേരുകയാണ് സുധീര്‍...


കനകം കാമിനി കലഹത്തിലെ 'അന്തസ്സുള്ള നായരെ' ക്കുറിച്ച് എന്താണ് പറയാനുള്ളത്? എങ്ങനെയാണ് ഈ ചിത്രത്തിന്‍റെ ഭാഗമാകുന്നത്?

അന്തസുള്ള നായര്‍ എന്ന് സിനിമയുടെ ഒരു ഘട്ടത്തില്‍ ആ കഥാപാത്രം പ്രതികരിക്കുന്നതാണ്. കനകം കാമിനി കലഹത്തില്‍ ഒരു മുഴുനീള കഥാപാത്രത്തെ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ആകെ മൊത്തം തമാശയാണ് സിനിമ. സീരിയസായ കാര്യങ്ങള്‍പോലും തമാശയില്‍ കലാശിക്കും. ചെറിയ ഒരു കഥാപാത്രം സ്ക്രീനില്‍ വന്നുപോകുമ്പോള്‍ പോലും വന്‍ പൊട്ടിച്ചിരികള്‍ക്ക് സാധ്യതയുള്ള പടമാണിത്. അതുപോലെ തന്നെ സെറ്റിലും ഞങ്ങള്‍ തമാശകള്‍ പറ‍ഞ്ഞും കളിയും ചിരിയുമൊക്കെയായാണ് ചെലവഴിച്ചത്. ഇടവേളകളില്‍ എന്നെക്കൊണ്ട് പാട്ടുപാടിച്ചും മറ്റും ആകെമൊത്തം ചിരിമയമായിരുന്നു. പിന്നെ, മറ്റുള്ള സിനിമകളില്‍ രണ്ടോ മൂന്നോ ദിവസത്തെ വര്‍ക്കേ കാണൂ, എന്നാല്‍ ഇതില്‍ ഇത്രയും ദിവസം ഇഷ്ടപ്പെട്ട, ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിച്ച താരങ്ങള്‍ക്കൊപ്പം നില്‍ക്കാനായതും ഒരനുഭവമാണ്.

സിനിമയുടെ ഭാഗമായത് രാജേഷ് മാധവിലൂടെയാണ്. ലോക്ക്ഡൗണ്‍ സമയത്താണ് ആ വിളിവരുന്നത്. ഏത് പടമാണെന്നൊന്നും അപ്പോള്‍ പറഞ്ഞില്ല. ഓഡിഷനു പോയി ഒരു സീന്‍ അഭിനയിച്ചു. പിന്നെ ഡയറക്ടറോട് തീരുമാനിച്ച് ഓക്കെ എന്നുപറയുകയായിരുന്നു. ഹോട്ടലിനുള്ളില്‍ തന്നെയായിരുന്നു മുഴുവന്‍ ഷൂട്ടിംഗും. എന്‍റെ ക്ലിഞ്ഞോ പ്ലിഞ്ഞോ തത്തയ്ക്ക് കിട്ടിയ സ്വീകാര്യത തന്നെയാണ് ഈ സിനിമയുടെ ഭാഗമാകാന്‍ അവസരം തന്നതെന്നാണ് വിശ്വാസം.


സോഷ്യൽ മീഡിയയിൽ വൈറൽ വീഡിയോകളുടെ ഒരു ലിസ്റ്റെടുത്താൽ താങ്കളുടെ ഒരു പാട്ടെങ്കിലും ആദ്യ പത്തിൽ കാണും... ഇങ്ങനെ പാരഡി പാട്ടുകളെഴുതാൻ പ്രേരിപ്പിച്ചതെന്താണ്?

ഞാന്‍ ശരിക്കും ഒരു മിമിക്രിക്കാരനൊന്നുമായിരുന്നില്ല. നാട്ടില്‍ ഒരു ഗായകനായിരുന്നു. സംഗീതം പഠിച്ചിട്ടൊന്നുമില്ല, പക്ഷെ അത്യാവശ്യം വെള്ളിയും കാര്യങ്ങളുമൊക്കെയിട്ട് പാടുന്ന ഒരു പാട്ടുകാരന്‍. പിന്നെ നാട്ടിലെ തട്ടിക്കൂട്ട് നാടകങ്ങളില്‍ അഭിനയിക്കും. ക്ലബ്ബിലും അമ്പലപ്പറമ്പുകളിലുമായി ചെറിയ ചില പരിപാടികളൊക്കെയായാണ് വളര്‍ന്നത്. പിന്നെ അച്ഛനും ഒരു കലാകാരനായിരുന്നു. വില്ലൊടിച്ചാന്‍ പാട്ടും കൈകൊട്ടിപ്പാട്ടുമൊക്കെ അച്ഛന്‍ പാടുമായിരുന്നു. അതിന്‍റെയൊക്കെ സ്വാധീനം എന്നിലുണ്ടായിരുന്നിരിക്കാം. പിന്നെ നാദിര്‍ഷ, വി.ഡി രാജപ്പന്‍ തുടങ്ങിയവരുടെ പാട്ടുകള്‍ എന്നെ നല്ലരീതിയില്‍ സ്വധീനിച്ചിട്ടുണ്ട്. സൂര്യ ടി.വിയിലെ ആടാം പാടാം പരിപാടിയിലൂടെയാണ് പാരഡി പാട്ടുകളുണ്ടാക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. 'സരസന്‍ സരിഗമ പാടി' തുടങ്ങി എഴുപത്തി അഞ്ചോളം പാട്ടുകള്‍ ആ പരിപാടിക്ക് വേണ്ടി എഴുതിയിട്ടുണ്ട്.

ക്രൂരന്‍ കാക്കയും ക്ലി‍ഞ്ഞോ പ്ലിഞ്ഞോ സൗണ്ടുള്ള തത്തയും കുഞ്ഞിപ്പുഴുവുമൊക്കെ ചിരിപ്പിച്ചതും ചിന്തിപ്പിച്ചതുമായ അസാധ്യ പാട്ടുകളാണ്. ഇവ ഓരോന്നും എങ്ങനെ ഉണ്ടായി?

വൈറലാകാന്‍ വേണ്ടി ഒന്നും എഴുതാറില്ല. ടെലിവിഷന്‍ പരിപാടികള്‍ക്കു വേണ്ടിയാണ് പാട്ടുകള്‍ കൂടുതലും എഴുതുന്നത്. അതൊക്കെ ചില സാഹചര്യങ്ങളില്‍ താനേ ഉണ്ടാകുന്നതാണ്. ക്രൂരന്‍ കാക്കയൊക്കെ ഒട്ടും പ്രതീക്ഷിക്കാതെയാണ് വൈലായത്. എന്‍റെ മനസില്‍ നേരത്തെയുണ്ടായ വരികള്‍ ഞാന്‍ എഴുതിവെച്ചിരുന്നു. അത് നന്നായോ ആള്‍ക്കാര്‍ അംഗീകരിക്കുമോ എന്നൊക്കെയായിരുന്നു അന്നത്തെ ചിന്ത. അമൃത ടി.വിയിലെ ഫണ്‍സ് അപോണ്‍ എ ടൈം എന്ന പരിപാടിക്ക് വേണ്ടി ഒരു പാട്ട് വേണം എന്ന് രമേഷ് പിഷാരടി ആ സമയത്താണ് എന്നോട് പറയുന്നത്. അങ്ങനെയാണ് ക്രൂരന്‍ കാക്ക ടിവിയില്‍ വരുന്നത്. പിന്നെ പാട്ടിന്‍റെ വരികള്‍ കുറഞ്ഞതുകൊണ്ട് കുറച്ച് സ്റ്റെപ്പൊക്കെയിട്ട് ചെയ്തതാണ്. അതൊക്കെ സ്പോട്ടില്‍ തോന്നിയ ഐഡിയകളായിരുന്നു. അപ്പോള്‍ തന്നെ ആ പാട്ടിന് ഗംഭീര കയ്യടി കിട്ടി. ഇത്രയും വൈറലാകുമെന്നൊന്നും അന്ന് ചിന്തിച്ചില്ല.

കുഞ്ഞുപ്പുഴുവിന്‍റെ പാട്ട് ട്രെയിന്‍ യാത്രയ്ക്കിടെയാണ് മനസ്സില്‍ വന്നത്. അപ്പൊ തന്നെ അത് സുഹൃത്തിന്‍റെ ഫോണില്‍ റെക്കോഡ് ചെയ്തു. പിന്നെ അവനത് വാട്സ്ആപ്പ് ഗ്രൂപ്പിലൊക്കെയിട്ടപ്പോള്‍ നല്ല അഭിപ്രായങ്ങള്‍ വന്നു. മഴവില്‍ മനോരമയിലെ കോമഡി സര്‍ക്കസിലൂടെയാണ് പിന്നെ ആ പാട്ട് ഹിറ്റായത്. സാറാസ് എന്ന സിനിമയില്‍ ആ കൊച്ച് പാടുന്നുണ്ടല്ലോ ഈ പാട്ട്, അതിനു ശേഷം ഒരുപാട് കോളൊക്കെ വന്നു.

ക്ലിഞ്ഞോ പിഞ്ഞോ തത്തയും ഇങ്ങനെ യാദൃശ്ചികമായി ഉണ്ടായത് തന്നെയാണ്. യാത്രകളിലൊക്കെയാണ് വരികള്‍ മനസ്സില്‍ വരുന്നത്. അപ്പോള്‍ തന്നെ അത് മൊബൈലില്‍ റെക്കോഡ് ചെയ്യും. പിന്നീട് എപ്പോഴെങ്കിലുമാകും അതില്‍ അടുത്ത കണക്ഷന്‍ കിട്ടുന്നത്. അപ്പോള്‍ അതും കൂട്ടിച്ചേര്‍ക്കും.


കാക്ക, തത്ത, പുഴു തുടങ്ങി പ്രകൃതിയും ജീവജാലങ്ങളുമാണല്ലോ പാട്ടില്‍ കൂടുതലും. അതിനുള്ള കാരണമെന്താണ്?

നമ്മള്‍ നാട്ടിന്‍പുറവുമായാണല്ലോ കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നത്. കോട്ടുവള്ളി, കുട്ടന്‍തുരുത്ത് എന്നിവിടങ്ങളിലൊക്കെയായിരുന്നു എന്‍റെ കുട്ടിക്കാലം. അന്ന് പാടത്തും പറമ്പിലുമൊക്കെ കളിയും താറാവിന് പുറകെയുള്ള ഓട്ടവുമൊക്കെയായിരുന്നു മെയിന്‍ പരിപാടി. അതുകൊണ്ട് തന്നെ ഈ അനുഭവങ്ങളില്‍ നിന്നുള്ള ലളിതമായ വരികളാണ് ആദ്യം മനസില്‍ വരുന്നത്. ടഫ് വരികളൊന്നും വരില്ല. ഇപ്പോള്‍ കുറേപ്പേര്‍ മെസ്സേജ് അയച്ച് ചോദിക്കാറുണ്ട്, തേരട്ടയെ വെച്ചിട്ട് ഒരു പാട്ടെഴുതി തരുമോ എന്നൊക്കെ.

ഇപ്പോള്‍ ഈ ന്യൂജെന്‍ കാലത്തും നമ്മുടെ പാട്ടുകള്‍ ശ്രദ്ധിക്കപ്പെടുന്നതില്‍ വലിയ സന്തോഷം. പിന്നെ പണ്ടൊക്കെയാണെങ്കില്‍ ഒരു പാട്ടിന്‍റെ പല്ലവിയും അനുപല്ലവിയുമൊക്കെ പാരഡിയാക്കേണ്ടി വരും. ഇന്ന് ആള്‍ക്കാര്‍ക്ക് വരികള്‍ കുറച്ചുമതി. ഒരു റീല്‍സ് ചെയ്യാന്‍ പാകത്തിന് ഉണ്ടാക്കിയാല്‍ മതിയല്ലോ. അത് കൂടുതല്‍ സൗകര്യവുമാണ്.

പാരഡി ഹിറ്റാകുന്ന സമയത്ത് ഒറിജിനൽ പാട്ടുണ്ടാക്കിയവർ വിളിക്കാറുണ്ടോ?

അങ്ങനെയാരും ഇതുവരെ വിളിച്ചിട്ടില്ല. പിന്നെ ഗായകരായ ഉണ്ണി മേനോന്‍, വേണു ഗോപാല്‍ എന്നിവരൊക്കെ വിളിച്ചിട്ടുണ്ട്. അഭിനന്ദിച്ചിട്ടുണ്ട്. പാരഡിയല്ലാതെ ശരിക്കുള്ള പാട്ടുകള്‍ തന്നെ പാടാനാണ് എനിക്കിഷ്ടം. പിന്നെ ആള്‍ക്കാരെ ചിരിപ്പിക്കുക എന്ന ഉദ്ദേശമാണല്ലോ നമുക്ക്. ചിലര്‍ വിളിച്ചിട്ട് പാരഡിയായി തോന്നുന്നേയില്ല ഒറിജിനല്‍ പോലെത്തന്നെയുണ്ടെന്നും പറഞ്ഞിട്ടുണ്ട്. 'സൂര്യാംശു ഓരോ വയല്‍പ്പൂവിലും' എന്ന പാട്ടിന്‍റെ 'വിഷാംശമോരോ പഴത്തോലിലും' എന്ന് തുടങ്ങുന്ന പാരഡി എഴുതിയിരുന്നു. അത് കേട്ടിട്ട് ആളുകള്‍ വിളിച്ച് പറഞ്ഞത് ഒറിജിനല്‍ ആണെന്ന് തോന്നിയെന്നായിരുന്നു.


പാട്ട് തന്നെയാണോ മിമിക്രി വേദിയിലേക്കുള്ള വഴികാട്ടിയത്?

ചെറുപ്പം മുതല്‍ നാട്ടില്‍ ചെറിയ ചില പരിപാടികളിലൊക്കെ പങ്കെടുക്കുമായിരുന്നു. ബാലസംഘവും പ്രവര്‍ത്തനവുമൊക്കെയായി മുന്നോട്ട് പോകുമ്പോഴാണ് സൈനന്‍ കെടാമംഗലത്തെ പരിചയപ്പെടുന്നത്. പുള്ളി അവതരിപ്പിച്ച് കേട്ട സംഭവങ്ങള്‍ സ്കൂളില്‍ കൊണ്ടുപോയി കാച്ചിയാണ് മിമിക്രിക്ക് ഞാന്‍ സെക്കന്‍റ് പ്രൈസ് വാങ്ങുന്നത്. അത് സൈനന്‍ ചേട്ടന്‍ പോലും അറിഞ്ഞിട്ടില്ലെന്നതാണ് സത്യം. ‍പുള്ളി തന്നെയാണ് അന്നും ഇന്നും ഗുരുനാഥന്‍റെ സ്ഥാനത്തുള്ളത്.

ബാക്ക് ഗ്രൗണ്ട് മ്യൂസിക് കൊടുക്കാനും മറ്റുമാണ് മിമിക്രി വേദിയിലെത്തുന്നത്. അങ്ങനെ ഇന്നത്തെ പ്രമുഖ മിമിക്രി താരങ്ങള്‍ക്കൊപ്പം വേദിയില്‍ പെര്‍ഫോം ചെയ്തു. പല ആഗ്രഹങ്ങളുമുണ്ടായിരുന്നു അന്നൊക്കെ. തീവണ്ടി കയറണം, ഫ്ലൈറ്റില്‍ പോകണം എന്നൊക്കെ. അതൊക്കെ പതിയെപ്പതിയെ സാധിച്ചു. സലീം കുമാറിന്‍റെ കൊച്ചിന്‍ സ്റ്റാലിയന്‍സ് എന്ന ട്രൂപ്പിലുള്ള സമയത്താണ് രമേഷ് പിഷാരടിയുമായി പരിചയം. എനിക്ക് കിട്ടിയ അവസരങ്ങളിലൊക്കെ പിഷാരടിക്ക് വലിയ പങ്കുണ്ട്.

ഇക്കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്ത് പണിയൊന്നുമില്ലാതെ നിന്നപ്പോഴാണ് ഫണ്‍സ് അപ്പോണ്‍ എ ടൈം എന്ന പരിപാടിയിലേക്ക് പിഷാരടി വിളിക്കുന്നത്. അതിലൂടെയാണ് കേസവന്‍ മാമന്‍ എന്ന കഥാപാത്രമുണ്ടാകുന്നത്. പിഷാരടിയെപ്പോലുള്ളവരുടെ സഹായങ്ങള്‍ എന്നുമുണ്ടായിട്ടുണ്ട്. നമുക്ക് പറ്റിയ അവസരങ്ങള്‍ വരുമ്പോള്‍ പിഷാരടി വിളിച്ചറിയിക്കും. ക്ലിഞ്ഞോ പ്ലിഞ്ഞോ തത്തയൊക്കെ വൈറലായെന്ന് പിഷാരടിയാണ് എന്നെ വിളിച്ച് പറ‍ഞ്ഞത്. അന്ന് എന്താണ് ഈ വൈറല്‍ എന്ന് പോലും എനിക്കറിയില്ലായിരുന്നു.


കലാജീവിതത്തിൽ അംഗീകരിക്കപ്പെടാൻ ഒരുപാട് വൈകിയോ? ഇതുപോലെ കഷ്ടപ്പെടുന്ന ഒട്ടനവധി കലാകാരന്മാർ അവസരം കാത്ത് പുറത്തുണ്ട് അവരോടൊക്കെ എന്താണ് പറയാനുള്ളത്?

ഈ ഒരു കാലഘട്ടത്തില്‍ തിരിച്ചറിയപ്പെടാനാകും വിധി. പലരും ചോദിച്ചിട്ടുണ്ട്, കൂടെയുള്ളവരൊക്കെ രക്ഷപ്പെട്ടല്ലോ എന്താ ഇങ്ങനെയെന്ന്. ആ ചോദ്യങ്ങളോടൊന്നും ഞാന്‍ പ്രതികരിക്കാറില്ല. കാത്തിരിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. ഏകദേശം 25 വര്‍ഷത്തോളമായി ഫീല്‍ഡില്‍ വന്നിട്ട്. അന്ന് എങ്ങുമെത്താതിരുന്നത് ഇന്ന് ഇങ്ങനെയൊക്കെ ആകാനായിരിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതേസമയം, എനിക്കു മുമ്പും പിമ്പുമുള്ളവര്‍ രക്ഷപ്പെടുന്നത് കണ്ട് മനസ്സറിഞ്ഞ് സന്തോഷിച്ചിട്ടേയുള്ളൂ.

ഇന്നും വളരെ കഷ്ടപ്പെടുന്ന ഒട്ടേറെ മികച്ച കലാകാരന്മാര്‍ പുറത്തുണ്ട്. സാഹചര്യങ്ങള്‍ കാരണം ആഗ്രഹങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുന്നവരുമുണ്ട്. ചിലര്‍ ഒരു വിജയത്തോടെ ശ്രമങ്ങള്‍ അവസാനിപ്പിക്കുന്നുമുണ്ട്. കാലം മാറുന്നതിനനുസരിച്ച് നമ്മളും മാറണം. കൂടുതല്‍ അപ്ഡേഷനുകള്‍ ഉണ്ടാകണം. മനസ് മുരടിച്ചിരിക്കേണ്ട കാര്യമേയില്ല. ഒരു കലാകാരന് എവിടെയെങ്കിലും ഒരവസരം ഉറപ്പായും കിട്ടും.

TAGS :

Next Story