Quantcast

'ബഹളമില്ല, പരിവാരങ്ങളില്ല, കാരവനിലേക്ക് പോകില്ല': മാമുക്കോയയെ കുറിച്ച് സുപ്രിയ മേനോന്‍

'ആത്മസമര്‍പ്പണത്തോടെ ജോലി ചെയ്യുന്ന അഭിനേതാവ്'

MediaOne Logo

Web Desk

  • Updated:

    2023-04-27 02:18:58.0

Published:

27 April 2023 2:16 AM GMT

supriya menon about mamukkoya
X

മാമുക്കോയ, സുപ്രിയ മേനോന്‍

കോഴിക്കോട്: മാമുക്കോയയെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നിര്‍മാതാവ് സുപ്രിയ മേനോൻ. സുപ്രിയ നിര്‍മിച്ച കുരുതി എന്ന സിനിമയില്‍ മാമുക്കോയ അഭിനയിച്ചിരുന്നു. കുരുതിയുടെ ചിത്രീകരണത്തിനിടെ എടുത്ത ഫോട്ടോ പങ്കുവെച്ചാണ് സുപ്രിയ മാമുക്കോയയെ അനുസ്മരിച്ചത്.

"കുരുതിയുടെ സെറ്റിൽ ഷോട്ടുകൾക്കിടയിൽ അദ്ദേഹം വിശ്രമിക്കുമ്പോഴാണ് ഞാൻ ഈ ചിത്രം എടുത്തത്. ബഹളമില്ല, സഹായികളില്ല, പരിവാരങ്ങളില്ല, ഷോട്ടുകൾക്കിടയിൽ കാരവാനിലേക്ക് പോകില്ല. ജോലിയോടുള്ള ആത്മസര്‍പ്പണം. ബഹുമാനം സര്‍. നിത്യശാന്തി നേരുന്നു"- എന്നാണ് സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.



ഇന്നലെ ഉച്ചയ്ക്ക് 1.15ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു മാമുക്കോയയുടെ അന്ത്യം. മലപ്പുറം വണ്ടൂരിൽ നടന്ന ഫുട്ബോൾ മത്സരത്തിന്റെ ഉദ്ഘാടനത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്നു. മാമുക്കോയയുടെ സംസ്കാരം ഇന്ന് രാവിലെ 10ന് കോഴിക്കോട് കണ്ണംപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. മാമുക്കോയയെ അവസാനമായി ഒരുനോക്കു കാണാന്‍ ആയിരങ്ങളാണ് കോഴിക്കോട് ടൌണ്‍ഹാളിലെത്തിയത്. രാവിലെ 9.30 വരെ അരക്കിണറിലെ മാമുക്കോയയുടെ വസതിയിലാണ് പൊതുദര്‍ശനം.

നാല് പതിറ്റാണ്ടിലേറെയായി ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ നിറഞ്ഞുനിന്ന നടനാണ് മാമുക്കോയ. കോഴിക്കോടൻ ഭാഷാ ശൈലിയെ ഇത്രത്തോളം രസകരമായി അവതരിപ്പിച്ച മറ്റൊരു നടനില്ല. 1979ൽ അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. പിന്നീടിങ്ങോട്ട് നാനൂറിലേറെ ചിത്രങ്ങൾ. ചിരിപ്പിക്കാൻ ഒരു പ്രത്യേക കഴിവുണ്ടായിരുന്നു അദ്ദേഹത്തിന്. ചെറുചലനങ്ങളിലൂടെ ഒരൊറ്റ ഡയലോഗിലൂടെ ചിരിനിറക്കാനുള്ള കഴിവ്. സത്യൻ അന്തിക്കാട് സിനിമകളിലൂടെ തിരക്കേറിയ നടനായി. ഏത് വേഷവും ആ കൈകളിൽ ഭദ്രം. അനായാസമായി സ്വാഭാവികമായി അഭിനയിച്ച് ജീവിച്ചു. റാംജിറാവു സ്പീക്കിങ്ങിലെ ഹംസക്കോയ, മഴവിൽ കാവടിയിലെ കുഞ്ഞിക്കാദർ, നാടോടിക്കാറ്റിലെ ഗഫൂർക്ക, സന്ദേശത്തിലെ കെ.ജി പൊതുവാൾ അങ്ങനെയങ്ങനെ മലയാളി എന്നും ഓർക്കുന്ന കഥാപാത്രങ്ങൾ.

ഇന്നത്തെ ചിന്താവിഷയത്തിലൂടെ മികച്ച ഹാസ്യനടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം. പെരുമഴക്കാലത്തിൽ ജൂറിയുടെ പ്രത്യേക പരാമർശം. അങ്ങനെ നിരവധി പുരസ്കാരങ്ങളും ആ മികവിനെ തേടിയെത്തി. ഗൗരവമേറിയ വേഷങ്ങളും ഏറ്റവും മനോഹരമായി അവതരിപ്പിച്ചു. പെരുമഴക്കാലത്തിലെ അബ്ദുവും ബ്യാരിയിലെ കഥാപാത്രവുമെല്ലാം ഉദാഹരണം.

തലമുറ വ്യത്യാസമില്ലാതെ മാമുക്കോയയെ മലയാളി ആഘോഷിച്ചു. തഗ്ഗ് ഡയലോഗുകൾ ഏറ്റുപറഞ്ഞു. ചിരിച്ചു, അനുകരിച്ചു. മലയാള സിനിമയുടെ ഒരു കാലഘട്ടത്തിലെ നിർണായക കണ്ണിയാണ് മാമുക്കോയയുടെ മടക്കത്തിൽ അറ്റുപോകുന്നത്.

TAGS :

Next Story