Quantcast

ഇതൊക്കെ ഇതില്‍ വരുന്നുണ്ടോ? ; പഴയ ഒരു താരത്തെ പരിചയപ്പെടുത്തി സുരഭി ലക്ഷ്മി

എനിക്ക് പഴയ വിലയ്ക്ക് ഡീസല്‍ തരുമോ ഞാൻ സ്ഥിരമായി ഇവിടുന്ന് അടിക്കുന്നതല്ലേ....

MediaOne Logo

Web Desk

  • Published:

    29 Jun 2021 2:56 PM GMT

ഇതൊക്കെ ഇതില്‍ വരുന്നുണ്ടോ? ; പഴയ ഒരു താരത്തെ പരിചയപ്പെടുത്തി സുരഭി ലക്ഷ്മി
X

എന്നും ഇന്ധനം നിറയ്ക്കാൻ പോകുന്ന പെട്രോൾ പമ്പിലെ ജീവനക്കാരനായ പഴയൊരു സിനിമാക്കാരനെ പരിചയപ്പെടുത്തി നടി സുരഭി ലക്ഷ്മി. സ്ഥിരമായി ഡീസലടിക്കുന്ന പമ്പിലെ ജീവനക്കാരനോട് ഡീസലിന് എത്രയാ വിലയെന്ന് ചോദിക്കുന്ന സുരഭി ലക്ഷ്മിയോട് ജീവനക്കാരൻ ഡീസലിന്റെ വില പറയുമ്പോൾ.. എനിക്ക് പഴയ വിലയ്ക്ക് തരുമോ ഞാൻ സ്ഥിരമായി ഇവിടുന്ന് അടിക്കുന്നതല്ലേയെന്ന് സുരഭി ലക്ഷ്മി തമാശരൂപേണ ചോദിക്കുന്നു.

പിന്നീട് മുഖത്തെ മാസ്‌ക് മാറ്റിയ ജീവനക്കാരൻ താൻ പഴയൊരു ജൂനിയർ ആർട്ടിസ്റ്റായിരുന്നു എന്ന് പരിചയപ്പെടുത്തുന്നു. ഇങ്ങനെ തുടങ്ങുന്ന അദ്ദേഹവുമായുള്ള രസകരമായ സംഭാഷണത്തിന്റെ വീഡിയോ നടി ഫേസ്ബുക്കിൽ പങ്കുവച്ചതോടെ ആ ജീവനക്കാരനും അയാളുടെ ജീവിതകഥയും വൈറലായി.

കാലാപാനി, ഏകലവ്യൻ, ഗോഡ്ഫാദർ തുടങ്ങിയ സിനിമകളിൽ താൻ ചെറിയ വേഷങ്ങളിൽ മുഖം കാണിച്ചിട്ടുണ്ടെന്ന് പറയുന്ന ജീവനക്കാരൻ കാലാപാനിയിലെ താൻ അഭിനയിച്ച സീനിന്റെ വിവരണവും നൽകുന്നുണ്ട്. ജീവനക്കാരൻ അഭിനയിച്ച കാലാപാനി സിനിമയുടെ ഭാഗവും സുരഭി ലക്ഷ്മി വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതിന് ശേഷം താൻ ഗൾഫിൽ പോയെന്നും 12 വർഷത്തിനു ശേഷം തിരിച്ചു വന്നപ്പോഴേക്കും സിനിമാരംഗം ആകെ മാറിപ്പോയെന്നും അദ്ദേഹം പറയുന്നു. പിന്നീട് താൻ ഒരു സിനിമ പിടിച്ചെന്നും പക്ഷേ പൊട്ടിപ്പോയെന്നും പറയുന്നു. അതിനിടയിൽ ' ഇതൊക്കെ മൊബൈലിൽ വരുമോ എന്നും സുരഭി ലക്ഷ്മിയോട് ജീവനക്കാരൻ ചോദിക്കുന്നുണ്ട്.

എന്തെങ്കിലും വേഷമുണ്ടെങ്കിൽ പറയണമെന്ന് അദ്ദേഹം സുരഭി ലക്ഷ്മിയോട് പറയുന്നു. ഒടുവിൽ വാടകയ്ക്ക് ഷൂട്ടിങിനോ താമസിക്കാനോ വീട് വേണമെങ്കിൽ പറയണമെന്ന് കൂടി നടിയോട് അദ്ദേഹം പറയുന്നു. ലേഡീസ് ഹോസ്റ്റലിനടുത്ത് 15,000 രൂപയ്ക്ക് വീട് ലഭിക്കുമെന്ന് പറഞ്ഞ അദ്ദേഹത്തിന്റെ ആ വാക്കുകളാണ് സുരഭി ലക്ഷ്മി വീഡിയോക്ക് നൽകിയ തലക്കെട്ട്.

നിരവധി പേരാണ് അദ്ദേഹത്തിന് സിനിമയിൽ ചാൻസ് നൽകണമെന്നും സംസാരശൈലി രസമാണെന്നും പറഞ്ഞ് വീഡിയോക്ക് താഴെ കമന്‍റുകളുമായി വന്നത്.

TAGS :

Next Story