Quantcast

'ഗോള്‍ഡ്...ഓര്‍മ്മിപ്പിക്കല്ലേ പൊന്നേ'; ലിസ്റ്റിനെ ട്രോളി സുരാജ് വെഞ്ഞാറമൂട്

ഗോള്‍ഡിന് നേരിട്ട അപ്രതീക്ഷിത പരാജയത്തിലും ലിസ്റ്റിന്‍ മനസ്സുതുറന്നു

MediaOne Logo

Web Desk

  • Updated:

    2022-12-31 11:05:00.0

Published:

31 Dec 2022 10:57 AM GMT

ഗോള്‍ഡ്...ഓര്‍മ്മിപ്പിക്കല്ലേ പൊന്നേ; ലിസ്റ്റിനെ ട്രോളി സുരാജ് വെഞ്ഞാറമൂട്
X

ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ഗോള്‍ഡ്'. പൃഥ്വിരാജ് നായകനായ ചിത്രത്തിന് പക്ഷെ ബോക്സ് ഓഫീസില്‍ തീ പടര്‍ത്താന്‍ സാധിച്ചില്ല. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ചിത്രം ഒ.ടി.ടിയിലും റിലീസ് ചെയ്തു. അതിനിടെ ചിത്രത്തിന്‍റെ നിര്‍മാതാക്കളിലൊരായ ലിസ്റ്റിന്‍ സ്റ്റീഫനോടുള്ള ഒരു ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകന്‍റെ ചോദ്യവും അതിന് ലഭിച്ച മറുപടിയും ചിരി പടര്‍ത്തുന്നതാണ്. ലിസ്റ്റിനൊപ്പം സുരാജ് വെഞ്ഞാറമൂടും വേദിയിലിരിക്കെയാണ് ഗോള്‍ഡിനെ കുറിച്ചുള്ള ചോദ്യം ഉയര്‍ന്നത്. ഉടനെ തന്നെ സുരാജ് വെഞ്ഞാറമൂടിന്‍റെ കമന്‍റെത്തി, "ഗോള്‍ഡ് എന്നും പറഞ്ഞ്...അയാളിപ്പോള്‍ മര്യാദക്ക് ഇരിക്കുകയാണ്...ഓര്‍മ്മിപ്പിക്കല്ലേ പൊന്നേ...", എന്നായിരുന്നു സുരാജിന്‍റെ മറുപടി. ബാഷ് മുഹമ്മദ് സംവിധാനം ചെയ്ത 'എന്നാലും ന്‍റെളിയാ' എന്ന സിനിമയുടെ പ്രചാരണത്തിന്‍റെ ഭാഗമായ പത്ര സമ്മേളനത്തിലായിരുന്നു സുരാജിന്‍റെ നര്‍മ്മം കലര്‍ന്ന മറുപടി.

എന്നാല്‍ 'ഗോള്‍ഡ്' ഇതുവരെ കണ്ടിട്ടില്ലെന്നാണ് ലിസ്റ്റിന്‍ തിരിച്ചടിച്ചത്. ചിത്രം ഇന്നലെ മുതല്‍ മാത്രമാണ് ഒ.ടി.ടിയില്‍ വന്നതെന്നും കുറച്ച് ദിവസം കഴിഞ്ഞിട്ട് അതിനെ കുറിച്ച് പറയാമെന്നും ലിസ്റ്റിന്‍ പറഞ്ഞു. ഗോള്‍ഡിന് നേരിട്ട അപ്രതീക്ഷിത പരാജയത്തിലും ലിസ്റ്റിന്‍ മനസ്സുതുറന്നു. ഹിറ്റ് കൊടുത്ത ആള്‍ക്കൊരു കോണ്‍ഫിഡന്‍സുണ്ടാവുമെന്നും അതിന് കൂടെ നില്‍ക്കുകയെന്നുള്ളതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. അത് ശരിയല്ല, ഇത് ശരിയല്ലയെന്ന് പറയുമ്പോള്‍ സംവിധായകന് കൂടി അത് ഫീല് ചെയ്യണം. വലിയ സംവിധായകര്‍ക്കൊപ്പം ജോലി ചെയ്യുമ്പോള്‍ അങ്ങനെയൊരു പ്രശ്നമുണ്ടെന്നും ലിസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.

മലയാളത്തില്‍ ഈ വര്‍ഷം ഇറങ്ങിയ സിനിമകളില്‍ ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ഗോള്‍ഡ്. പൃഥ്വിരാജിനും നയന്‍താരയ്ക്കും പുറമെ വലിയൊരു താരനിര അണിനിരന്ന ചിത്രത്തിന് പക്ഷേ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ സാധിച്ചില്ല. മല്ലിക സുകുമാരന്‍, ബാബുരാജ്, ലാലു അലക്സ്, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, ജഗദീഷ്, അജ്മല്‍ അമീര്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, ചെമ്പന്‍ വിനോദ് ജോസ്, ദീപ്തി സതി, വിനയ് ഫോര്‍ട്ട്, റോഷന്‍ മാത്യു, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, അബു സലിം, അല്‍ത്താഫ് സലിം എന്നിങ്ങനെ നീളുന്നതാണ് ചിത്രത്തിന്‍റെ താരനിര.

TAGS :

Next Story