'മൂന്ന് തവണ എന്‍റെ നായികയാകാൻ നസ്രിയ വിസമ്മതിച്ചിട്ടുണ്ട്,നാലാമത്തെ ശ്രമത്തിലാണ് സമ്മതിച്ചത്'; സൂര്യ
ഹൈദരാബാദിൽ നടന്ന പ്രമോഷണൽ പരിപാടിക്കിടെയാണ് സൂര്യയുടെ വെളിപ്പെടുത്തൽ

ചെന്നൈ: സൂര്യയും നസ്രിയയും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് സീൻ. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സിനിമയാണ് സീൻ. ഒരു കാലത്ത് തമിഴകത്ത് തിളങ്ങിയിരുന്ന താരമാണെങ്കിലും നസ്രിയ സൂര്യയുടെ ജോഡിയായി അഭിനയിച്ചിട്ടില്ല. എന്നാൽ നടിക്കൊപ്പം അഭിനയിക്കാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നാണ് സൂര്യ പറയുന്നത്. മൂന്ന് തവണ നസ്രിയയെ സമീപിച്ചിരുന്നെങ്കിലും നസ്രിയ നിരസിക്കുകയാണുണ്ടായത്. പിന്നീട് നാലാം തവണ സീനിലേക്കുള്ള ക്ഷണം സ്വീകരിക്കുകയായിരുന്നുവെന്നും സൂര്യ പറയുന്നു.
ഹൈദരാബാദിൽ നടന്ന പ്രമോഷണൽ പരിപാടിക്കിടെയാണ് സൂര്യയുടെ വെളിപ്പെടുത്തൽ. "എനിക്ക് എപ്പോഴും നസ്രിയക്കൊപ്പം പ്രവർത്തിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്‍റെ മൂന്ന് സിനിമകളിൽ അഭിനയിക്കാൻ ഞങ്ങൾ നേരത്തെ അവരെ സമീപിച്ചിരുന്നു, പക്ഷേ നിരസിച്ചു. നാലാമത്തെ ശ്രമത്തിൽ മാത്രമാണ് സമ്മതിച്ചത്." കഴിഞ്ഞ 12 വർഷത്തിനിടെ നസ്രിയ നിരവധി തമിഴ് സിനിമാ ഓഫറുകൾ നിരസിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതൊക്കെയാണെങ്കിലും അവരുടെ തീരുമാനങ്ങളെ താൻ വളരെയധികം ബഹുമാനിക്കുന്നുവെന്നും അവർ തന്റെ കരിയറിനെ സമീപിച്ച രീതിയെ അഭിനന്ദിക്കുന്നുവെന്നും സൂര്യ പറഞ്ഞു.
ഡാര്‍ക്ക് കോമഡി മിസ്റ്ററി ത്രില്ലറാണ് സീനെന്നും സൂര്യ സിനിമയെക്കുറിച്ച് വിശദീകരിച്ചു. ചിത്രത്തിൽ നിരവധി കഴിവുള്ള കലാകാരൻമാരെ ഉപയോഗിച്ചിട്ടുണ്ടെന്നും നിരവധി പുതുമുഖങ്ങളെ അവതരിപ്പിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. നസ്‍ലനാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. ചിത്രം ദീപാവലി റിലീസായി വെള്ളിയാഴ്ച തിയറ്ററുകളിലെത്തും.
Adjust Story Font
16

