ദക്ഷിണേന്ത്യൻ സിനിമകളിൽ നടിമാരുടെ വയറിനും ബോളിവുഡിൽ മാറിടത്തിനുമാണ് സംവിധായകർ പ്രാധാന്യം നൽകാറുള്ളത്: തപ്സി പന്നു
പ്രേക്ഷകരുടെ ചില സങ്കൽപ്പങ്ങളെ തൃപ്തിപ്പെടുത്താനാണ് സംവിധായകർ നടിമാരുടെ പ്രകടനത്തേക്കാൾ ഉപരിയായി ശരീരഭാഗങ്ങളിൽ ക്യാമറ ഫോക്കസ് ചെയ്യുന്നതെന്ന് തപ്‌സി കുറ്റപ്പെടുത്തി

ന്യൂഡൽഹി: സിനിമയിൽ നടിമാരോടുള്ള സമീപനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി തപ്‌സി പന്നു. ദക്ഷിണേന്ത്യൻ സിനിമകളിലും ബോളിവുഡിലും നടിമാരുടെ ശരീരഭാഗങ്ങൾക്ക് നൽകുന്ന അനാവശ്യ പ്രാധാന്യത്തെക്കുറിച്ചാണ് താരം മനസ്സ് തുറന്നത്. 'ദക്ഷിണേന്ത്യൻ സിനിമകളിൽ വയറിനും ബോളിവുഡിൽ മാറിടത്തിനുമാണ് സംവിധായകർ പ്രാധാന്യം നൽകാറുള്ളത്' എന്ന നിരീക്ഷണമാണ് തപ്‌സി പങ്കുവെച്ചത്. ഒരു യൂട്യൂബ് പോഡ്‌കാസ്റ്റിനിടെയാണ് സിനിമാ സെറ്റുകളിൽ തനിക്ക് നേരിടേണ്ടി വന്ന ലജ്ജാകരമായ ആവശ്യങ്ങളെക്കുറിച്ച് താരത്തിന്റെ വെളിപ്പെടുത്തൽ.
പ്രേക്ഷകരുടെ ചില സങ്കൽപ്പങ്ങളെ തൃപ്തിപ്പെടുത്താനാണ് സംവിധായകർ നടിമാരുടെ പ്രകടനത്തേക്കാൾ ഉപരിയായി ശരീരഭാഗങ്ങളിൽ ക്യാമറ ഫോക്കസ് ചെയ്യുന്നതെന്ന് തപ്‌സി കുറ്റപ്പെടുത്തി. ഭോജ്പുരി, തെന്നിന്ത്യൻ സിനിമകളിൽ പാട്ടുരംഗങ്ങളിൽ വയറിന് വലിയ പ്രാധാന്യം നൽകുന്നതിന്റെ യുക്തി തനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ലെന്നും, ഹിന്ദി സിനിമകളിൽ ഈ ശ്രദ്ധ മാറിടത്തിലേക്കാണ് കേന്ദ്രീകരിക്കുന്നതെന്നും താരം നിരീക്ഷിച്ചു.
ദക്ഷിണേന്ത്യൻ സിനിമകളിൽ അഭിനയിക്കുമ്പോൾ പാഡഡ് ബ്രാ ധരിക്കാൻ സംവിധായകർ നിർബന്ധിക്കാറുണ്ടെന്ന് തപ്‌സി പറഞ്ഞു. "സൗത്തിൽ അവർ പറയും പാഡഡ് ബ്രാ ധരിക്കണമെന്ന്. സെറ്റിൽ വെച്ച് ഈ കാര്യം ആരോട് പറയണമെന്നത് ഒരു വലിയ പ്രശ്നമാണ്, കാരണം അവിടെ ഒന്നോ രണ്ടോ സ്ത്രീകൾ മാത്രമാണുണ്ടാവുക. സംവിധായകൻ അസിസ്റ്റന്റ് ഡയറക്ടറോട് പറയും, അയാൾ സ്റ്റൈലിംഗ് ടീമിനോ ഹെയർ ടീമിലെ സ്ത്രീയോടോ പറയും, ഒടുവിൽ അവരാണ് ഈ സന്ദേശം നടിയുടെ അടുത്തെത്തിക്കുന്നത്," തപ്‌സി ഓർത്തെടുത്തു.
ഷൂട്ടിംഗിനിടയിൽ ഇത്തരം മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെടുന്നത് നടിമാരെ വലിയ രീതിയിൽ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു. "ഒരു പാട്ട് ഷൂട്ട് ചെയ്യുന്നതിനിടയിൽ എല്ലാവരും നോക്കി നിൽക്കെ ഒരാൾക്ക് ഇങ്ങനെയൊന്നിനായി എഴുന്നേറ്റു പോകേണ്ടി വരുന്നത് എത്രത്തോളം ലജ്ജാകരമാണെന്ന് ആലോചിച്ചു നോക്കൂ. എല്ലാവരും ശ്രദ്ധിക്കുന്നത് എന്ത് മാറ്റമാണ് ഉണ്ടായതെന്നായിരിക്കും. തിരിച്ചുവന്നാൽ മാറ്റമൊന്നും കാണുന്നില്ലെന്ന് പറഞ്ഞ് വീണ്ടും മാറ്റാൻ ആവശ്യപ്പെടുന്ന സാഹചര്യവുമുണ്ടാകാറുണ്ട്," തപ്‌സി പറഞ്ഞു.
അനുഭവ് സിൻഹ സംവിധാനം ചെയ്ത 'അസി' ആണ് തപ്‌സിയുടേതായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം.
Adjust Story Font
16

