Quantcast

''കഴിവുള്ളൊരു പെൺകുട്ടി, നിങ്ങളില്ലാതെ ആ സിനിമ പൂർണമാകില്ലായിരുന്നു': കുറിപ്പുമായി ആമിർ ഖാൻ പ്രൊഡക്ഷൻ ഹൗസ്

''ദംഗൽ എന്ന സിനിമ സുഹാനിയില്ലാതെ പൂർണമാകില്ല. അത്രയും കഴിവുള്ളൊരു പെൺകുട്ടിയായിരുന്നു, എന്നെന്നും ഞങ്ങളുടെ ഹൃദയത്തിൽ നിങ്ങളുണ്ടാകും''

MediaOne Logo

Web Desk

  • Published:

    17 Feb 2024 2:53 PM GMT

Suhani Bhatnagars Death
X

മുംബൈ: സൂപ്പർഹിറ്റായ ദംഗൽ എന്ന ചിത്രത്തിൽ ബാലതാരമായിരുന്ന സുഹാനി ഭട്‌നാഗറിന്റെ വിയോഗവാർത്ത ഞെട്ടലോടെയാണ് സിനിമാ പ്രേമികൾ കേട്ടത്. വെറും 19 വയസായിരുന്നു ഭട്‌നാഗറിനുണ്ടായിരുന്നത്. മരണകാരണം വ്യക്തമല്ലെങ്കിലും രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നു താരം. ഇപ്പോഴിതാ സുഹാനിയുടെ മരണത്തിൽ അനുശോചനക്കുറിപ്പ് ഇറക്കിയിരിക്കുകയാണ് ആമിർഖാൻ പ്രൊഡക്ഷൻ ഹൗസ്.

''ദംഗൽ എന്ന സിനിമ സുഹാനിയില്ലാതെ പൂർണമാകില്ല. അത്രയും കഴിവുള്ളൊരു പെൺകുട്ടിയായിരുന്നു, എന്നെന്നും ഞങ്ങളുടെ ഹൃദയത്തിൽ നിങ്ങളുണ്ടാകും''- ആമിർഖാൻ പ്രൊഡക്ഷൻ ഹൗസ് വ്യക്തമാക്കി.

പ്രൊഡക്ഷൻ ഹൗസ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ പൂര്‍ണരൂപം ; "ഞങ്ങളുടെ സുഹാനിയുടെ മരണവാർത്ത കേട്ടതിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. അവളുടെ അമ്മ പൂജാജിക്കും മുഴുവൻ കുടുംബത്തിനും ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം. ഇത്രയും കഴിവുള്ള ഒരു പെൺകുട്ടി, ദംഗൽ സുഹാനിയില്ലാതെ അപൂർണ്ണമായിരുന്നു." "സുഹാനി, നീ ഞങ്ങളുടെ ഹൃദയങ്ങളിൽ എന്നും ഒരു നക്ഷത്രമായി നിലനിൽക്കും".

ഹൃദയഭേദകം എന്നായിരുന്നു സുഹാനിയുടെ മരണവാർത്തയോട് ദംഗൽ സിനിമാ സംവിധായകൻ നിതേഷ് തിവാരി പ്രതികരിച്ചത്. എയിംസിൽവെച്ചായിരുന്നു സുഹാനിയുടെ അന്ത്യം. ഫെബ്രുവരി ഏഴിനാണ് സുഹാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പേശികളിലെ വീക്കം മൂലമുണ്ടാകുന്ന അപൂർവ രോഗമാണ് സുഹാനിയെ ബാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിറ്റിറോയിഡുകൾ ഉപയോഗിച്ച് മാത്രമെ ഈ രോഗം ചികിത്സിക്കാനാകുമായിരുന്നുള്ളൂ. നിർഭാഗ്യവശാൽ ഈ സ്റ്റിറോയിഡുകൾ അവരുടെ പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയായിരുന്നു.

ആശുപത്രിയിൽ നിന്നുണ്ടായ അണുബാധയാണ് ഇതിന് കാരണമായതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ മരണകാരണം ഇപ്പോഴും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. അതേസമയം സുഹാനിയുടെ മരണത്തിൽ അനുശോചിക്കുകയാണ് സിനിമാ ലോകം. 2016-ൽ പുറത്തിറങ്ങിയ ദംഗൽ എന്ന ചിത്രത്തിൽ ബബിത കുമാരി ഫോഗട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് സുഹാനി അറിയപ്പെടുന്നത്. ആമിർ ഖാൻ, സാക്ഷി തൻവർ, സൈറ വസീം എന്നിവരോടൊപ്പം അവർ സ്‌ക്രീൻ സ്പേസ് പങ്കിട്ടു. ചില പരസ്യങ്ങളുടെ ഭാഗവുമായിരുന്നു.

Summary-Aamir Khan's Production House Issues Statement After Dangal Actor Suhani Bhatnagar's Death

TAGS :

Next Story