Quantcast

'20 രൂപയായിരുന്നു അന്നത്തെ ദിവസക്കൂലി, ബണ്ണ് കഴിച്ചാൽ കാശ് ചെലവാകും, ചായ മാത്രം കുടിക്കും'; പഴയകാലമോര്‍ത്ത് വികാരഭരിതനായി സൂരി

ജീവിതം ഇങ്ങനെയൊക്കെ ആയിരിക്കുമെന്ന് പഠിപ്പിച്ചത് തിരുപ്പൂരിലെ മണ്ണാണ്

MediaOne Logo

Web Desk

  • Published:

    16 May 2025 3:29 PM IST

Soori
X

ചെന്നൈ: ഇപ്പോൾ കരിയറിന്‍റെ ഉന്നതിയിൽ നിൽക്കുന്ന പല നടൻമാര്‍ക്കും ഒരു നേരത്തിന് പോലും വകയില്ലാതെ കഷ്ടപ്പെട്ട പഴയ കാലത്തിന്‍റെ കഥ പറയാനുണ്ടാകും. ഇന്നത്തെ താരത്തിലേക്ക് എത്തുന്നതിന് മുൻപ് കടന്നുപോയ വഴികളെക്കുറിച്ച് പല നടീനടൻമാരും പല വേദികളിലും തുറന്നുപറഞ്ഞിട്ടുണ്ട്. ഹാസ്യ വേഷങ്ങളിലൂടെ എത്തി ഇപ്പോൾ നായകനിരയിലേക്ക് ഉയര്‍ന്ന സൂരിക്കുമുണ്ട് ഇത്തരത്തിലൊരു കഥ. കോടികൾ പ്രതിഫലം വാങ്ങുന്നതിന് മുൻപ് 20 രൂപ ദിവസക്കൂലിയിൽ ജോലി ചെയ്തിരുന്ന കാലത്തെക്കുറിച്ച്. മാമൻ എന്ന ചിത്രത്തിന്‍റെ പ്രമോഷനിടെയാണ് സൂരി കഴിഞ്ഞ കാലത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

''ജീവിതം ഇങ്ങനെയൊക്കെ ആയിരിക്കുമെന്ന് പഠിപ്പിച്ചത് തിരുപ്പൂരിലെ മണ്ണാണ്. ഞാന്‍ അനുഭവിച്ച കഷ്ടപ്പാടിന് ഇതുപോലൊരു ഇടത്തില്‍ എന്നെ കൊണ്ടെത്തിച്ചു. ഇതിലും വലിയ അംഗീകാരം ഇനി തേടി വരാനില്ല. തിരുപ്പൂരില്‍ നടക്കാത്ത ഇടമില്ല. ഞങ്ങളുണ്ട് നിനക്കൊപ്പം എന്ന് പറയുന്നത് പോലെയാണ് നിങ്ങള്‍ നല്‍കുന്ന കയ്യടി തോന്നുന്നത്. ഒരുപാട് നന്ദിയുണ്ട്.

അന്ന് കഴിച്ച തേങ്ങാ ബണ്ണിന് അത്രയ്ക്കും രുചിയുണ്ടായിരുന്നു. സംസാരിച്ചാല്‍ കരയും എന്ന് തോന്നുന്നുണ്ട്. 1993-ലാണ് സുഹൃത്തുക്കള്‍ക്കൊപ്പം തിരുപ്പൂരില്‍ ജോലിക്കായി വന്നത്. ഇരുപത് രൂപയായിരുന്നു ഒരു ദിവസത്തെ ശമ്പളം. ഒരാഴ്ച 140 രൂപ കിട്ടും. അതില്‍ 70 രൂപ സ്വന്തം ആവശ്യത്തിന് ചെലവഴിക്കും. ബാക്കി 70 രൂപ വീട്ടിലേയ്ക്കയക്കും.

അവിടെ ഒരു ബേക്കറിയുണ്ടായിരുന്നു. അവിടെ ഒരു തേങ്ങാ ബണ്ണ് കിട്ടും. ഒന്നേ കാല്‍ രൂപവരും. ബണ്ണും ചായയും കഴിച്ചാല്‍ കാശ് ചെലവാകും. എന്നിട്ട് ഒരു ചായ മാത്രം കുടിക്കും. പക്ഷേ ഹോട്ടലില്‍ നിന്നിറങ്ങാന്‍ മനസ് വരില്ല. ആ ബണ്ണിന്‍റെ വാസന വശീകരിച്ചു കൊണ്ടേയിരുന്നു. ഗോവിന്ദണ്ണനും സെൽവണ്ണനും ബാലു അണ്ണനുമായിരുന്നു ഹോട്ടൽ മുതലാളിമാർ. നല്ല മനുഷ്യരായിരുന്നു അവർ. ജീവിതം ഇങ്ങനെയൊക്കെയായിരിക്കുമെന്ന് പഠിപ്പിച്ചത് തിരുപ്പൂരാണ്. അനുഭവിച്ച കഷ്ടപ്പാടിനാണ് ഇതുപോലൊരു സ്ഥാനത്ത് കൊണ്ടെത്തിച്ചത്''

വളരെയധികം വികാരഭരിതനായിട്ടാണ് സൂരി സംസാരിച്ചത്. താരത്തിന്‍റെ കണ്ണ് നിറഞ്ഞുകൊണ്ടുള്ള വാക്കുകൾ കേട്ടപ്പോൾ വേദിയിലുള്ള ഐശ്വര്യ ലക്ഷ്മിയടക്കമുള്ളവരുടെ കണ്ണുകളും ഈറനണിഞ്ഞു. ഐശ്വര്യയാണ് മാമൻ എന്ന ചിത്രത്തിലെ നായിക.സ്വാസികയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രശാന്ത് പാണ്ഡ്യരാജാണ് സംവിധാനം.

TAGS :

Next Story