Quantcast

മരിക്കുന്നതിന് മുമ്പ് സുഹൃത്തുമായി ഫോണിൽ ദീർഘനേരം സംസാരിച്ചു, കണ്ടുകിട്ടാതെ ഐ ഫോൺ- നടി ദീപയുടെ മരണത്തിൽ ദുരൂഹത

അസിസ്റ്റൻഡ് ഡയറക്ടറായി ജോലി ചെയ്യുന്ന സിറാജുദ്ദീൻ എന്നയാളുമായി ദീപ അടുപ്പത്തിലായിരുന്നു

MediaOne Logo

Web Desk

  • Published:

    20 Sept 2022 1:13 PM IST

മരിക്കുന്നതിന് മുമ്പ് സുഹൃത്തുമായി ഫോണിൽ ദീർഘനേരം സംസാരിച്ചു, കണ്ടുകിട്ടാതെ ഐ ഫോൺ- നടി ദീപയുടെ മരണത്തിൽ ദുരൂഹത
X

ചെന്നൈ: ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ തമിഴ് നടി ദീപയുടെ (പോളിൻ ജെസിക്ക) മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ധൈര്യവതിയാണ് ദീപയെന്നും ആത്മഹത്യ ചെയ്യില്ലെന്നും കുടുംബം പറയുന്നു. നടിയുടെ ഐ ഫോൺ നഷ്ടപ്പെട്ടതായും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

'ഞങ്ങൾക്ക് ചില സംശയങ്ങളുണ്ട്. അക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്. അവർ അന്വേഷിക്കുന്നുണ്ട്. ദീപയുടെ ഫോൺ നഷ്ടപ്പെട്ടിട്ടുണ്ട്. ഐ ഫോണാണ് കാണാതായത്. മറ്റു ഫോണുകൾ പരിശോധിച്ചപ്പോൾ മരിക്കുന്നതിന് മുമ്പ് ദീർഘനേരം ദീപ ആരോടോ സംസാരിച്ചതായി കണ്ടെത്തി. ഇയാൾക്കായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്' - ഒരു ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.

സിനിമയിൽ അസിസ്റ്റൻഡ് ഡയറക്ടറായി ജോലി ചെയ്യുന്ന സിറാജുദ്ദീൻ എന്നയാളുമായി ദീപ അടുപ്പത്തിലായിരുന്നു എന്നാണ് റിപ്പോർട്ട്. ഇയാളുമായാണ് ദീപ അവസാനം സംസാരിച്ചതെന്ന് പൊലീസ് കരുതുന്നു. ഇയാൾക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ടെന്നാണ് വിവരം. സിറാജിന് പൊലീസ് സമൻസയച്ചു.

ചെന്നൈ വിരുഗമ്പാക്കം മല്ലിക അവന്യൂവിലെ വാടക ഫ്‌ളാറ്റിൽ ഞായറാഴ്ച രാവിലെയാണ് ദീപയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തായ പ്രഭാകരനാണ് മരണവിവരം പൊലീസിനെ അറിയിച്ചത്. വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്നാണ് പ്രഭാകരൻ ഇവരുടെ വീട്ടിലെത്തിയതെന്ന് എന്റർടൈൻമെന്റ് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു.

പ്രണയ നൈരാശ്യത്തെ തുടർന്ന് ഇവർ ജീവനൊടുക്കി എന്നാണ് പ്രാഥമിക റിപ്പോർട്ട്. ദുപ്പട്ടയുപയോഗിച്ച് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു. ഇവരുടേതെന്ന് കരുതുന്ന ഡയറി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ജീവിതം ഇഷ്ടപ്പെടുന്നില്ലെന്നും ആരും തന്നെ പിന്തുണയ്ക്കാനില്ലെന്നും ഡയറിയിൽ എഴുതിയിട്ടുണ്ട്. ഒരാളുമായി പ്രണയത്തിലാണ്. എന്നാൽ തന്റെ സ്‌നേഹം അംഗീകരിക്കപ്പെട്ടില്ല. അതു കൊണ്ട് ജീവിതം അവസാനിപ്പിക്കുന്നു- ഡയറിയിൽ അവര്‍ കുറിച്ചു. ആന്ധ്രാ സ്വദേശിയാണ് ദീപ.

അന്വേഷണത്തിന്റെ ഭാഗമായി ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ദീപയുടെ ഫ്‌ളാറ്റിൽ എത്തിയവരുടെ വിവരങ്ങൾ പരിശോധിച്ചുവരികയാണ്. മരിക്കുന്നതിന് തലേ ദിവസം ഓട്ടോറിക്ഷയിലാണ് ദീപ ഫ്‌ളാറ്റിലെത്തിയത്.

അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ചിത്രം വൈതായിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ദീപയായിരുന്നു. സൂപ്പർ ചിത്രം തുപ്പരിവാളൻ ഉൾപ്പെടെയുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.

TAGS :

Next Story