Quantcast

സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുന്നു; പ്രധാന റിലീസുകള്‍ ഇവയാണ്

കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഏപ്രിൽ 25നു അടച്ച തിയറ്ററുകൾ ആറുമാസത്തിനു ശേഷമാണ് വീണ്ടും തുറക്കുന്നത്. പ്രഖ്യാപനം വന്നതോടെ നിരവധി ചിത്രങ്ങളാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2021-10-09 10:55:39.0

Published:

9 Oct 2021 9:43 AM GMT

സംസ്ഥാനത്ത് തിയറ്ററുകള്‍  തുറക്കുന്നു; പ്രധാന റിലീസുകള്‍ ഇവയാണ്
X

കൊവിഡ് രണ്ടാം തരംഗത്തില്‍ അടച്ചിട്ടിരുന്ന സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ തുറക്കുകയാണ്. ഈ മാസം 25 മുതല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് തിയറ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാം. പ്രഖ്യാപനം വന്നതോടെ നിരവധി ചിത്രങ്ങളാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഏപ്രിൽ 25നു അടച്ച തിയറ്ററുകൾ ആറുമാസത്തിനു ശേഷം ആണ് വീണ്ടും തുറക്കുന്നത്. അതേസമയം 50 ശതമാനം പ്രവേശനത്തോടെ റിലീസ് നഷ്ടമായിരിക്കുമെന്ന് അറിയിച്ചുകൊണ്ട് മരക്കാര്‍, ആറാട്ട് അടക്കമുള്ള ബിഗ് ബജറ്റ് ചിത്രങ്ങള്‍ ആരംഭസമയത്തെ റിലീസില്‍ നിന്ന് പിന്മാറിയിരുന്നു.

കാവല്‍, അജഗജാന്തരം, കുറുപ്പ്, ഭീമന്‍റെ വഴി, മിഷന്‍ സി, സ്റ്റാര്‍ തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് മലയാളത്തില്‍ നിന്ന് ആദ്യം തിയറ്ററുകളിലെത്താന്‍ ഒരുങ്ങുന്നത്. ജെയിംസ് ബോണ്ട് ചിത്രം നോ ടൈം റ്റു ഡൈ കൂടാതെ ദീപാവലിക്ക് മറുഭാഷകളിൽ നിന്ന് വമ്പൻ റിലീസുകളുമുണ്ട്. രജനീകാന്തിന്‍റെ അണ്ണാത്തെ, വിശാൽ ചിത്രം എനിമി, അക്ഷയ് കുമാർ ചിത്രം സൂര്യവൻശി എന്നിവയൊക്കെ കേരളത്തിലെ തിയറ്ററുകളിലുമെത്തും.

തിയറ്ററുകള്‍ തുറക്കുമ്പോള്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന പ്രധാന റിലീസുകള്‍ ഏതെന്ന് നോക്കാം;

കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന ആദ്യ മലയാള ചിത്രം ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന സ്റ്റാറാണ്. ഈ മാസം 29നാണ് ചിത്രത്തിന്‍റെ റിലീസ്. പൃഥ്വിരാജ്, ഷീലു എബ്രഹാം, ജോജു ജോർജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം അബാം മൂവീസിന്‍റെ ബാനറില്‍ എബ്രഹാം മാത്യുവാണ് നിർമിക്കുന്നത്. സുവിന്‍ എസ് സോമശേഖരനാണ് തിരക്കഥ. എം. ജയചന്ദ്രനും രഞ്ജിൻ രാജും സംഗീത സംവിധാനം നിർവഹിച്ചിച്ചിരിക്കുന്ന സ്റ്റാറിന്റെ പശ്ചാത്തല സംഗീതം വില്യം ഫ്രാൻസിസാണ്.



സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിൻ രഞ്ജി പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാവല്‍'. ഹൈറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്‍റെ കഥ ദൃശ്യവൽക്കരിക്കുന്ന ആക്ഷൻ ഫാമിലി ഡ്രാമ ചിത്രം നവംബർ 25ന് തിയറ്ററുകളിലെത്തും. ഗുഡ് വിൽ എന്‍റര്‍ടെയ്ന്‍മെന്‍സിന്‍റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ രഞ്ജി പണിക്കര്‍,ശങ്കര്‍ രാമകൃഷ്ണന്‍,സുരേഷ് കൃഷ്ണ,പത്മരാജ് രതീഷ്,ശ്രീജിത്ത് രവി,സാദ്ദിഖ്,രാജേഷ് ശർമ്മ,സന്തോഷ് കീഴാറ്റൂർ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. നിഥിന്‍ രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടെയ്ല്‍ എന്‍ഡ് എഴുതുന്നത് രണ്‍ജി പണിക്കര്‍ ആണ്.



ആന്‍റണി വര്‍ഗീസിനെ നായകനാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന 'അജഗജാന്തരം' ആണ് മറ്റൊരു ചിത്രം. സിനിമാ തിയറ്ററുകള്‍ തുറക്കുന്നുവെന്ന പ്രഖ്യാപനം വന്നതിനു പിന്നാലെ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ച ആദ്യ ചിത്രമാണിത്. ചിത്രം ഈ മാസം 29ന് ദിനങ്ങളില്‍ റിലീസ് ചെയ്യുമെന്നും 300ല്‍ പരം തിയറ്ററുകളില്‍ എത്തിക്കുമെന്നും അണിയറക്കാര്‍ അറിയിച്ചു. 'സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍' എന്ന ചിത്രത്തിനുശേഷം ടിനു പാപ്പച്ചനും ആന്‍റണി വര്‍ഗീസും ഒരുമിക്കുന്ന ചിത്രമാണ് അജഗജാന്തരം. ചെമ്പന്‍ വിനോദ്, അര്‍ജ്ജുന്‍ അശോകന്‍, സാബുമോന്‍, സുധി കോപ്പ, ലുക്ക്മാന്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.



ദുൽഖർ സൽമാൻ-ശ്രീനാഥ് രാജേന്ദ്രന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന കുറുപ്പ് പ്രേക്ഷകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ്. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുഗ്, ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യും. ചിത്രത്തിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. ദുൽഖറിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫെയറർ ഫിലിംസും എം സ്റ്റാർ എന്‍റർടൈൻമെന്‍റ്സും ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ.എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു.



ചെമ്പന്‍ വിനോദ് ജോസ് തിരക്കഥ എഴുതി അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീമന്‍റെ വഴി. കുഞ്ചാക്കോ ബോബന്‍, ചിന്നു ചാന്ദിനി, ചെമ്പന്‍ വിനോദ് ജോസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനോക്കള്‍. ചിത്രം നവംബര്‍ 19ന് തിയറ്ററുകളില്‍ എത്തും. നിസാം കാദിരിയാണ് എഡിറ്റിംഗ്. ആഷിക്ക് അബു, റിമ കല്ലിങ്കല്‍, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനാണ്.



യുവ നടൻ അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മിഷന്‍ സി'. എം സ്‌ക്വയർ സിനിമയുടെ ബാനറില്‍ മുല്ല ഷാജി നിർമിക്കുന്ന 'മിഷൻ-സി' എന്ന റിയലിസ്റ്റിക് ക്രെെം ആക്ഷന്‍ എൻഗേജിങ് ത്രില്ലർ ചിത്രത്തിൽ മീനാക്ഷി ദിനേശാണ് നായിക. ഒക്ടോബർ 29-ന് ഇന്ത്യയിലുടനീളം മേപ്പാടൻ ഫിലിംസ് ചിത്രം തിയേറ്ററികളിലെത്തിക്കും.



കൂടാതെ ആന്‍റണി വര്‍ഗ്ഗീസിന്‍റെ ആനപ്പറമ്പിലെ വേൾഡ് കപ്പ്, സുരാജ് വെഞ്ഞാറമൂടിന്‍റെ റോയ്, പ്രണവ് മോഹൻലാൽ നായകനാകുന്ന ഹൃദയം, അനൂപ് മേനോൻ നായകനാകുന്ന മരട് 357, ജോജുവിന്‍റെ ഒരു താത്വിക അവലോകനം തുടങ്ങിയ സിനിമകളും ഉടൻ റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ തുറക്കുന്നതിനു മുന്നോടിയായി തിങ്കളാഴ്ച സര്‍ക്കാര്‍ സിനിമാ സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. സിനിമ, സാംസ്‍കാരിക മന്ത്രി സജി ചെറിയാന്‍ വിളിച്ചിരിക്കുന്ന യോഗത്തില്‍ സെക്കൻഡ് ഷോ അനുവദിക്കുക, നികുതി കുടിശ്ശിക ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ തിയറ്റർ ഉടമകൾ ആവശ്യപ്പെടും. അൻപത് ശതമാനം സീറ്റിൽ മാത്രം പ്രവേശനം അനുവദിക്കുന്നതിന്‍റെ പ്രയാസവും സര്‍ക്കാരിനെ അറിയിക്കും. 25ാം തിയതി തിങ്കളാഴ്ച ആയതിനാൽ എല്ലാ തിയറ്ററുകളും തുറന്നു പ്രവർത്തിക്കാൻ സാധിക്കില്ല എന്നാണ് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോകിന്‍റെ ഭാരവാഹികൾ പറയുന്നത്.


TAGS :

Next Story