Quantcast

എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായത് കൊണ്ട് ഇവർ തഴയപ്പെട്ടു കൂടാ; ഗുസ്തിതാരങ്ങള്‍ക്ക് പിന്തുണയുമായി ടൊവിനോ

ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകൾക്ക് വിജയത്തിന്‍റെ നിറം നൽകിയവർ ! ആ പരിഗണനകൾ വേണ്ട

MediaOne Logo

Web Desk

  • Updated:

    2023-05-31 08:04:28.0

Published:

31 May 2023 6:56 AM GMT

Tovino Thomas
X

ടൊവിനോ തോമസ്

ഗുസ്തിതാരങ്ങള്‍ക്ക് പിന്തുണയുമായി നടന്‍ ടൊവിനോ തോമസ്. നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അർഹിക്കുന്ന നീതി ഇവർക്ക് ലഭിക്കാതെ പോയിക്കൂടായെന്നും എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായത് കൊണ്ട് ഇവർ തഴയപ്പെട്ടു കൂടെന്നും ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ടൊവിനോയുടെ കുറിപ്പ്

അന്താരാഷ്ട്ര കായിക വേദികളിൽ നമ്മുടെ യശസ്സ് ഉയർത്തി പിടിച്ചവരാണ് , ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകൾക്ക് വിജയത്തിന്‍റെ നിറം നൽകിയവർ ! ആ പരിഗണനകൾ വേണ്ട , പക്ഷേ നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അർഹിക്കുന്ന നീതി ഇവർക്ക് ലഭിക്കാതെ പോയിക്കൂടാ , എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായത് കൊണ്ട് ഇവർ തഴയപ്പെട്ടു കൂടാ.

''രാജ്യത്തിന്‍റെ അഭിമാനം കാത്ത കായികതാരങ്ങൾ നീതിക്കുവേണ്ടി തെരുവിൽ. ഭഗവത്ഗീത പോലും സ്വന്തം ഭാഷയിൽ അക്ഷരം കൂട്ടി വായിക്കാനറിയാത്ത സന്യാസിമാർ നിയമ നിർമ്മാണ സഭയിൽ. മുട്ടയുടെ വെള്ള കഴിച്ച് നിരന്തര പരിശീലനവുമായി സമയം കളഞ്ഞതിനുപകരം കഞ്ചാവുമടിച്ച് ഹിമാലയത്തിൽ പോയാൽ മതിയായിരുന്നു എന്ന് നിങ്ങൾക്ക് ഇപ്പോൾ തോന്നുന്നുണ്ടാകാം . അങ്ങിനെ തോന്നാൻ പാടില്ല. കാരണം ഒരു പണിയുമെടുത്ത് ജീവിക്കാൻ താത്പര്യമില്ലാത്തവർക്കുള്ളതാണ് സന്യാസ,പുരോഹിത,ഉസ്താദ് കപട വേഷങ്ങൾ..അനീതികൾക്കെതിരെയുള്ള സമരങ്ങളോളം വലിയ ഒരു ലഹരിയും മനുഷ്യായുസ്സിൽ ഇല്ല. രാജ്യത്തിന്‍റെ അഭിമാനങ്ങളായ ഗുസ്തി താരങ്ങളോടൊപ്പം'' നടന്‍ ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ നടി അപര്‍ണ ബാലമുരളിയും ഗുസ്തിതാരങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. . താരങ്ങളെ റോഡില്‍ വലിച്ചിഴക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് 'നമ്മുടെ ചാമ്പ്യന്‍മാരോട് ഇത്തരത്തില്‍ പെരുമാറുന്നത് കാണുന്നത് ഹൃദയഭേദകമാണെന്നായിരുന്നു' അപര്‍ണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.

മലയാളി ഫുട്ബോള്‍ താരം സി.കെ വിനീതും പ്രതികരിച്ചിരുന്നു. അന്താരാഷ്ട്ര വേദികളിൽ അഭിമാനപൂർവം ദേശീയ പതാക വീശിയ ഇന്ത്യയുടെ പുത്രിമാരെ ഇപ്പോൾ അതേ പതാകയുമായി തെരുവിൽ വലിച്ചിഴക്കപ്പെടുകയാണെന്നായിരുന്നു വിനീതിന്‍റെ ട്വീറ്റ്. ''ഇത് അവസാനിക്കുമെന്ന് കരുതി ഞാൻ ഒരുപാട് ദിവസം ഒരു കാഴ്ചക്കാരനായി നോക്കി നിന്നു. എന്നാൽ ഇന്നത്തെ ചിത്രം എന്‍റെ ഉള്ളിൽ കൊണ്ടു. അന്താരാഷ്ട്ര വേദികളിൽ അഭിമാനത്തോടെ നമ്മുടെ പതാക വീശിയ ഇന്ത്യയുടെ പുത്രിമാരാണിവർ. എന്നാൽ, ഇപ്പോൾ അതേ പതാകയുമായി അവർ തെരുവിലൂടെ വലിച്ചിഴക്കപ്പെടുന്നു'' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഗുസ്തി താരങ്ങളുടെ ആരോപണം ക്രിമിനൽ പശ്ചാത്തലമുള്ള ഒരു മനുഷ്യനെതിരെയാണ്. അദ്ദേഹം ഭരണകക്ഷിയിലെ ഒരു എം.പിയായതിനാൽ അധികാരവുമുണ്ട്. കുറ്റാരോപിതർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം പ്രതിഷേധങ്ങളെ ബലമായി നിശബ്ദരാക്കുകയും അവരെ വേദനിപ്പിക്കുകയും ഒപ്പം നിൽക്കുന്നവരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നതാണോ നിങ്ങൾ കാണുന്ന പരിഹാരം? ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മൾ എങ്ങനെയാണ് ഈ അവസ്ഥയിൽ എത്തിയത്? ഇതാണോ നമുക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഇന്ത്യ? നമ്മുടെ എല്ലാവരുടെയും മേലാണ് ഈ നാണക്കേട്'- വിനീത് വ്യക്തമാക്കി.

ഇന്നലെ തങ്ങളുടെ മെഡലുകള്‍ ഗംഗയിലൊഴുക്കുമെന്ന് ഗുസ്തിതാരങ്ങള്‍ പറഞ്ഞിരുന്നു. കർഷക സംഘടനകൾ നൽകിയ ഉറപ്പിന്മേൽ ആണ് ഇതില്‍ നിന്നും പിന്തിരിഞ്ഞത്.

TAGS :

Next Story