വാരിയംകുന്നൻ; ഒടുങ്ങാത്ത വിവാദങ്ങൾ, ഒടുവിൽ പിന്മാറ്റം

ശശികല മുതല്‍ എം.ടി രമേശ് വരെ... വാരിയംകുന്നന്‍ പ്രഖ്യാപിച്ചതു മുതല്‍ സൈബര്‍ ആക്രമണം; ഒടുവില്‍ പിന്മാറ്റം

MediaOne Logo

ഷെഫി ഷാജഹാന്‍

  • Updated:

    2021-09-01 12:01:33.0

Published:

1 Sep 2021 12:01 PM GMT

വാരിയംകുന്നൻ; ഒടുങ്ങാത്ത വിവാദങ്ങൾ, ഒടുവിൽ പിന്മാറ്റം
X

സിനിമാ പ്രഖ്യാപനം വന്നതുമുതല്‍ വിവിധ കോണുകളില്‍ നിന്ന് സൈബര്‍ ആക്രമണം നേരിട്ട പ്രൊജക്ടായിരുന്നു വാരിയംകുന്നന്‍. ഒടുവില്‍ പൃഥ്വിരാജ് ആഷിഖ് അബു കൂട്ടുകെട്ടില്‍ പ്രഖ്യാപിച്ച വാരിയംകുന്നന്‍ സിനിമയില്‍ നിന്നും ഇരുവരും നാടകീയമായി പിന്മാറുന്നു. 2020 ജൂണില്‍ പ്രഖ്യാപിച്ച സിനിമ നിർമാതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് പിന്മാറുന്നത് എന്നാണ് ഇരുവരും നല്‍കുന്ന വിശദീകരണം.

മലബാർ സമരവുമായി ബന്ധപ്പെട്ട് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് ഒന്നിനുപിറകെ ഒന്നായി നാലുസിനിമകളുടെ പ്രഖ്യാപനമായിരുന്നു തുടരെ ഉണ്ടായത്.

ആഷിഖ് അബുവിന്‍റെ 'വാരിയംകുന്നനും' പി.ടി.കുഞ്ഞുമുഹമ്മദിന്‍റെ 'ഷഹീദ് വാരിയംകുന്നനും ഇബ്രാഹിം വേങ്ങരയുടെ 'ദ് ഗ്രേറ്റ് വാരിയംകുന്നത്തും'. ഇതിനുപുറമേ മലബാര്‍ സമരനായകനെ വില്ലനാക്കുന്ന സിനിമ അലി അക്ബറും പ്രഖ്യാപിച്ചിരുന്നു. വാരിയന്‍കുന്നത്തിനെ എതിര്‍ചേരിയില്‍ പ്രതിഷ്ഠിക്കുന്ന സിനിമക്ക് '1921 പുഴ മുതല്‍ പുഴ വരെ' എന്നായിരുന്നു അലി അക്ബര് പേരിട്ടിരുന്നത്.

മമധർമ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നിർമിക്കുന്ന സിനിമക്കായി ഉദാരമായി സംഭാവന ചെയ്യാൻ സമൂഹമാധ്യമങ്ങളിലൂടെ അലി അക്ബര്‍ അഭ്യർഥനയും നടത്തിയിരുന്നു. ക്ഷേത്രത്തിലേക്ക് നൽകുന്ന ഭിക്ഷ പോലെയാണ് തന്‍റെ സിനിമക്ക് നൽകുന്ന സംഭാവനയെന്നും അന്ന് അലി അക്ബർ പറഞ്ഞു

പൃഥ്വിരാജിന്‍റെ വാരിയംകുന്നത്ത്

സിനിമ പ്രഖ്യാപിച്ച ഘട്ടം മുതല്‍ സംഘപരിവാര്‍ പ്രൊഫൈലുകളില്‍ നിന്ന് പൃഥ്വിരാജിനെയും ആഷിഖ് അബുവിനെയും ലക്ഷ്യം വെച്ചുകൊണ്ട് തുടര്‍ച്ചയായ ആക്രമണം നടന്നിരുന്നു. ഹിന്ദു ഐക്യവേദി അധ്യക്ഷയായ ശശികല പരസ്യമായി ഫേസ്ബുക് കുറിപ്പുമായി പൃഥ്വിരാജിനെതിരെയും സംവിധായകന്‍ ആഷിഖ് അബുവിനെതിരെയും രംഗത്തുവന്നിരുന്നു.

പൃഥ്വിരാജിനെതിരായി കമന്‍റിട്ടവർ ആഷിഖ് അബുവിനെയും റിമ കല്ലിങ്ങലിനെയും മല്ലികാ സുകുമാരനെയുമൊന്നും വെറുതെ വിട്ടിരുന്നില്ല. വലിയ തരത്തിലുള്ള സൈബര്‍ ആക്രമണമാണ് സംഘപരിവാര്‍ സൈബര്‍ സ്പേസില്‍ നടത്തിയത്. എന്നാൽ സൈബർ ആക്രമണം തങ്ങളെ ബാധിക്കില്ലെന്ന് സംവിധായകൻ ആഷിഖ് അബു അന്ന് പ്രതികരിച്ചിരുന്നു. സൈബർ ചർച്ചകൾ പ്രതീക്ഷിച്ചതാണെന്നും അന്നത്തെ കാലഘട്ടത്തെക്കുറിച്ച് പലതരം വ്യാഖ്യാനങ്ങൾ ഉണ്ടാകുന്നത് നല്ലതാണെന്നുമായിരുന്നു ആഷിഖ് അബുവിന്‍റെ പ്രതികരണം.

1921 ലെ പ്പോലെ ഒടുങ്ങിത്തീരാന്‍ 2021ല്‍ ഹിന്ദുക്കള്‍ തയ്യാറല്ലെന്നും ആസിഖേ സംവിധാനിച്ചോളൂ കാണാം എന്നുമായിരുന്നു കെ.പി ശശികലയുടെ ഫേസ്ബുക്ക് പോസ്റ്റ്. '2021 ലേക്ക് വാരിയന്‍ ക്കുന്നന്‍ പുനരവതരിക്കുന്നത്രെ ! നായകനും സംവിധായകനും ഹര്‍ഷോന്മാദത്തിലാണ്. വിവാഹാലോചന നടക്കും മുന്‍പ് കുട്ടിയുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തിയതിന്റെ ഉദ്യേശം വ്യക്തം' സംഘ പരിവാറുകാര്‍ കേറിക്കൊത്തും മതേതരര്‍ രക്ഷയ്‌ക്കെത്തും. മുഖ്യനും പ്രതിപക്ഷനും ഞാന്‍ ലച്ചിപ്പോം എന്നും പറഞ്ഞ് ഓതിരം കടകം മറിയും. സിനിമ രക്ഷപ്പെടും! ഫുത്തി എപ്പടി?

അതോണ്ട് മോനെ പൃഥ്വീ , ആസിഖേ ആ പൂതി എട്ടാക്കി മടക്കി കീശേലിട്ടേയ്ക്ക് ! ഞങ്ങള്‍ പ്രതികരിക്കും.. വേറിട്ടൊരു പ്രതികരണം ! നിങ്ങള്‍ പ്രതീക്ഷിക്കാത്ത ഒരു പ്രതികരണം !' ശശികല അന്ന് ഫേസ്ബുക്കില്‍ കുറിച്ചത്.

വാരിയന്‍കുന്നന്‍' സിനിമ ചരിത്രത്തോട് നീതിപുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി എം.ടി.രമേശനും രംഗത്തെത്തിയിരുന്നു. പൃഥ്വിരാജിനെപ്പോലെയൊരാള്‍ ഇങ്ങനൊരു ചിത്രത്തില്‍ ഭാഗമാകരുതെന്നും പിന്മാറണമെന്നും ഹിന്ദു ഐക്യവേദി നേതാവ് എം.വി വാബുവും രംഗത്തെത്തിയിരുന്നു.

'ലോകത്തിന്റെ നാലിലൊന്നും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ യുദ്ധംചെയ്ത് 'മലയാള രാജ്യം' എന്ന സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു' എന്നായിരുന്നു സിനിമാ പ്രഖ്യാപന വേളയില്‍ പൃഥ്വിരാജിന്‍റെ പോസ്റ്റ്. മലബാർ വിപ്ലവചരിത്രത്തിന്‍റെ നൂറാംവാർഷികത്തിൽ (2021) ചിത്രീകരണം തുടങ്ങുമെന്നും കുറിപ്പിൽ പറഞ്ഞിരുന്നു.


TAGS :

Next Story