'വെച്ചോ ഫൂട്ട്'; റാപ്പ് സംഗീതവുമായി റമീസ് മുഹമ്മദ്
'സുൽത്താൻ വാരിയംകുന്നൻ' വൻ വിജയമായതിനു പിന്നാലെയാണ് പുതിയ പദ്ധതികളുമായി 'ടൂ ഹോൺ' എത്തുന്നത്
കോഴിക്കോട്: പുതിയ റാപ്പ് സംഗീതവുമായി എഴുത്തുകാരനും തിരക്കഥാകൃത്തുമായ റമീസ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള 'ടൂ ഹോൺ'. 'വെച്ചോ ഫൂട്ട്' എന്ന പേരിലാണ് സംഗീതം ഒരുങ്ങുന്നത്. റാപ്പിന്റെ പോസ്റ്റർ റമീസ് ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. സെപ്റ്റംബർ മൂന്നിന് മ്യൂസിക് വിഡിയോ പുറത്തിറങ്ങും.
സ്വാതന്ത്ര്യമാണ് ഞങ്ങളുടെ ആഘോഷം എന്ന പ്രമേയത്തിലാണ് റാപ്പ് ഒരുങ്ങുന്നത്. റമീസ് തന്നെയാണ് തിരക്കഥ നിർവഹിക്കുന്നത്. സിക്കന്ദറാണ് നിർമാണം. ഹാരിസ് സലീം, ദബ്‌സീ, ലക്ഷ്മി മരിക്കാർ, പരിമൾ ഷായിസ് എന്നിവർ അഭിനേതാക്കളായി എത്തുന്നു. അനീസ് നാടോടി, നിസാം കാദിരി, ഫയാസ്, ദബ്‌സി, ഹാരിസ് സലീം, ഫാസിൽ എൻ.സി, കണ്ണൻ പട്ടേരി എന്നിവർ പിന്നണിയിലും അണിനിരക്കുന്നു.
റമീസ് മുഹമ്മദ് എഴുതിയ 'സുൽത്താൻ വാരിയംകുന്നൻ' ആയിരുന്നു ടൂ ഹോണിന്റെ ആദ്യ സംരംഭം. പുസ്തകം വൻ വിജയമായതിനു പിന്നാലെയാണ് പുതിയ പദ്ധതികളുമായി ടീം എത്തുന്നത്. സിനിമ, സംഗീതം, ഡോക്യുമെന്ററി തുടങ്ങിയ രംഗങ്ങളിലെല്ലാം ചുവടുറപ്പിക്കാനാണ് ആലോചിക്കുന്നതെന്ന് റമീസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ടൂ ഹോൺ എന്ന പേരിൽ ആരംഭിക്കുന്ന യൂട്യൂബ് മ്യൂസിക് ചാനലിലാണ് 'വെച്ചോ ഫൂട്ട്' റാപ്പ് പുറത്തിറക്കുക.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം ആസ്പദമാക്കി റമീസിന്‍റെ തിരക്കഥയില്‍ ചിത്രം ഒരുങ്ങുന്നുണ്ട്. നേരത്തെ ചിത്രത്തിൽനിന്ന് ആഷിഖ് അബുവും പൃഥ്വിരാജും പിന്മാറിയിരുന്നു.
Summary: 'Vecho Foot'; Script writer Ramees Mohamed comes wiht rap music
Adjust Story Font
16