Quantcast

'ഓവറാക്കി ചളമാകുമോ എന്ന് പേടിച്ചു...' മലയാളത്തിന്‍റെ അർജുൻ റെഡ്ഡി, അജിത് മേനോൻ

സൂപ്പർ ശരണ്യ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെയൊക്കെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. വിനീത് വാസുദേവൻ അവതരിപ്പിച്ച അജിത് മേനോൻ എന്ന സ്പൂഫ് കഥാപാത്രമാണ് ഇതിലൊന്ന്.

MediaOne Logo

ഹരിഷ്മ വടക്കിനകത്ത്

  • Updated:

    2022-01-15 16:19:46.0

Published:

15 Jan 2022 4:04 PM GMT

ഓവറാക്കി ചളമാകുമോ എന്ന് പേടിച്ചു...  മലയാളത്തിന്‍റെ അർജുൻ റെഡ്ഡി, അജിത് മേനോൻ
X

പ്രേക്ഷക ശ്രദ്ധ നേടി തിയേറ്ററിൽ പ്രദർശനം തുടരുകയാണ് ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ മലയാളത്തിലെ യുവ താരനിര ഒന്നിച്ച സൂപ്പർ ശരണ്യ. പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ജീവിതവും കോളജുമൊക്കെ ഇതിവൃത്തമാക്കി ഒരുക്കിയ ചിത്രത്തിലെ കഥാപാത്രങ്ങളെയൊക്കെയും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. വിനീത് വാസുദേവന്‍ അവതരിപ്പിച്ച അജിത് മേനോന്‍ എന്ന സ്പൂഫ് കഥാപാത്രമാണ് ഇതിലൊന്ന്. സിനിമ മേഖലയില്‍ ഏറെ ചര്‍ച്ചകള്‍ക്കിടംകൊടുത്ത അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തെയും അതിലെ നായകനെയും തമാശരൂപേണ അവതരിപ്പിച്ചപ്പോള്‍ തിയേറ്റര്‍ വിട്ട പ്രേക്ഷകന്‍റെ കൂടെതന്നെ അജിത് മോനോനും ഇറങ്ങിവരുന്നുണ്ട്. മലയാളത്തിന്‍റെ അര്‍ജുന്‍ റെഡ്ഡിയുടെ വിശേഷങ്ങളുമായി ചേരുകയാണ് നടന്‍ വിനീത് വാസുദേവന്‍....


അജിത് മേനോൻ ഒരു സൈഡിലൂടെ അങ്ങ് പോകുമെന്ന് കരുതി...

സൂപ്പർ ശരണ്യയിൽ അജിത് മേനോൻ എന്ന കഥാപാത്രം ഒരു സൈഡിലൂടെ അങ്ങ് പോയിക്കോളുമെന്നാണ് കരുതിയത്. എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലാണ് അജിത് മേനോനെകുറിച്ച് നാട്ടുകാരിൽ നിന്ന് അഭിപ്രായങ്ങൾ വരുന്നത്. അതുകൊണ്ട് തന്നെ വളരെ സന്തോഷം. ഞാനിങ്ങനെ തമാശയൊന്നും പറയുന്ന ആളേയല്ല... 'ഹ്യൂമര്‍' ചെയ്യാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്, അങ്ങനെ വിശ്വസിക്കുന്നയാളാണ് ഞാന്‍. പക്ഷെ ഇതിപ്പോ, എന്നെ കാണുമ്പോള്‍ തന്നെ ആള്‍ക്കാര്‍ തിയേറ്ററില്‍ ചിരിക്കുന്നു..കയ്യടിക്കുന്നു...അതുകൊണ്ടുതന്നെ ഇരട്ടി സന്തോഷം.

ഫേസ്ബുക്കില്‍ പരിചയപ്പെട്ട സിനിമ ഭ്രാന്തന്മാർ

ഫേസ്ബുക്കിലൂടെയാണ് ഞാനും ഗിരീഷും (ഗിരീഷ് എ.ഡി ) വിനീത് വിശ്വവുമൊക്കെ പരിചയം. ഫേസ്ബുക്കിൽ സിനിമ പാരഡിസോ ക്ലബ്‌ എന്ന ഗ്രൂപ്പിൽ കമന്‍റ് സെക്ഷനിലൊക്കെ വെച്ച് പരിചയപ്പെട്ട ആൾക്കാരാണ് ഞങ്ങൾ. ആ ഗ്രൂപ്പില്‍ സിനിമ വിശേഷങ്ങള്‍ പങ്കുവെക്കലും, റിവ്യൂ എഴുതിയിടലുമൊക്കെയായിരുന്നു പ്രധാന പരിപാടി. പിന്നെ അള്ള് രാമേന്ദ്രന്‍റെയൊക്കെ സംവിധായകനായ ബിലഹരി മുഖേനയാണ് എല്ലാവരും കൂടുതല്‍ അറിയുന്നത്. ഞങ്ങള്‍ സിനിമകളൊക്കെ ഒരുമിച്ച് കാണുകയും അതേപ്പറ്റി സംസാരിക്കുകയും ചെയ്യാറുണ്ട്. പിന്നെ ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ സൗഹൃദം വളര്‍ന്നു.


സൂപ്പര്‍ ശരണ്യ ലൊക്കേഷന്‍

അവിടത്തെ ക്യാമറ ഇവിടെയും...അങ്ങനെയായിരുന്നു ഷൂട്ടൊക്കെ...

എന്‍റെ ഷോര്‍ട്ട് ഫിലിമില്‍ ഗിരീഷ് അഭിനയിച്ചിട്ടുണ്ട്, അവന്‍റേതില്‍ ഞാനും അഭിനയിച്ചിട്ടുണ്ട്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ക്ക് മുമ്പ് ഗിരീഷ് 'മൂക്കുത്തി' എന്ന ഷോര്‍ട്ട് ഫിലിം ചെയ്തു, ഞാന്‍ 'വേലി' എന്ന ഷോര്‍ട്ട് ഫിലിമും. അപ്പോഴൊക്കെ ഇവിടുത്തെ ക്യാമറ അവിടേക്കും, അവിടുന്ന് ഇവിടേക്കുമൊക്കെ കൊണ്ടുവരും... സിനിമ തന്നെയാണ് എല്ലാവരെയും ഒന്നിപ്പിച്ചത്. തണ്ണീര്‍മത്തന്‍റെ പ്രീ വര്‍ക്കുകളില്‍ ഞങ്ങളെല്ലാവരും ഗിരീഷിന്‍റെ കൂടെയുണ്ടായിരുന്നു. അപ്പോള്‍ സിനിമയില്‍ എല്ലാവരെയും ചെറിയ രീതിയിലെങ്കിലും ഉള്‍പ്പെടുത്തണമെന്ന് തന്നെയായിരുന്നു പുള്ളിയുടെ ആഗ്രഹം. അങ്ങനെയാണ് ആ ടൂര്‍ ഗൈഡായി ഞാനെത്തിയത്. ഒരു ഡയലോഗു പോലുമില്ലായിരുന്നെങ്കിലും ആ കഥാപാത്രം നന്നായി ശ്രദ്ധിക്കപ്പെട്ടു. മാര്‍ക്കറ്റ് വാല്യു ഉണ്ടായിരുന്നെങ്കില്‍ സിനിമയിലെ രവി സാറിന്‍റെ കഥാപാത്രം എനിക്ക് തരാമായിരുന്നെന്നൊക്കെ ഗിരീഷ് തമാശയ്ക്ക് പറയുമായിരുന്നു.


തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തില്‍ നിന്ന്

അര്‍ജുന്‍ റെഡ്ഡിയുടെ 'അജിത് മേനോന്‍' വേര്‍ഷന്‍

ഒരു ശല്യക്കാരനായ സീനിയര്‍ മാത്രമായിരുന്നു സൂപ്പര്‍ ശരണ്യയുടെ സ്ക്രിപ്റ്റിലുണ്ടായിരുന്ന അജിത് മേനോന്‍. പിന്നെയാണ് ഗിരീഷ് അര്‍ജുന്‍ റെഡ്ഡിയുടെ സ്പൂഫ് സാധ്യതകളെക്കുറിച്ച് മനസിലാക്കുന്നത്. ഇത്തരം കഥാപാത്രങ്ങളുണ്ടാകുമ്പോള്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ ഫേയ്മസ് ഡയലോഗൊക്കെവെച്ച് തമാശ കണ്ടെത്താറുണ്ട്. ഗിരീഷ് അത്തരം കാര്യങ്ങളില്‍ ഭയങ്കരമായിട്ട് തമാശ കണ്ടെത്തുന്നൊരാളുംകൂടിയാണ്. അവനത് നന്നായി വര്‍ക്കാകും എന്ന് തോന്നി, അങ്ങനെയാണ് അജിത് മേനോന്‍ അര്‍ജുന്‍ റെഡ്ഡി മലയാളം വേര്‍ഷനാകുന്നത്. അര്‍ജുന്‍ റെഡ്ഡിയിലെ ചില ഡയലോഗുകള്‍, മാനറിസം, സീനുകള്‍ അങ്ങനെ എല്ലാം കൊണ്ടുവരാന്‍ ശ്രമിച്ചിച്ചുണ്ട്.

വിനീത് വിശ്വം ചെയ്ത അരുണ്‍ സാറിന്‍റെ കഥാപാത്രമായിരുന്നു ആദ്യം എനിക്ക് കിട്ടിയത്. പിന്നെ ഒരു ഓവര്‍ ദി ടോപ് പരിപാടി പിടിക്കാം എന്ന് പറഞ്ഞാണ് അര്‍ജുന്‍ റെഡ്ഡി സ്പൂഫ് വരുന്നതും കഥാപാത്രത്തിന് അജിത് മേനോന്‍ എന്ന് പേരു വരുന്നതും ഞാനത് ചെയ്യുന്നതും. കുറച്ച് സവര്‍ണ ചിന്തയുള്ളൊരാള്‍ എന്ന രീതിയില്‍ തന്നെയാണ് ആ പേര് പോലും രൂപപ്പെടുന്നത്.


അര്‍ജുന്‍ റെഡ്ഡിക്ക് ഒരു 'കൊട്ട്' എന്നും പറയാം...

അര്‍ജുന്‍ റെഡ്ഡിയും കബീര്‍ സിംഗ് പോലുള്ള റീമേക്കുകളും ഇന്ത്യ മൊത്തം ചര്‍ച്ചയായിട്ടുള്ള സിനിമകളായിരുന്നല്ലോ. സൂപ്പര്‍ ശരണ്യയില്‍ അതിന്‍റെ ഒരു കോമഡി വേര്‍ഷനാണ് പിടിച്ചതെങ്കിലും അവിടേം ഇവിടേം ഒക്കെ ഒരു കൊട്ട് തന്നെയാണ് അജിത് മേനോന്‍ എന്ന കഥാപാത്രം. ഒരു കോമഡി വേര്‍ഷനാണിത്. ഇതിനിടെ അര്‍ജുന്‍ റെഡ്ഡിയുടെ സ്ഥാനത്ത് ഹരിശ്രീ അശോകന്‍റെ പടംവെച്ച് ട്രോളുകളൊക്കെ വന്നിരുന്നു. അത് വന്‍ ഹിറ്റാവുകയും ചെയ്തു. അതൊക്കെ തന്നെയാണ് അജിത് മേനോനെ ഇങ്ങനെ അവതരിപ്പിക്കാന്‍ കാരണവും.

അര്‍ജുന്‍ റെഡ്ഡി ഫാന്‍സിനെ പേടിച്ചു...

ഈ പടത്തില്‍ ഏറ്റവും കൂടുതല്‍ സങ്കീര്‍ണമായത് അജിത് മേനോന്‍ എന്ന കഥാപാത്രം തന്നെയായിരുന്നു. കാരണം, ആളുകള്‍ക്ക് ഇത് ഓവറായിട്ട് തോന്നുമോ, ഞങ്ങടെ ഹീറോയെ നിങ്ങള്‍ നശിപ്പിച്ചു എന്ന് കമന്‍റുകള്‍ വരുമോ എന്നൊക്കെ പേടിയുണ്ടായിരുന്നു. പക്ഷെ അതിനെയൊക്കെ കാറ്റില്‍ പറത്തി, വേറെ ലെവല്‍ പ്രതികരണങ്ങളാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഓവറായെന്നോ, ബോറായെന്നോ ആരും ഇതേവരെ പറഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ഇതിനു മുന്നോടിയായെടുത്ത തയ്യാറെടുപ്പുകള്‍ ഫലം കണ്ടു എന്ന് തോന്നുന്നു.


ഇടക്കൊക്കെ സീരീയസാണ്, എന്നാല്‍ 'അള്‍ട്ടിമേറ്റ്ലി' തമാശയാണ് അജിത് മേനോനെക്കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരുപാട് സീരിയസായാല്‍ എണ്‍പതുകളിലെ വില്ലന്‍ കഥാപാത്രത്തെപോലെയാകും, ഹ്യൂമര്‍ മാത്രമായാല്‍ വേറൊരു തലത്തിലേക്കും പോകും. അങ്ങനെ 'ട്രിക്കി' ആയിരുന്നു കഥാപാത്രം. അതുകൊണ്ടു തന്നെയാണ് കോംപ്ലിക്കേറ്റഡ് ആയിരുന്നു എന്ന് പറഞ്ഞത്.

ഉദയനാണ് താരവും അഴകിയ രാവണനും ഗൈഡായി...

മിക്കപ്പോഴും ചില സീനുകള്‍ ചെയ്ത് ഞാന്‍ ഗിരീഷിന് വീഡിയോ എടുത്ത് അയക്കും. തുടക്കം മുതല്‍ ഒരു കോണ്‍ഫിഡന്‍സ് കിട്ടാത്ത പ്രശ്നമുണ്ടായിരുന്നു. കാണുന്നവരൊക്കെ ചിരിക്കുമ്പോള്‍ നല്ലതാണോ കളിയാക്കിയതാണോ എന്നൊക്കെ ആശയക്കുഴപ്പമുണ്ടായി. ഗ്രൂമിങ് വരെ ഇതു തന്നെയായിരുന്നു അവസ്ഥ. പക്ഷെ ലൊക്കേഷനില്‍ ഞാന്‍ കോസ്റ്റ്യൂമൊക്കെയിട്ട് ഡയലോഗൊക്കെ പറഞ്ഞ് തുടങ്ങിയപ്പോള്‍ ഒരു ഫ്ലോ കിട്ടി.


അര്‍ജുന്‍ റെഡ്ഡി ഞാന്‍ പലപ്പോഴായി കണ്ടു. അതിലെ ചില മാനറിസം കൊണ്ടുവരാന്‍ നോക്കും. അജിത് മേനോന്‍ എന്ന കഥാപാത്രം ഭയങ്കര സംഭവമായിട്ടാണ് സ്വയം കരുതുന്നത്. എന്നാല്‍ ശരണ്യ എന്ന പെണ്‍കുട്ടി ഇയാളെ ഒരു മണ്ടനായാണ് കാണുന്നത്. മലയാളത്തില്‍ മുമ്പും ഇത്തരം കഥാപാത്രങ്ങളുണ്ടായിട്ടുണ്ട്. അഴകിയ രാവണനിലെ മമ്മൂട്ടിയും, ഉദയനാണ് താരത്തിലെ ശ്രീനിവാസനുമൊക്കെ. അഴകിയ രാവണനില്‍ മമ്മൂട്ടിയൊക്കെ അസാധ്യമായല്ലേ ആ കഥാപാത്രം ചെയ്തത്. ചുറ്റുമുള്ളവര്‍ കളിയാക്കുമ്പോഴും അതൊന്നും ബാധിക്കാതെ അത്രയും കോണ്‍ഫിഡന്‍സിലാണ് ആ മനുഷ്യന്‍ നില്‍ക്കുന്നത്. ഉദയനാണ് താരത്തില്‍ രാജപ്പനും അതുപോലെ തന്നെ. ചില സീനുകളിലൊക്കെ ശ്രീനിവാസന്‍റെ ടോണും മോഡുലേഷനുമൊക്കെ വന്നിട്ടുണ്ട്. ഗിരീഷിന്റെ എഴുത്തിലായാലും ശ്രീനിവാസനിൽ നിന്ന് പ്രചോദനം കൊണ്ട പല സാധനങ്ങളും കാണാം.

പഠിച്ചത് എഞ്ചിനീയറിങ്, ഇഷ്ടം കൂത്ത്...

ഞാന്‍ ശരിക്കുമൊരു ചാക്യാര്‍ കൂത്ത് കലാകാരനാണ്. അച്ഛനും മുത്തച്ഛനുമൊക്കെ കൂത്ത് ചെയ്യുന്നവരാണ്. മൂന്നാം ക്ലാസ് തൊട്ട് ഞാനും കൂത്ത് അവതരിപ്പിക്കുന്നുണ്ട്. സ്കൂള്‍ കലോത്സവങ്ങളും യൂത്ത് ഫെസ്റ്റിവലുകളുമൊക്കെയാണ് എന്നെ വളര്‍ത്തിയത്. ഇപ്പോഴും കൂത്ത് ഞാന്‍ എന്‍റെ പ്രൊഫഷനായി തുടര്‍ന്നു പോകുന്നു. പാട്ടും പരിപാടികളുമൊക്കെയുണ്ടായിരുന്നു ഒപ്പം. പക്ഷെ... പഠിച്ചത് എഞ്ചിനിയറിങ്ങ് ആണ്.


അഭിനയിക്കാനറിയുമെന്ന് തെളിയിക്കേണ്ടി വന്നു...

തുടക്കക്കാലം മുതല്‍ ഞാന്‍ ചെയ്ത ചില ഷോര്‍ട്ട് ഫിലിമുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സജിത മഠത്തിലിനെ കേന്ദ്ര കഥാപാത്രമാക്കി ചെയ്ത 'നിലം' എന്ന ഷോര്‍ട്ട് ഫിലിം ഏറെ ചര്‍ച്ചയായി. അതിനു ശേഷം 'വീഡിയോ മരണം' എന്ന ഫിലിം ഫോണുപയോഗിച്ച് ചെയ്തു. അയ്യപ്പ പണിക്കരുടെ ഒരു കവിതയായിരുന്നു അതിന് ആധാരം. എന്നാല്‍ എനിക്കൊരു ബ്രേക്ക് ആകുന്നത് 'വേലി' എന്ന വര്‍ക്കാണ്. വേലിക്ക് കുറേ അവാര്‍ഡുകള്‍ കിട്ടി. ഫെഫ്ക, സൈമ എന്നിവയുടേതടക്കം. അതില്‍ ഞാന്‍ അഭിനയിക്കുകയും ചെയ്തിരുന്നു. സത്യം പറഞ്ഞാല്‍ അത്രയും കാലം എന്‍റെ അഭിനയത്തെ എല്ലാവരും മോശം പറയുകയും ഇനി ആരും അഭിനയിക്കാന്‍ വിളിക്കില്ലെന്ന തോന്നലുണ്ടാവുകയും ചെയ്തപ്പോഴാണ് അങ്ങനെ ഒരു തീരുമാനമെടുത്തത്. അഭിനയിക്കാനറിയുമെന്ന് തെളിയിക്കാന്‍. പിന്നീട് കൂട്ടുകാരൊക്കെ ഷോര്‍ട്ട് ഫിലിമുകളിലേക്ക് വിളിക്കാന്‍ തുടങ്ങി. ഏറ്റവും ഒടുവില്‍ ദൂരദര്‍ശന് വേണ്ടി 'വശീകരണം' എന്ന ഷോര്‍ട്ട് ഫിലിമാണ് ചെയ്തത്. അതില്‍ ഗിരീഷൊക്കെ തന്നെയാണ് പ്രധാന കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത്.


അഞ്ചാം പാതിരയിലെ സൈക്കോയെ കൈവിട്ടുപോയ കഥ

ഞാനും ഗിരീഷും സജിനും(സജിന്‍ ചെറുകയില്‍) ചേർന്ന് എഴുതിയതാണ് അള്ള് രാമേന്ദ്രൻ എന്ന സിനിമ. അതിന്റെ നിർമാണം ആഷിഖ് ഉസ്മാനായിരുന്നു. പിന്നെ മിഥുൻ മാനുവലും ഷൈജു ഖാലിദും എന്റെ വേലി എന്ന ഷോർട്ട് ഫിലിമും കണ്ടിരുന്നു. അങ്ങനെയൊക്കെയാണ് എന്നെ അഞ്ചാം പാതിരയിലേക്ക് വിളിക്കുന്നത്. അതിലെ സൈക്കോ സൈമൺ എന്ന കഥാപാത്രത്തിനു വേണ്ടി ഞാൻ ചെറിയ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. പെൺവേഷത്തിലൊക്കെ. പക്ഷെ ആ കഥാപാത്രത്തിന് കുറച്ചുകൂടി സ്ത്രൈണത ആവശ്യമുള്ളതിനാല്‍ മറ്റൊരാൾ ആ വേഷം ചെയ്തു...

പക്ഷെ, പടം റിലീസായി ഒരു ഒന്നര വർഷം കഴിഞ്ഞപ്പോഴാണ് മേക്ക്ഓവർ നടത്തിയ ഒരു ഫോട്ടോ ഞാൻ പോസ്റ്റ്‌ ചെയ്യുന്നത്. എന്നാൽ ആൾക്കാരത് ഏറ്റെടുത്ത് യുവ നടന് അവസാന നിമിഷം അവസരം നിഷേധിച്ചു എന്നൊക്കെ പറഞ്ഞ് ആഘോഷമാക്കി. ഞാനങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടേയില്ല. അങ്ങനെയെങ്കില്‍ എനിക്കത് പടം ഇറങ്ങിയപ്പോള്‍ തന്നെ പോസ്റ്റ് ചെയ്യാമായിരുന്നു.


അഞ്ചാം പാതിരക്ക് വേണ്ടി നടത്തിയ മേക്ക് ഓവര്‍

ഇനി സിനിമ സംവിധാനത്തിലേക്ക്....

ആന്റണി വർഗീസിനെ നായകനാക്കി ഒരു ഫീച്ചർ ഫിലിം അടുത്ത് തന്നെ തുടങ്ങും. ശരണ്യക്ക് മുമ്പ് തന്നെ തുടങ്ങേണ്ടതായിരുന്നു. പക്ഷെ, ഇനി കോവിഡിന്റെ അവസ്ഥ കൂടി പരിഗണിച്ചാകും അത് ആരംഭിക്കുന്നത്. മാര്‍ച്ച്- ഏപ്രില്‍ മാസമാകുമ്പോഴേക്കും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഷെബിൻ ബെക്കറും ഗിരീഷുമാണ് നിർമിക്കുന്നത്.

അഭിനയിക്കാന്‍ തന്നെയാണ് എനിക്ക് ഇഷ്ടം. സംവിധാനവും ഇഷ്ടമാണ്, അല്ലാന്നല്ല. പക്ഷെ അതിന് അത്രയും ആത്മസമര്‍പ്പണം ആവശ്യമാണ്. ഇപ്പോള്‍ ഒരു പ്രൊജക്ട് മുന്നിലുള്ളതിനാല്‍ സംവിധാനത്തില്‍ തന്നെയാണ് ശ്രദ്ധ കൊടുക്കുന്നത്. പിന്നെ നല്ലൊരു റോളും സംവിധാനത്തിനായുള്ള അവസരവും ഒരുമിച്ച് വന്നാല്‍ ഞാന്‍ ആശയക്കുഴപ്പത്തിലാകും....

TAGS :

Next Story