Quantcast

സിനിമാപ്രേമികൾ റെഡിയായില്ലേ? ഒടിടിയിൽ കാത്തിരിക്കുന്നത് വമ്പൻ വിരുന്ന്!

സിനിമാപ്രേമികളെ ഈ വാരാന്ത്യം ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ കാത്തിരിക്കുന്നത് വ്യത്യസ്ത ജോണറുകളിലുള്ള നാല് ചിത്രങ്ങള്‍

MediaOne Logo
സിനിമാപ്രേമികൾ റെഡിയായില്ലേ? ഒടിടിയിൽ കാത്തിരിക്കുന്നത് വമ്പൻ വിരുന്ന്!
X

സിനിമാപ്രേമികളെ ഈ വാരാന്ത്യം ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ കാത്തിരിക്കുന്നത് വ്യത്യസ്ത ജോണറുകളിലുള്ള നാല് ചിത്രങ്ങള്‍. അനൂപ് മേനോന്‍ നായകനായ മലയാള ചിത്രം 'ചിരം', മലയാളി താരം ഫെമിന ജോര്‍ജ് പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം 'ഹൈക്കു', പ്രശാന്ത് നീല്‍ അവതരിപ്പിക്കുന്ന ഹൊറര്‍ ചിത്രം '418', അശോക് സെല്‍വന്‍ നായകനായ തമിഴ് ചിത്രം 'അന്‍പില്‍ അവന്‍' എന്നിവയാണ് ഈ ആഴ്ചയില്‍ ഒടിടിയിലെത്തുന്നത്. കഴിഞ്ഞ ദിവസമാണ് നാല് ചിത്രങ്ങളുടേയും സ്ട്രീമിങ് ആരംഭിച്ചത്. സണ്‍നെക്‌സ്റ്റ്, നെറ്റ്ഫ്‌ലിക്‌സ്, സോണി ലിവ് എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ചിത്രങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.

1. ചിരം-സണ്‍ നെക്സ്റ്റ്

അനൂപ് മേനോനെ നായകനാക്കി സിന്ധു പറയില്‍, എന്‍.സുധീര്‍ എന്നിവര്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ചിരം'. ഐശ്വര്യ മിഥുന്‍ കൊറോത്താണ് നായിക. ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ സാമിന്റെയും ബോള്‍ സംഗീതം പഠിക്കാനായി വിശ്വഭാരതി സര്‍വകലാശാലയിലെത്തുന്ന സീതയുടേയും പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. വ്യത്യസ്തമായ സാംസ്‌കാരിക പശ്ചാത്തലങ്ങളിലൂടെ സഞ്ചരിക്കുന്ന ഇരുവരുടേയും ജീവിതവും പ്രണയവുമാണ് സിനിമാ പ്രേക്ഷകരോട് പറയുന്നത്. ഒക്ടോബര്‍ ഒമ്പതിന് തിയറ്ററുകളിലെത്തിയ ചിത്രം കഴിഞ്ഞ ദിവസം മുതല്‍ സണ്‍ നെക്സ്റ്റില്‍ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.

2. ഹൈക്കു- നെറ്റ്ഫ്ലിക്സ്

മലയാളി താരം ഫെമിന ജോർജ് പ്രധാന വേഷത്തിലെത്തുന്ന തമിഴ് റൊമാന്റിക് ഡ്രാമയാണ് 'ഹൈക്കു'. യുവരാജ് ചിന്നസാമി സംവിധാനം ചെയ്ത ചിത്രത്തിൽ ഏഗൻ, ശ്രീദേവി അപ്പല്ല എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തിയിട്ടുണ്ട്. വനിതാ കോളജിലെ ഏക പുരുഷ വിദ്യാർഥിയായ മനോയുടെ പ്രണയവും ജീവിതവുമാണ് സിനിമയുടെ പ്രമേയം. പ്രണയം പ്രകടിപ്പിക്കാൻ ഹൈക്കു കവിതകളെ ആശ്രയിക്കുന്ന മനോയുടെ ജീവിതത്തിലെ വ്യത്യസ്ത ഘട്ടങ്ങളും ചിത്രം അവതരിപ്പിക്കുന്നു. ഒക്ടോബർ 23ന് തിയറ്ററുകളിലെത്തിയ ചിത്രം ഇന്നലെ മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ചിത്രം കാണാം.

3. 418 – നെറ്റ്ഫ്ലിക്സ്

പ്രശാന്ത് നീൽ അവതരിപ്പിക്കുന്ന തെലുങ്ക് ഹൊറർ ത്രില്ലറാണ് '418'. കിർതൻ നാഗൗഡ സംവിധാനം ചെയ്ത ചിത്രത്തിൽ ചൈത്ര ജെ. ആചാർ, സൂര്യ രാജ് വീരഭദ്രബത്തിണി, ചരൺ ലക്കരാജു, പ്രീതി പഗഡാല, രമേഷ് ഇന്ദിര എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. 15 വർഷമായി അടച്ചിട്ടിരിക്കുന്ന മെഡിക്കൽ കോളജ് ഹോസ്റ്റലിലെ 418-ാം നമ്പർ മുറിയുടെ ദുരൂഹതയാണ് ചിത്രത്തിന്റെ പ്രമേയം.

ഹോസ്റ്റലിലെ 417-ാം നമ്പർ മുറിയിൽ താമസിക്കാനെത്തുന്ന മെഡിക്കൽ വിദ്യാർഥിയായ വിവേകിന് പിന്നാലെ അസാധാരണ സംഭവങ്ങൾ അരങ്ങേറുന്നതോടെയാണ് കഥ വികസിക്കുന്നത്. മുറി 418ൽനിന്നുള്ള വിചിത്ര ശബ്ദങ്ങളും ഭീതിജനകമായ കാഴ്ചകളും വിവേകിനെ വേട്ടയാടുന്നു. ഇതിന് പിന്നിലെ രഹസ്യം തേടിയുള്ള അന്വേഷണം 15 വർഷം മുമ്പ് നടന്ന ദുരൂഹ സംഭവങ്ങളിലേക്കും ദേവിക എന്ന സ്ത്രീയുടെ ജീവിതത്തിലേക്കും എത്തുന്നു. അമാനുഷികതയും മനഃശാസ്ത്രവും പ്രാദേശിക നാടോടിക്കഥകളും കൂട്ടിയിണക്കിയാണ് ചിത്രം മുന്നോട്ടുപോകുന്നത്. നവംബർ 19 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ച ചിത്രം മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ലഭ്യമാണ്.

4. അൻപിൽ അവൻ – സോണി ലിവ്

അശോക് സെൽവനും പ്രീതി മുകുന്ദനും പ്രധാന വേഷങ്ങളിലെത്തുന്ന തമിഴ് ത്രില്ലറാണ് 'അൻപിൽ അവൻ'. ആർ. കാർത്തികേയൻ സംവിധാനം ചെയ്ത ചിത്രത്തിൽ രേവതി, മലയാളി താരം സാബുമോൻ അബ്ദുസമദ് എന്നിവരും അഭിനയിക്കുന്നുണ്ട്. സൂര്യയും ഇയലും എന്ന ദമ്പതികളുടെ ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. നഗരജീവിതം ഉപേക്ഷിച്ച് ഒരു ഹിൽ സ്റ്റേഷനിൽ പഴയൊരു ബംഗ്ലാവ് ഹോംസ്റ്റേയാക്കി പുതിയ ജീവിതം ആരംഭിക്കാനെത്തുന്ന ഇവരുടെ സ്വപ്നങ്ങൾക്ക് പ്രാദേശിക സ്വാധീനമുള്ള ഒരാൾ തടസ്സം സൃഷ്ടിക്കുന്നതോടെയാണ് സംഭവങ്ങൾ മാറിമറിയുന്നത്. നവംബർ 20 മുതൽ സോണി ലിവിൽ ചിത്രം സ്ട്രീം ചെയ്യുന്നുണ്ട്. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ലഭ്യമാണ്.

TAGS :

Next Story