രാമായണ സിനിമയുടെ ദൃശ്യങ്ങൾ ലീക്കായോ? വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടിയുമായി നിർമാതാക്കൾ
ചിത്രം ഇതിനോടകം 500 കോടി രൂപയിലധികം കളക്ഷൻ നേടിയതായും റിപ്പോർട്ടുകളുണ്ട്

ന്യൂഡൽഹി: രൺബീർ കപൂർ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘രാമായണ’യുടെ ദൃശ്യങ്ങൾ തിയേറ്ററുകളിൽ നിന്ന് അനധികൃതമായി പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് നിർമാതാക്കളുടെ മുന്നറിയിപ്പ്. ചിത്രത്തിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് മുന്നറിയിപ്പ് പുറത്തുവിട്ടത്.
തിയേറ്ററുകളിൽ നിന്ന് സിനിമയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണുകളിലും മറ്റ് ഉപകരണങ്ങളിലും പകർത്തി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് നിർമാതാക്കൾ അറിയിച്ചു. നേരത്തെ പങ്കുവച്ചിട്ടുള്ള അനധികൃത ദൃശ്യങ്ങൾ ഉടൻ നീക്കം ചെയ്യണമെന്നും അറിയിപ്പിൽ വ്യക്തമാക്കി.
2026 നവംബർ 2, 6 തീയതികളിൽ ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് നടപടി. സിനിമയുടെ ഏതെങ്കിലും ഭാഗം അനുമതിയില്ലാതെ റെക്കോർഡ് ചെയ്യുകയോ അപ്‌ലോഡ് ചെയ്യുകയോ പങ്കുവയ്ക്കുകയോ ചെയ്യുന്നത് നിരോധിച്ചിട്ടുണ്ടെന്നാണ് നിയമനോട്ടീസിൽ പറയുന്നത്.
നിയമലംഘനം നടത്തുന്നവർക്കെതിരെ ബന്ധപ്പെട്ട അധികാരികൾക്കും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും പരാതി നൽകും. ക്രിമിനൽ, സിവിൽ നടപടികൾക്കും കോടതി അലക്ഷ്യ നടപടികൾക്കും വിധേയരാകേണ്ടിവരുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
നിതേഷ് തിവാരി സംവിധാനം ചെയ്ത ചിത്രത്തിൽ രൺബീർ കപൂർ ഭഗവാൻ ശ്രീരാമനായും സായ് പല്ലവി സീതയായും യഷ് രാവണനായും വേഷമിടുന്നു. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമാണിത്.നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, ഡിഎൻഇജി,യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവയുടെ സഹകരണത്തോടെയാണ് ചിത്രം നിർമിക്കുന്നത്.
പ്രശസ്ത സംഗീത സംവിധായകരായ ഹാൻസ് സിമ്മറും എ.ആർ റഹ്മാനും ചേർന്നാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സണ്ണി ഡിയോൾ, അനുപം ഖേർ, കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, വിവേക് ഒബ്റോയ്, ആദിനാഥ് കോത്താരെ, അരുൺ ഗോവിൽ, കുനാൽ കപൂർ, ഇന്ദിര കൃഷ്ണൻ, ലാറ ദത്ത തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.ആഗോള ബോക്സ് ഓഫീസിൽ ചിത്രം ഇതിനോടകം 500 കോടി രൂപയിലധികം കളക്ഷൻ നേടിയതായും റിപ്പോർട്ടുകളുണ്ട്.
Adjust Story Font
16

