Quantcast

ആരാണ് കീരവാണി പറഞ്ഞ ആ 'കാര്‍പെന്‍റേഴ്സ്'?

60 കളിലും 70 കളിലും ലോകമെമ്പാടുമുള്ള യുവാക്കളെ ഹരം കൊള്ളിച്ച അമേരിക്കൻ പോപ്പ് ബാൻഡ് രൂപീകരിച്ചത് സഹോദരങ്ങളായ കരേൻ ആന്‍ഡ് റിച്ചാർഡ് കാർപെന്‍റര്‍ എന്നിവർ ചേർന്നാണ്.

MediaOne Logo

Web Desk

  • Updated:

    2023-03-13 09:50:48.0

Published:

13 March 2023 9:03 AM GMT

Who are the carpenters,Keeravani mentioned,oscar award
X

ഓസ്കര്‍ വേദിയില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി എം.എം കീരവാണി പുരസ്കാരം ഏറ്റുവാങ്ങുമ്പോള്‍ ഒരു ചെറു പ്രസംഗം നടത്തിയിരുന്നു. 'കാര്‍പ്പെന്‍റേഴ്സ് കേട്ടാണ് ഞാന്‍ വളര്‍ന്നത്, ഇന്ന് ഓസ്‌കറുമായി ഇവിടെ നില്‍ക്കുന്നു...' .ഓസ്കര്‍ വേദിയില്‍ വെച്ച് കീരവാണി പരാമര്‍ശിച്ച ആ 'കാര്‍പെന്‍റേഴ്സ്' എന്താണെന്ന് ചിലരെങ്കിലും ഗൂഗിളില്‍ തെരഞ്ഞിട്ടുണ്ടാകും

ആരാണ് 'കാര്‍പെന്‍റേഴ്സ്'?

'കാര്‍പെന്‍റേഴ്സ്' എന്നത് അമേരിക്കയില്‍ ഒരുകാലത്ത് വന്‍ തരംഗമുണ്ടാക്കിയ ബാന്‍ഡ് സംഘമാണ്. 60 കളിലും 70 കളിലും ലോകമെമ്പാടുമുള്ള യുവാക്കളെ ഹരം കൊള്ളിച്ച അമേരിക്കൻ പോപ്പ് ബാൻഡ് രൂപീകരിച്ചത് സഹോദരങ്ങളായ കരേൻ, റിച്ചാർഡ് കാർപെന്‍റര്‍ എന്നിവർ ചേർന്നാണ്. ഈ കാർപെന്‍റേഴ്സ് ബാന്‍ഡിന്‍റെ ഗാനങ്ങൾ കേട്ട് വളർന്നതിനെക്കുറിച്ചാണ് ഓസ്കർ വേദിയിൽ കീരവാണി പ്രസംഗത്തില്‍ പറഞ്ഞത്.

ഐ വോണ്ട് ലാസ്റ്റ് എ ഡേ വിതൗട് യു, ഓൺലി യെസ്റ്റർഡേ, ടച്ച് മി വെൻ യു ആർ ഡാൻസിംഗ്, ഇഫ് ഐ ഹാഡ് യു, ലവ് മി ഫോർ വാട്ട് അയാം, ക്ലോസ് ടു യു... ഇങ്ങനെ പോകുന്നു കാർപെന്‍റേസ് ബാൻഡിന്‍റെ ഹിറ്റായ പ്രണയഗാനങ്ങള്‍. അക്കാലത്ത് യുവജനങ്ങള്‍ക്കിടയില്‍ കാര്‍പെന്‍റേഴ്സ് ബാന്‍ഡുണ്ടാക്കിയ ഓളം ചില്ലറയൊന്നുമല്ല. 1983ല്‍ കരേന്‍ അകാലത്തില്‍ മരിക്കുന്നതോടെയാണ് കാർപെന്‍റേസ് ബാൻഡും വിസ്മൃതിയിലേക്ക് പോകുന്നത്.

കാര്‍പെന്‍റേഴ്സ് ബാന്‍ഡിനെക്കുറിച്ച് രവി മേനോന്‍ ഫേസ്ബുക്കില്‍ എഴുതിയതില്‍ നിന്ന്

മരപ്പണിക്കാരല്ല കീരവാണിയുടെ കാർപെന്‍റേഴ്സ്... എന്‍റേയും


കാർപെന്റേഴ്‌സിന്റെ ഗാനങ്ങൾ കേട്ട് വളർന്ന കൗമാരത്തെ കുറിച്ച് ഓസ്കർ വേദിയിൽ കീരവാണി പരാമർശിച്ചു കേട്ടപ്പോൾ പ്രത്യേകിച്ചൊരു സന്തോഷം. എന്റെയും കൗമാര സ്മൃതികളുടെ ഭാഗമാണല്ലോ അവർ.. പ്രത്യേകിച്ച് "യെസ്റ്റർഡേ വൺസ് മോർ......." (കീരവാണിയുടെ കാർപെന്റെഴ്സ് പ്രസ്താവന ചില ഓൺലൈൻ മാധ്യമങ്ങളിലും ചാനലുകളിലും "ആശാരിമാരുടെ" പാട്ടായി വ്യാഖാനിക്കപ്പെട്ട സാഹചര്യത്തിൽ ഈ പഴയ കുറിപ്പിന് പ്രസക്തി ഉണ്ടെന്ന് തോന്നുന്നു..)

https://youtu.be/YTaWayUE5XA

ഇന്നലെകളിലേക്ക് കൈപിടിച്ചു നടത്തിയ പാട്ട്,

പാട്ടിന്റെ കൈപിടിച്ചു നടന്നിട്ടുണ്ട്. പാട്ടുമായി സല്ലപിച്ചിട്ടുണ്ട്. പാട്ടിൽ അലിഞ്ഞൊഴുകിയിട്ടുണ്ട്. പാട്ടുമൊത്ത് ഉറങ്ങിയിട്ടുപോലുമുണ്ട്.

പക്ഷേ പാട്ടിനെ വാരിപ്പുണർന്നതും ഉമ്മവെച്ചതും അന്നാദ്യം..

ഡോറ എന്ന ഗോവൻ യുവതിയാണ് പാടുന്നത്; ബെനോലിമിലെ കൊച്ചു വില്ലയുടെ പൂമുഖത്തെ ചൂരൽക്കസേരയിൽ കുട്ടിയെപ്പോലെ കാൽ പിണച്ചിരുന്ന്. സാക്ഷികളായി ഡോറയുടെ ഭർത്താവ് അൽവിറ്റോയും ഞാനും, ഞങ്ങളുടെ കൈയിലെ വൈൻ ഗ്ലാസുകളും, പിന്നെ മുന്നിലെ വട്ടമേശമേൽ നൃത്തം വെച്ചുകൊണ്ടിരിക്കുന്ന മെഴുകുതിരിനാളവും.

വൈദ്യുതി ഒളിച്ചുകളിച്ച ആ ഡിസംബർ രാത്രിയിലെ ഓരോ നിമിഷവും ഇതാ ഇന്നുമുണ്ട് ഓർമ്മയിൽ. കാറ്റിൽ ഇടക്കിടെ ആടിയുലയുന്ന ജനാലക്കർട്ടനുകളുടെ മൃദുമർമ്മരം വരെ. ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല ഡോറ. മുന്നിലെ മെഴുകുതിരി വെട്ടത്തിനപ്പുറത്തെ ഇരുട്ടിലേക്ക് നോക്കി മന്ദ്രസ്ഥായിയിൽ വികാരവായ്പ്പോടെ പാടിക്കൊണ്ടേയിരുന്നു അവൾ:

``വെൻ ഐ വാസ് യംഗ്, ഐ വുഡ് ലിസൺ ടു ദി റേഡിയോ

വെയ്റ്റിങ് ഫോർ മൈ ഫേവറിറ്റ് സോംഗ്‌സ്

വെൻ ദെ പ്ലെയ്‌ഡ്‌ ഐ വുഡ് സിംഗ് എലോംഗ്

ഇറ്റ് മേഡ് മി സ്‌മൈൽ.....''

യാത്രയിലായിരുന്നു ഡോറ; ബാല്യകൗമാരങ്ങളിലേക്കുള്ള യാത്ര. നഷ്ട സ്മൃതികളിലേക്കും നഷ്ട പ്രണയത്തിലേക്കും നഷ്ടസൗഹൃദങ്ങളിലേക്കുമുള്ള മടക്കയാത്ര. ആ യാത്രയിൽ ഞങ്ങളേയും ഒപ്പം കൂട്ടി അവൾ; അൽവിറ്റോയേയും എന്നേയും. ``ഇറ്റ്സ് യെസ്റ്റർഡേ വൺസ് മോർ'' എന്ന് ഓരോ തവണ ആവർത്തിക്കുമ്പോഴും കണ്ണുകൾ ഇറുക്കിയടച്ചു ഡോറാ; ഏതോ ആത്‌മ നിർവൃതിയിലെന്നോണം.

ആദ്യരാത്രി, ആദ്യപ്രണയം, ആദ്യചുംബനം എന്നൊക്കെ പറയും പോലെ, ആ ആദ്യകേൾവിക്കുമുണ്ടായിരുന്നു പകരം വെക്കാനില്ലാത്ത എന്തൊക്കെയോ സവിശേഷതകൾ. ജീവിതത്തിന്റെ -- എഴുത്തിൻെറയും -- വഴി തിരിച്ചുവിട്ട രാത്രിയായിരുന്നില്ലേ അത്? ഇന്നലെയുടെ മോഹന കവാടങ്ങൾ മുന്നിൽ മലർക്കെ തുറന്നിട്ട രാത്രി.

ഇന്നലെകളെ മറ്റാരും ഇത്ര മനോഹരമായി മാടി വിളിച്ചു കേട്ടിരുന്നില്ല അതുവരെ. ``എല്ലാ നല്ല ഓർമ്മകളും തിരിച്ചുവരികയാണ്; ചിലതൊക്കെ എന്റെ കണ്ണുനനയ്ക്കുന്നു... ഇറ്റ്സ് യെസ്റ്റർഡേ വൺസ് മോർ'' എന്ന് ഡോറ പാടിനിർത്തിയപ്പോൾ പുറത്തുനിന്ന് ഒരു കാറ്റിൻതുണ്ട് പറന്നുവന്ന് മെഴുകുതിരി അണച്ചത് ഓർമ്മയുണ്ട്. നിശ്ശബ്ദതയായിരുന്നു പിന്നെ. ഘനീഭവിച്ച മൗനം.

ഇരുട്ടിലിരുന്ന് അൽവിറ്റോ മന്ത്രിക്കുന്നു: ``ബ്യൂട്ടിഫുൾ, ഡാർലിംഗ്... ഇറ്റ് വാസ് സിംപ്ലി ബ്യൂട്ടിഫുൾ...

അതിഥിയായ എനിക്ക് വേണ്ടി പാടുകയായിരുന്നു ഡോറ; തനിക്കേറ്റവും പ്രിയപ്പെട്ട ``യെസ്റ്റർഡേ വൺസ് മോർ'' എന്ന വിശ്രുത ഗാനം. ക്യാരൻ കാർപെന്ററിന്റെ ഗൃഹാതുരമധുരം തുളുമ്പുന്ന ആ പോപ് ബാലഡ് പാടാൻ നിർദേശിച്ചത് അൽവിറ്റോ തന്നെ. കോഴിക്കോട്ടു നിന്നെത്തിയ ഫുട്ബാൾ റിപ്പോർട്ടറുടെ ഉള്ളിലെ കടുത്ത സംഗീത പ്രേമിയെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നല്ലോ അയാൾ.

കാൽ നൂറ്റാണ്ടു മുൻപത്തെ ആ രാത്രി ആദ്യമായി കേട്ട് കാതിലും മനസ്സിലും പതിഞ്ഞ ഗാനം ഇന്നുമുണ്ട് ഒപ്പം. വെറുമൊരു പാട്ടല്ല എനിക്ക് ``യെസ്റ്റർഡേ വൺസ് മോർ'' ; മറ്റു പലതുമാണ്. എല്ലാ മുറിവുകൾക്കും മേൽ പുരട്ടാനുള്ള മാന്ത്രിക ലേപനം. ജീവിതം ജീവിക്കാൻ കൊള്ളാവുന്നതാണെന്ന് കൂടെക്കൂടെ കാതിലോതുന്ന പ്രണയിനി. മാഞ്ഞുപോയ കാലത്തിന്റെ നന്മകളിലേക്ക് അക്ഷരങ്ങളിലൂടെ സഞ്ചരിക്കാൻ പ്രേരിപ്പിച്ച സ്നേഹദേവത.

ഭാര്യാഭർത്താക്കന്മാരുടെ ആതിഥ്യം സ്വീകരിച്ച ശേഷം യാത്ര പറയുമ്പോൾ, ഇരുവരുടെയും കൈകൾ ചേർത്തുപിടിച്ച് ഞാൻ പറഞ്ഞു: `` ഡോറ പാടിയത് എന്റെ മനസ്സിന്റെ പാട്ടാണ്. ഇവിടെ വരാതിരുന്നെങ്കിൽ, ഈ പാട്ട് കേൾക്കാതിരുന്നെങ്കിൽ വലിയ നഷ്ടമായേനെ.... നന്ദി അൽവിറ്റോ, നന്ദി ഡോറ. ജീവിതത്തിലൊരിക്കലും മറക്കില്ല ഈ രാത്രി.''

ഒരു ഗ്ലാസ് റെഡ് വൈനിന്റെ ലഹരിയിൽ മുങ്ങിനിവർന്ന വാക്കുകളായിരുന്നില്ല അവ. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഒഴുകിവന്നതായിരുന്നു. അത്രയ്ക്കും മനസ്സിനെ സ്പർശിച്ചിരുന്നു ആ ഗാനവും അതിന്റെ വരികളും ഈണവും ആലാപനവും.

യാദൃച്ഛികമായി കടന്നുവന്നതാണ് അൽവിറ്റോ എന്റെ ജീവിതത്തിലേക്ക്. ദേശീയ ലീഗ് ഫുട്ബാൾ നടക്കുന്ന ഫത്തോർദ സ്റ്റേഡിയത്തിലെ (മഡ്ഗാവ്) പ്രസ് ബോക്സിൽ വന്നു സ്വയം പരിചയപ്പെടുത്തുകയായിരുന്നു ആ ഗോവൻ യുവാവ്: ``ഗോമന്തക് ടൈംസ് എന്ന പ്രാദേശിക പത്രത്തിനു വേണ്ടി ഫ്രീലാൻസ് ആയി ജോലി ചെയ്യുന്നു. സ്പോർട്ട്സ് പത്രപ്രവർത്തനത്തോട് ആഭിമുഖ്യമുണ്ട്. പക്ഷേ ജേർണലിസം പഠിച്ചിട്ടില്ല.'' തലേന്ന് ഇന്ത്യൻ എക്സ്പ്രസ്സിൽ ഞാൻ എഴുതിയ വാസ്കോ ഫുട്ബോൾ ക്ലബിനെ കുറിച്ചുള്ള ഫീച്ചറിനെ കുറിച്ച് സംസാരിക്കാനാണ് അൽവിറ്റോ വന്നത്. എഴുത്തിൽ പരാമർശിച്ചിരുന്ന പഴയ കളിക്കാരെ ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ വേണം; അവരെ കുറിച്ചുള്ള കൂടുതൽ പശ്ചാത്തല വിവരങ്ങളും.

നല്ലൊരു സൗഹൃദത്തിന്റെ തുടക്കം.

അൽവിറ്റോ പിന്നെയും വന്നു; പത്രപ്രവർത്തന സങ്കൽപ്പങ്ങൾ പങ്കുവെക്കാൻ, ഇന്ത്യൻ ഫുട്ബോളിനെ കുറിച്ചുള്ള സംശയങ്ങൾ തീർക്കാൻ. പാട്ടിലും തൽപ്പരനാണ്‌ ഞാൻ എന്നറിഞ്ഞപ്പോളായിരുന്നു വീട്ടിലേക്കുള്ള ക്ഷണം. ``എന്റെ ഭാര്യ നല്ലൊരു ഗായികയാണ്. വാരാന്ത്യങ്ങളിൽ ഇവിടെ ഒരു ബാർ ഹോട്ടലിൽ പാടുന്നുണ്ട്. സമയമുള്ളപ്പോൾ വീട്ടിൽ വന്നാൽ അവളുടെ പാട്ട് കേൾക്കാം. കൊങ്കണി, ഹിന്ദി, വെസ്റ്റേൺ പോപ്... എല്ലാ ടൈപ്പ് പാട്ടും പാടും..''

ഡോറയെ ആദ്യമായും അവസാനമായും കണ്ടതും കേട്ടതും അങ്ങനെയാണ്. ഒരു പ്രത്യേക ശബ്ദം; ആശാ ഭോസ്ലെയും ഉഷാ ഉതുപ്പും സമാസമം ചേർന്നതുപോലെ. താരസ്ഥായിയിൽ തെല്ലു പതറുമെങ്കിലും മന്ദ്രസ്ഥായിയിൽ അതീവഹൃദ്യം.

അസാധ്യമായ ഫീലുണ്ട് ആലാപനത്തിൽ. വരികളുടെ അർത്ഥവും ഭാവവും ഉൾക്കൊണ്ടാണ് പാടുക.

``ഇറ്റ് വാസ് സോംഗ്‌സ് ഓഫ് ലവ് ദാറ്റ് ഐ വുഡ് സിംഗ് ടു ദെം

ആൻഡ് ഐ വുഡ് മെമ്മറൈസ് ഈച്ച് വേഡ്

ദോസ് ഓൾഡ് മെലഡീസ് സ്റ്റിൽ സൗണ്ട് സോ ഗുഡ് ടു മി

ആസ് ദേ മെൽറ്റ് ദി ഇയേഴ്സ് എവേ...''

എന്ന് ഡോറ പാടുമ്പോൾ വർഷങ്ങൾ കാൽക്കീഴിൽ നിന്ന് ഉരുകിയൊലിച്ചുപോകുന്നത് പോലെ തോന്നും. ഭൂതകാലക്കുളിരിൽ മുങ്ങി അങ്ങനെ തരിച്ചു നിന്നുപോകും നമ്മൾ.

തിരികെ നാട്ടിൽ വന്ന ശേഷം കാർപ്പെന്റേഴ്‌സിന്റെ ആൽബങ്ങൾ ആർത്തിയോടെ വാങ്ങിക്കൂട്ടിയത് ഓർമ്മയുണ്ട്. എല്ലാം ലളിത പ്രണയഗീതങ്ങൾ: ഐ വോണ്ട് ലാസ്റ്റ് എ ഡേ വിതൗട് യു, ഓൺലി യെസ്റ്റർഡേ, ടച്ച് മി വെൻ യു ആർ ഡാൻസിംഗ്, ഇഫ് ഐ ഹാഡ് യു, ലവ് മി ഫോർ വാട്ട് അയാം, ക്ലോസ് ടു യു....... ബി ബി സിയുടെ ഭാഷയിൽ ``ഈസി ലിസണിംഗ്'' വിഭാഗത്തിൽ പെട്ട പാട്ടുകൾ.

പക്ഷേ ``യെസ്റ്റർഡേ വൺസ് മോർ'' ഒരിക്കലും അനായാസം ആസ്വദിക്കാനുള്ള ഗാനമായിരുന്നില്ല എനിക്ക്. ഇന്നുമല്ല. ഓരോ തവണയും ആ പാട്ട് കേൾക്കുമ്പോൾ നെഞ്ചിൽ ഓർമ്മകൾ അലയടിച്ചുയരുന്നു. കയ്പ്പും മധുരവും വേദനയും ആഹ്ലാദവുമെല്ലാം ഇടകലർന്ന ഓർമ്മകൾ. ഓരോ കേൾവിയും പുതിയ പുതിയ അനുഭൂതികൾ നിറക്കുന്നു മനസ്സിൽ.

ഇന്നലെകളുടെ നല്ല ഓർമ്മകളിൽ അലയാനും അഭിരമിക്കാനും വിധിക്കപ്പെട്ട എന്നെപ്പോലുള്ള സ്വപ്നജീവികൾക്ക് വേണ്ടി പിറന്നതല്ലേ ഈ പാട്ട് എന്ന് തോന്നും. മനസ്സുകൊണ്ട് കാർപ്പെന്റർ സഹോദരങ്ങൾക്ക് നന്ദി പറയും അപ്പോൾ.

അര നൂറ്റാണ്ടു മുൻപ് ജ്യേഷ്ഠൻ റിച്ചാർഡ് കാർപെന്ററും സുഹൃത്ത് ജോൺ ബെറ്റിസും ചേർന്ന് എഴുതിയ ``യെസ്റ്റർഡേ വൺസ് മോർ'' എന്ന ഗാനം പാടുമ്പോൾ ക്യാരൻ കാർപെന്ററിന് 22 വയസ്സ്. പത്തു വർഷം കൂടിയേ ജീവിച്ചിരുന്നുള്ളൂ ആ അമേരിക്കൻ ഗായിക. 1983 ഫെബ്രുവരിയിൽ ഹൃദയാഘാതം ക്യാരന്റെ ജീവൻ കവർന്നു. മുപ്പത്തിരണ്ട് വർഷം നീണ്ട ജീവിതത്തിന് വേദനാജനകമായ അന്ത്യം.

``വെൻ ദെ ഗെറ്റ് ടു ദി പാർട്ട് വേർ ഹി ഈസ് ബ്രേക്കിംഗ് ഹെർ ഹാർട്ട്

ഇറ്റ് ക്യാൻ റിയലി മേക്ക് മി ക്രൈ ജസ്റ്റ് ലൈക്ക് ബിഫോർ

ഇറ്റ്സ് യെസ്റ്റർഡേ വൺസ് മോർ....''

പാടി നിർത്തവേ ഡോറയുടെ കണ്ണുകൾ വികാരാധിക്യത്താൽ വീണ്ടും അടയുന്നു. ചുണ്ടുകൾ വിറകൊള്ളുന്നു. പക്ഷേ ഇത്തവണ മെഴുകുതിരി അണയുന്നില്ല. കാറ്റിൽ നൃത്തം വെച്ചുകൊണ്ടേയിരിക്കുന്നു അത്.

ജീവിതത്തെ മതിമറന്നു സ്നേഹിക്കാൻ ഈ മെഴുതിരിവെട്ടം എനിക്ക് ധാരാളം. ഭാസ്കരൻ മാസ്റ്ററുടെ വരികളാണ് ഓർമ്മയിൽ: ``ആസ്വദിച്ചീടണം ഓരോ വരിയും ആനന്ദസന്ദേശ രസമധുരം, ഇന്നോ നാളെയോ വിളക്കുകെടും, പിന്നെയോ ശൂന്യമാം അന്ധകാരം.....''

ലോകം കീഴടക്കിയ രാഗം, അഥവാ കീരവാണി; ഇന്ത്യയുടെ സംഗീത മാന്ത്രികന്‍

ഓസ്കര്‍ പുരസ്കാര വേദിയില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയിരിക്കുകയാണ് കീരവാണിയെന്ന സംഗീത മാന്ത്രികന്‍. ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ഒരു ദക്ഷിണേന്ത്യന്‍ ചിത്രത്തിലെ ഗാനത്തിന് ഓസ്കര്‍ ലഭിക്കുമ്പോള്‍ ആ ഈണത്തിനു പിന്നിലെ അത്ഭുത സൃഷ്ടാവിനെയാണ് ഏവരും ആദരവോടെ തെരയുന്നത്.

നേരത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം സ്വന്തമാക്കിയ അതേ സംഗീതത്തിലൂടെ ഓസ്കറും ഇന്ത്യയിലെത്തിച്ച ആ ഇതിഹാസത്തെ...ഒരിന്ത്യന്‍ സിനിമയ്ക്ക് 2008-ലാണ് ഇതിനുമുമ്പ് ഓസ്‌കര്‍ ലഭിക്കുന്നത്. സ്ലംഡോഗ് മില്ല്യണെയറിലൂടെ എ.ആര്‍. റഹ്‌മാന്‍, ഗുല്‍സാര്‍, റസൂല്‍ പൂക്കുറ്റി എന്നിവര്‍ക്കായിരുന്നു അന്ന് പുരസ്കാരം.അതിനുശേഷം ഒരു വ്യാഴവട്ടക്കാലം കഴിഞ്ഞാണ് ഇന്ത്യയ്ക്ക് ഓസ്‌കറില്‍ തൊടാന്‍ കഴിയുന്നത്.

14 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യൻ സിനിമയെ ലോകത്തിന്‍റെ നെറുകയിൽ എത്തിച്ചത് കീരവാണി ആരാണ്?

ആ ഈണത്തിന് പിന്നിലെ മാന്ത്രികനെ ഇന്ത്യയിലെ സംഗീതപ്രമികള്‍ക്ക് കൈവെള്ളയിലെന്ന പോലെ സുപരിചിതമാണ്. ഓസ്കര്‍ വേദിയില്‍ ഒരു ജനതയുടെ മുഴുവന്‍ അഭിമാനം ഉയര്‍ത്തിപ്പിടിച്ച് പുരസ്കാരം നേടുമ്പോള്‍ കീരവാണി ഇങ്ങനെ പറയുന്നുണ്ടായിരുന്നു. 'കാര്‍പ്പെന്‍റേഴ്സിനെ കേട്ടാണ് ഞാന്‍ വളര്‍ന്നത്. ഇന്ന് ഓസ്‌കറുമായി ഇവിടെ നില്‍ക്കുന്നു'.

1961 ജൂലൈ നാലിന് ആന്ധ്രാപ്രദേശിലെ കൊവ്വൂരിലാണ് എം.എം കീരവാണിയുടെ ജനനം. കെ ചക്രവർത്തിയാണ് സംഗീതത്തിലെ കീരവാണിയുടെ ആദ്യ ഗുരു. സംഗീതസംവിധായകൻ സി. രാജാമണി, തെലുങ്ക് സംഗീതസംവിധായകൻ കെ. ചക്രവർത്തി എന്നിവരോടൊപ്പം അസിസ്റ്റന്‍റ് സംഗീത സംവിധായകനായാണ് കീരവാണി കരിയര്‍ തുടങ്ങുന്നത്.1990ൽ കൽക്കി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഗം സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്. പക്ഷേ ആ സിനിമ റിലീസ് ചെയ്തില്ല, പാട്ടുകളും അധികം ശ്രദ്ധിക്കപ്പെടാതെ പോയി. തുടർന്ന് സംവിധായകൻ മൗലിയുടെ 'മനസ്സു മമത' എന്ന ചിത്രത്തിനു വേണ്ടി കീരവാണി പാട്ടുകൾ ഒരുക്കി. ഇതാണ് കീരവാണിയുടെ ആദ്യ റിലീസ് സിനിമയായി രേഖകളിലുള്ളത്.

തൊട്ടടുത്ത വർഷം രാം ഗോപാൽ വർമ സംവിധാനം ചെയ്ത ക്ഷണാ ക്ഷമം എന്ന ചിത്രത്തിലൂടെയാണ് കീരവാണിയുടെ പേര് ഇന്ത്യന്‍ സംഗീത ലോകത്ത് അടയാളപ്പെടുത്തുന്നത്. ചിത്രം ബ്ലോക്ബസ്റ്റര്‍ ഹിറ്റാകുകയും സിനിമയിലെ എല്ലാ ഗാനങ്ങളും വലിയ പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്തതോടെ കീരവാണി എന്ന സംഗീതസംവിധായകന്‍റെ കഴിവ് ഇന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രി അംഗീകരിച്ചു.

പിന്നീട് ദക്ഷിണേന്ത്യയിലെ മറ്റു ഇൻഡസ്ട്രികളിൽ നിന്നും കീരവാണിക്ക് നിരവധി ഓഫറുകൾ ലഭിക്കാന്‍ തുടങ്ങി.ഇതോടെ ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് എം.എം കീരവാണി എന്ന പേര് സജീവമായി. വിവിധ ഭാഷകളിലായി ഇതിനോടകം ഒട്ടനവധി ചിത്രങ്ങൾക്ക് കീരവാണി ഈണമിട്ടു കഴിഞ്ഞു. 1997ൽ അണ്ണാമയ്യയിലെ ഗാനങ്ങൾക്കു ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. മഗധീര, ക്രിമിനൽ തുടങ്ങി അഞ്ചു സിനിമകൾക്കു ഫിലിം ഫെയർ അവാർ‍ഡും കീരവാണിയെത്തേടിയെത്തി. അഴകൻ എന്ന സിനിമയ്ക്കു പാട്ടൊരുക്കിയതിനു തമിഴ്നാട് സർക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള അവാർ‍ഡും കീരവാണിക്കു ലഭിച്ചു.

ഐവി ശശി സംവിധാനം ചെയ്ത നീലഗിരി(1991) എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ കീരവാണി ആദ്യ ചുവടുവെയ്ക്കുന്നത്. 1992ല്‍ പുറത്തിറങ്ങിയ വിജി തമ്പിയുടെ സൂര്യമാനസവും ഭരതന്‍ സംവിധാനം ചെയ്ത ദേവരാഗത്തിലെയും ഗാനങ്ങള്‍ മലയാളികള്‍ നെഞ്ചോടു ചേര്‍ത്തു.അങ്ങനെ ഭാഷയ്ക്ക് അധീതമായി കീരവാണിയുടെ സംഗീതം ഇന്ത്യന്‍ ജനത ഏറ്റെടുത്തു. ബാഹുബലി മുതൽ ആർ.ആർ.ആർ വരെ നീളുന്ന പുതിയ തലമുറ സിനിമകളിലൂടെയും പ്രേക്ഷകര്‍ക്ക് അദ്ദേഹം ഹരം പകർന്നു. പ്രതിഭയ്ക്കുള്ള അംഗീകാരമെന്നോണം ഒടുവില്‍ ഒന്നര പതിറ്റാണ്ടിനിപ്പുറം ഇന്ത്യൻ മണ്ണിലേക്ക് ഗോൾഡൻ ഗ്ലോബ് കൊണ്ടുവരാനും കീരവാണി തന്നെ വേണ്ടിവന്നു. ആ യാത്ര ഇന്ന് ഏറ്റവുമൊടുവിൽ ഓസ്കറില്‍ വരെയെത്തിനില്‍ക്കുന്നു.ലോകത്തിന് സമ്മതിക്കേണ്ടിവന്നു, സംഗീതം കൊണ്ട് മനുഷ്യ മനസിനെ കീഴടക്കാന്‍ കഴിയുന്ന മന്ത്രവിദ്യ വഷമുള്ള മാന്ത്രികന്‍ തന്നെയാണ് കീരവാണിയെന്ന്.

TAGS :

Next Story