Quantcast

''ആളുകളെ ചിരിപ്പിക്കുകയാണ് എന്റെ ജോലി, അതിനിയും തുടരും''; വിവാദങ്ങളോട് പ്രതികരിച്ച് വീർ ദാസ്

ഒരേസമയം സസ്യാഹാരികളെന്ന് അഭിമാനിക്കുകയും അവ കൃഷിചെയ്തുണ്ടാക്കുന്ന കർഷകരുടെ മേൽ വാഹനമോടിച്ചുകയറ്റുകയും ചെയ്യുന്നവരുടെയും നാടാണ് ഇന്ത്യയെന്ന് വിവാദ വിഡിയോയിൽ വീർ ദാസ് വിമർശിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    22 Nov 2021 2:17 PM GMT

ആളുകളെ ചിരിപ്പിക്കുകയാണ് എന്റെ ജോലി, അതിനിയും തുടരും; വിവാദങ്ങളോട് പ്രതികരിച്ച് വീർ ദാസ്
X

'രണ്ട് തരം ഇന്ത്യ' വിവാദത്തിൽ നിലപാട് വ്യക്തമാക്കി സ്റ്റാൻഡപ് കൊമേഡിയൻ വീർ ദാസ്. ആളുകളെ ചിരിപ്പിക്കുകയാണ് തന്റെ ജോലിയെന്നും അത് ഇനിയും തുടരുമെന്നും വീർ ദാസ് വ്യക്തമാക്കി. എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം വിവാദത്തെക്കുറിച്ച് വിശദമായി പ്രതികരിച്ചത്.

''ഞാനെന്റെ ജോലിയാണ് ചെയ്യുന്നത്. അത് തുടരുക തന്നെ ചെയ്യും. ആളുകളെ ചിരിപ്പിക്കുക എന്നതാണ് എന്റെ ജോലി. അത് തമാശയായി തോന്നുന്നില്ലെങ്കിൽ നിങ്ങൾക്ക് ചിരിക്കാതിരിക്കാം.'' അഭിമുഖത്തിൽ വീർ ദാസ് പറഞ്ഞു.

കഴിഞ്ഞ 10 വർഷമായി ഞാനെന്റെ രാജ്യത്തെ ചിരിപ്പിക്കുന്നുണ്ട്. എന്റെ ജീവിതം തന്നെ രാജ്യത്തെപ്പറ്റി എഴുതാൻ മാറ്റി വെച്ചിരിക്കുകയാണ്. രാജ്യത്തിനു വേണ്ടി ഒരു പ്രേമലേഖനം എഴുതിയതിനാണ് ഞാനിവിടെ എമ്മിയിൽ തന്നെ എത്തിയത്. കോമഡി ചെയ്യാൻ കഴിയുന്നിടത്തോളം കാലം ഇന്ത്യയ്ക്ക് ഞാനിനിയും പ്രേമലേഖനങ്ങൾ എഴുതിക്കൊണ്ടിരിക്കുമെന്നും വീർ ദാസ് കൂട്ടിച്ചേർത്തു.

അമേരിക്കയിലെ പ്രസിദ്ധമായ കെന്നഡി സെന്ററിൽ നടന്ന പരിപാടിയിലാണ് ഇന്ത്യയിലെ നിലവിലുള്ള രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ വിമർശിച്ച് വീർ ദാസ് സംസാരിച്ചത്. ഒരേസമയം സസ്യാഹാരികളെന്ന് അഭിമാനിക്കുകയും അവ കൃഷിചെയ്തുണ്ടാക്കുന്ന കർഷകരുടെ മേൽ വാഹനമോടിച്ചുകയറ്റുകയും ചെയ്യുന്നവരുടെയും നാടാണ് ഇന്ത്യയെന്നും പകൽസ്ത്രീകളെ ആരാധിക്കുകയും രാത്രിയിൽ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്യുന്ന രാജ്യത്തുനിന്നാണ് വരുന്നതെന്നുമായിരുന്നു വീർ ദാസിന്റെ വിമർശം.

ഇന്ത്യയെ അധിക്ഷേപിക്കുന്നതാണ് പരാമർശമെന്ന് ആരോപിച്ച് സംഘ്പരിവാർ വീർ ദാസിനെതിരെ കടുത്ത വിമർശനവും സൈബർ ആക്രമണവുമാണ് നടത്തിയത്. ബി.ജെ.പി നിയമോപദേഷ്ടാവ്... അശുതോഷ് ദുബൈ ദാസിനെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ, രാജ്യത്ത് നിലനിൽക്കുന്ന വൈരുധ്യങ്ങൾ ഹാസ്യരൂപേണ ചൂണ്ടിക്കാട്ടുകമാത്രമാണ് ചെയ്തതെന്ന് വീർ ദാസ് പ്രതികരിച്ചു. ഇതിനു പിന്നാലെ വീർ ദാസിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ തോതിൽ പ്രതികരണങ്ങൾ വരികയും ചെയ്തു.

കഴിഞ്ഞയാഴ്ചയാണ് വീർ ദാസ് വിവാദ വിഡിയോ യൂടൂബിൽ പോസ്റ്റ് ചെയ്തത്. ഇന്ത്യയിൽ വർധിച്ചുവരുന്ന വർഗീയ പ്രശ്‌നങ്ങൾ, ഇന്ധന വിലവർധന, ദാരിദ്ര്യം, പിഎം കെയർ, പട്ടിണി, സ്ത്രീ സുരക്ഷയില്ലായ്മ, ജാതി-മത പ്രശ്നങ്ങൾ, കോവിഡ് പ്രതിരോധത്തിലെ വീഴ്ച, കർഷകസമരം തുടങ്ങിയവ വീർ ദാസ് ആറ് മിനിറ്റ് ദൈർഘ്യമുള്ള പരിപാടിയിൽ പരാമർശിച്ചിരുന്നു.

'വീർ ദാസ്: ഫോർ ഇന്ത്യ' എന്ന നെറ്റ്ഫ്‌ളിക്‌സ് ഷോ ഇത്തവണത്തെ എമ്മി പുരസ്‌കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്. സ്റ്റാൻഡപ് കൊമേഡിയനായി തുടങ്ങിയ 42കാരൻ ഡൽഹി ബെല്ലി, ബദ്മാഷ് കമ്പനി, ഗോ ഗോവ ഗോൺ തുടങ്ങിയ ചിത്രങ്ങളിൽ വിവിധ വേഷങ്ങളിലുമെത്തിയിട്ടുണ്ട്.

Summary: I have devoted my life to writing about my country. We are here at the Emmys because I wrote a love letter to my country. As long as I am able to do my comedy I want to keep writing love letters to my country, Vir Das responds to 'Two Indias' controversy

TAGS :

Next Story