ലോക്ക്ഡൗൺ ജീവിതം കുടുംബങ്ങളിൽ സൃഷ്ടിക്കുന്ന സംഘർഷങ്ങൾ; ഒരു സൈക്കോളജിസ്റ്റിന്റെ അനുഭവം

ജീവിത സമൃദ്ധിക്കിടയിലും അവരുടെ ദാമ്പ്യ ജീവിതത്തിൽ അല്ലറ ചില്ലറ പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. ചെറിയ ചെറിയ ഈ പ്രശ്‌നങ്ങൾ പക്ഷെ ലോക്ക്ഡൗൺ ദിവസങ്ങളിൽ സ്‌ഫോടനാത്മകമായ പ്രശ്‌നങ്ങളായി മാറി.

MediaOne Logo

  • Updated:

    2020-04-01 08:10:37.0

Published:

1 April 2020 8:10 AM GMT

ലോക്ക്ഡൗൺ ജീവിതം കുടുംബങ്ങളിൽ സൃഷ്ടിക്കുന്ന സംഘർഷങ്ങൾ; ഒരു സൈക്കോളജിസ്റ്റിന്റെ അനുഭവം
X

കോവിഡ് മൂലം കലഹം പലവിധം: 1

ലോക്ക്ഡൗൺ കാരണം നിർത്തിവച്ച കൺസൽട്ടേഷൻ ഓൺലൈനിലൂടെ പുനരാരംഭിച്ച ദിവസം വന്ന ഒരു സ്ത്രീയുടെ ഫോൺകോൾ വീട്ടുതടങ്കൽ ജീവിതത്തിന്റെ സംഘർഷങ്ങളത്രയും നിറഞ്ഞ ഒന്നായിരുന്നു. 34-38 വയസ്സുള്ള ദമ്പതികൾ. ഇരുവരും ഉന്നത വിദ്യാഭ്യാസമുള്ളവർ. ഉന്നത ഉദ്യോഗസ്ഥർ. രണ്ടുമക്കളടങ്ങിയ കുടുംബം. ഉയർന്ന സാമ്പത്തിക നില. രണ്ടുപേരും രണ്ട് വ്യത്യസ്ത ആർഭാട കാറിൽ യാത്ര ചെയ്യുന്നവർ. സാധാരണ ജീവിതത്തിൽ ദിവസം ശരാശരി രണ്ട് മണിക്കൂറാണ് ഇവർ ഒരുമിച്ചുണ്ടാകുക. മറ്റ് സമയം അവരവരുടെ ജോലിയും യാത്രയും ഓഫീസ് കാര്യങ്ങളുമായി കഴിയുന്നവർ.

ജീവിത സമൃദ്ധിക്കിടയിലും അവരുടെ ദാമ്പ്യ ജീവിതത്തിൽ അല്ലറ ചില്ലറ പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. എന്നാൽ സാധാരണ കാരണങ്ങളാൽ കലഹങ്ങളുണ്ടായാലും അപ്പപ്പോൾ അതുമറന്ന് അവർ ജീവിതം മുന്നോട്ടുകൊണ്ടുപോകുകയും ചെയ്തിരുന്നു. ചെറിയ ചെറിയ ഈ പ്രശ്‌നങ്ങൾ പക്ഷെ ലോക്ക്ഡൗൺ ദിവസങ്ങളിൽ സ്‌ഫോടനാത്മകമായ പ്രശ്‌നങ്ങളായി മാറി. അത് ഈ കുടുംബത്തെ കരകയറാനാകാത്ത പ്രതിസന്ധിയിലേക്കാണ് കൊണ്ടുപോകുന്നത്. പ്രണയ നഷ്ടത്തിന്റെ നിരാശയാൽ വിഷാദരോഗം ബാധിച്ച് മനോനില തകർന്ന ഘട്ടത്തിൽ ആ സ്ത്രീക്ക് താങ്ങും തണലുമായി നിന്ന സുഹൃത്താണ് ഇപ്പോഴത്തെ ഭർത്താവ്. കോളജ് കാലത്തെ പ്രണയത്തെ അന്നുതന്നെ ഉപേക്ഷിച്ച് പുതിയ ജീവിതത്തിലേക്ക് കടന്നവരാണ് ഇരുവരും. പഴയ കാമുകൻ ഇവർക്കിടയിലെ ഒരു സ്ഥിരം കലഹകാരണമായിരുന്നെങ്കിലും അതിനൊന്നും ഒരു രാത്രിയിൽകൂടുതൽ ആയുസ്സുണ്ടായിരുന്നില്ല. പ്രശ്‌നങ്ങൾ മറക്കാനും മറികടക്കാനും ജോലി അവർക്ക് വലിയ സഹായമാകുകയും ചെയ്തു. പ്രമേഹ രോഗം ശക്തമായതോടെ ഭർത്താവിന്റെ ലൈംഗിക ജീവിതത്തിൽ സമീപകാലത്ത് ചില പ്രശ്‌നങ്ങളുണ്ടായതുപോലും അവരുടെ കുടുംബ ജീവിതത്തെ ബാധിച്ചില്ല. ഇരുവരും ചേർന്നുതന്നെ അതിന് ചികിത്സ തേടി. ലൈംഗികോത്തേജന മരുന്ന് കഴിക്കുകയും ഇരുവർക്കും പരാതിയില്ലാതെ സസന്തോഷം ജീവിതം മുന്നോട്ടുപോകുകയും ചെയ്തു.

ഇതിനിടെ വന്ന ലോക്ക്ഡൗൺ അവർക്കിടയിൽ വില്ലനായി. ദിവസം ശരാശരി രണ്ട് മണിക്കൂർ മാത്രം ഒന്നിച്ച് ഇരുന്നിരുന്നവർ ഏതാണ്ട് 10 മണിക്കൂർ ആശയവിനിമയം നടത്തേണ്ട അവസ്ഥവന്നു. ജോലി ഇല്ലാതായി. മറ്റ് സൗഹൃദങ്ങളും ബന്ധങ്ങളും പരമിതമായി. ഇരുവരുടെയും വ്യവഹാരലോകം അവരുടെ വീട് മാത്രമായി. അവരുടെ ജീവതവും അവരും മാത്രമായി ഏക സംഭാഷണ വിഷയം. രണ്ട് ദിവസത്തിനകം തന്നെ സംഭാഷണം തർക്കവും വാഗ്വാദവുമായി മാറി. പരസ്പരം കുറവുകൾ കണ്ടെത്തി, ദൂഷ്യങ്ങൾ മാത്രം പറഞ്ഞ് കലഹിച്ച് ഒടുവിൽ കൈയ്യാങ്കളിയിലെത്തി. ഭർത്താവിന്റെ ലൈംഗിക ശേഷി ഭാര്യയുടെ പ്രധാന അധിക്ഷേപവിഷയമായി. പകരം ഭർത്താവ് കണ്ടെത്തിയത് പഴയ കാമുകനുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണം. ലൈംഗിക ശേഷി ചോദ്യം ചെയ്യപ്പെട്ടത് ഭർത്താവിനെ കോപാകുലനാക്കി. ഇതിനിടെ സ്വകാര്യമായി ഉത്തേജകമരുന്ന് വാങ്ങിയിരുന്ന കടയിലേക്ക് എത്താൻ കഴിയാതായി. മരുന്ന് ഇല്ലാതായത് അയാളുടെ മനോനിലയെ ബാധിച്ചു. ആകാംക്ഷക്കും നിരാശക്കുമൊപ്പം അധിക്ഷേപം കൂടിയായപ്പോൾ അയാളുടെ പിടിവിട്ടു. ലോക്ക്ഡൗണിന്റെ നാലാം ദിവസം അയാൾ ഭാര്യയെ ക്രൂരമായി 'ബലാത്സംഗം' ചെയ്തു. ശരീരമാസകലം പരിക്കേറ്റ സ്ത്രീ എഴുന്നേറ്റ് നിൽക്കാനാകാതെ ഒരുദിവസം മുഴുവനും കിടപ്പിലായി. വിവരമറിഞ്ഞെത്തിയ സുഹൃത്തുക്കൾ ഒത്തുതീർപിന് ശ്രമിച്ചെങ്കിലും ഒന്നരപ്പതിറ്റാണ്ട് എത്തിയ ദാമ്പത്യ ജീവിത്തിൽ ഇനി വഴിപിരയൽ അല്ലാതെ പരിഹാരമില്ലെന്ന തീരുമാനത്തിൽ അവരെത്തിക്കഴിഞ്ഞു.

***

വീട്ടുതടങ്കലായി മാറിയ ലോക്ക്‌ഡൌണിലൂടെ കടന്നുപോകുമ്പോൾ മടുപ്പ്, വിരസത, ദേഷ്യം, നിരാശ, വിഷാദം ഇതെല്ലാം സ്വാഭാവികമാണ്. ജീവിതപങ്കാളികൾ തമ്മിൽ കൂടിപ്പോയാൽ തുടർച്ചയായി 4-5 മണിക്കൂർ മാത്രമാണ് സൗഹൃദത്തോടെ സംസാരിക്കാനാകുക എന്നാണ് ഗവേഷകർ പറയുന്നത്. അതിൽ കൂടുതലായാൽ സൗഹൃദ സംഭാഷണത്തിന്റെ സ്വഭാവം മാറുമത്രേ. ഇതുതന്നെയാണ് ഇവിടെയും സംഭവിച്ചത്. ജോലിത്തിരക്കും മറ്റ് ബന്ധങ്ങളും സൗഹൃദങ്ങളും ഒക്കെയുള്ളതിനാൽ ഭാര്യക്കും ഭർത്താവിനും ദേഷ്യപ്പെടാൻ അധികം സമയം കിട്ടിയിരുന്നില്ല. ഈ 'കുറവ്' ലോക്ക്ഡൗൺ പരിഹരിച്ചു. വീട്ടുതടങ്കലിലെന്ന പോലെ ഒന്നിച്ചിരിക്കേണ്ടി വരുന്ന ഒട്ടുമിക്ക കുടുംബങ്ങളിലും സമാനമായ പ്രശ്‌നങ്ങളുണ്ടാകുന്നുണ്ട്. ഏഴുദിവസത്തിനിടെ 15 കുടുംബങ്ങൾക്ക് കൗൺസലിംഗ് കൊടുത്തുകഴിഞ്ഞു.

ബാഡ് ഈസ് സ്‌ട്രോങ്ങർ ദാൻ ഗുഡ് എന്ന ചൊല്ല് അക്ഷരംപ്രതി യാഥാർഥ്യമാകുന്ന സ്ഥലമാണ് ദാമ്പത്യ ജീവിതം. ക്വാറന്റൈനാകട്ടെ മനുഷ്യരുടെ മനോനിലയിൽ മാറ്റം വരുത്തുന്നുമുണ്ട്. ചെറിയ പ്രശ്‌നം പോലും വലിയ പ്രത്യാഘാതമുണ്ടാക്കും. കൂടുതൽ കൂടുതൽ സംഭാഷണം നടക്കുമ്പോൾ വ്യക്തികളുടെ നെഗറ്റിവ് സ്വഭാവങ്ങൾ കൂടുതൽ കൂടുതൽ തെളിഞ്ഞുവരും. ഈ ദിശയിൽ നിന്ന് ചിന്തകളെ തിരിച്ചുവിടുക എന്നതാണ് ഇക്കാര്യത്തിൽ കുടുംബങ്ങൾ ഒന്നാമതായി ചെയ്യേണ്ടത്. പരസ്പരം പങ്കിട്ട ആഹ്ലാദകരമായ ഓർമകൾ പങ്കുവച്ചും അത് മക്കൾക്കും മറ്റും പകർന്നുകൊടുത്തും മനസ്സിനെ എപ്പോഴും പോസിറ്റീവ് ചിന്തകളാൽ നിറക്കണം.

ബാഡ് ഈസ് സ്‌ട്രോങ്ങർ ദാൻ ഗുഡ് എന്ന ചൊല്ല് അക്ഷരംപ്രതി യാഥാർഥ്യമാകുന്ന സ്ഥലമാണ് ദാമ്പത്യ ജീവിതം. ക്വാറന്റൈനാകട്ടെ മനുഷ്യരുടെ മനോനിലയിൽ മാറ്റം വരുത്തുന്നുമുണ്ട്. ചെറിയ പ്രശ്‌നം പോലും വലിയ പ്രത്യാഘാതമുണ്ടാക്കും. കൂടുതൽ കൂടുതൽ സംഭാഷണം നടക്കുമ്പോൾ വ്യക്തികളുടെ നെഗറ്റിവ് സ്വഭാവങ്ങൾ കൂടുതൽ കൂടുതൽ തെളിഞ്ഞുവരും. ഈ ദിശയിൽ നിന്ന് ചിന്തകളെ തിരിച്ചുവിടുക എന്നതാണ് ഇക്കാര്യത്തിൽ കുടുംബങ്ങൾ ഒന്നാമതായി ചെയ്യേണ്ടത്. പരസ്പരം പങ്കിട്ട ആഹ്ലാദകരമായ ഓർമകൾ പങ്കുവച്ചും അത് മക്കൾക്കും മറ്റും പകർന്നുകൊടുത്തും മനസ്സിനെ എപ്പോഴും പോസിറ്റീവ് ചിന്തകളാൽ നിറക്കണം. പഴയ ഫോട്ടോകൾ കാണുകയോ പഴയകാല അനുഭവങ്ങൾ പുനരാവിഷ്‌കരിച്ചോ അത് വീണ്ടെടുക്കാം. രണ്ടുപേരും ചേർന്ന് കെട്ടിപ്പടുത്ത ജീവതമാണ് ഇതുവരെ എത്തിനിൽക്കുന്നത് എന്ന ഓർമ ഇരുവർക്കും വേണം.

വീട്ടുജീവിതത്തിൽ കൈവന്ന അധിക സമയം പരസ്പര ധാരണയോടെ വിനിയോഗിക്കണം. ഭാര്യക്കും ഭർത്താവിനും ജീവിതത്തിൽ സ്വകാര്യ സമയം വേണ്ടതുണ്ടെന്ന് ഇരുവരും മനസ്സിലാക്കണം. അതിൽ പരസ്പരം ഇടപെടാതെ സ്വതന്ത്രമായി വിട്ടുകൊടുക്കണം. ഒന്നിച്ചിരിക്കുക എന്നതിനെ പലതരത്തിൽ പ്രയോഗിക്കാം. അച്ഛനും മകനും മാത്രമായി സംസാരിക്കുക. അമ്മയും മകളും തമ്മിലിരിക്കുക. അച്ഛനും മകളും തമ്മിലും അമ്മയും മകനു തമ്മിലും ആക്കുക. എല്ലാവരും ചേർന്നിരിക്കുക. ഭാര്യയും ഭർത്താവും മാത്രമായി ഇരിക്കുക. മക്കളെ മാത്രമായി വിട്ടുകൊടുക്കുക... ഇങ്ങിനെ പലതരത്തിൽ സമയ വിനിയോഗം ക്രമീകരിക്കാം. വീട്ടിൽ കൂടുതൽ അംഗങ്ങളുണ്ടെങ്കിൽ അതിനനുസരിച്ച് ഇത് ചിട്ടപ്പെടുത്താം. ഇതിന് പുറമെ വായന, ടിവി, പഠനം, കളി, വിനോദം തുടങ്ങിയവക്കും ക്രമീകരണം ഏർപെടുത്താം. അധിക സമയം അപൂർവാസരമാണ്. എന്നാൽ അതിനെ ബുദ്ധിപൂർവം വിനിയോഗിച്ചില്ലെങ്കിൽ അതുമാത്രം മതി ജീവിതം തകിടം മറിയാൻ.

TAGS :

Next Story